പൊട്ടിയ മുട്ടത്തോട് കൊടുത്തത് എട്ടിന്റെ പണി: മുട്ടത്തോടിൽ ‘വിരൽ കുടുങ്ങിയ’ കള്ളൻ അകത്തായി

പൊട്ടിയ മുട്ടത്തോട് കൊടുത്തത് എട്ടിന്റെ പണി: മുട്ടത്തോടിൽ ‘വിരൽ കുടുങ്ങിയ’ കള്ളൻ അകത്തായി

സ്വന്തം ലേഖകൻ
പത്തനംതിട്ട: മോഷണത്തിനിടെ ഹോട്ടലിൽ നിന്നും പൊട്ടിച്ച് കുടിച്ച മൊട്ടയുടെ തോടിൽ പതിഞ്ഞ വിരലടയാളത്തിൽ പിടിച്ചു കയറിയ പൊലീസ് കള്ളനെപൊക്കി അകത്താക്കി. പത്തനംതിട്ട, പാലക്കാട്, തൃശൂർ, ആലപ്പുഴ,കണ്ണൂർ ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന തൃശൂർ സ്വദേശി കെ.കെ ഫക്രുദ്ദീനാണ് പൊലീസിന്റെ പിടിയിലായത്. മാസങ്ങൾക്ക് മുൻപ് മോഷണം നടത്താൻ കയറിയ ഹോട്ടലിൽ നിന്നും മുട്ട പൊട്ടിച്ച് കഴിച്ചിരുന്നു. ഈ മുട്ടയുടെ തോട് ഇവിടെ ഫുക്രു ഉപേക്ഷിച്ചു. ഈ മുട്ടതോടിൽ പരിശോധന നടത്തിയ പൊലീസ് സംഘത്തിന് ഇയാളുടെ വിരലടയാളം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുടുക്കിയത്.
ഒരാഴ്ച മുമ്പ് റാന്നിയിൽ പച്ചക്കറി കടയിൽനിന്ന് 50,000 രൂപ മോഷണം പോയിരുന്നു. രണ്ട് മാസത്തിനിടയിൽ റാന്നിയിലെ ആരാധനാലയങ്ങളിലും മോഷണം നടന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം ഊർജിതമാക്കിയിരുന്നു. ശനിയാഴ്ച പുലർച്ചെ ഷാഡോ പോലീസ് ഇയാളെ സംശയകരമായ സാഹചര്യത്തിൽ പെരുമ്പുഴയിൽ കണ്ടു. തുടർന്നായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലിൽ ഒട്ടേറെ മോഷണങ്ങൾ നടത്തിയതായി ഇയാൾ വെളിപ്പെടുത്തി.
ജൂലായ് 29-ന് മന്ദമരുതി മാർത്തോമ പള്ളിയിലും ജൂൺ 28-ന് ഇടക്കുളം സെന്റ് തോമസ് ക്നാനായ പള്ളിയിലും ഓടിളക്കി അകത്തുകടന്ന് മോഷണം നടത്തിയിരുന്നു. ഓമല്ലൂർ ഉഴുവത്തമ്പലം, ഇലന്തൂർ രാജ് ഹോട്ടൽ എന്നിവിടങ്ങളിലും കവർച്ച നടത്തി.
ഹോട്ടലിലെ മോഷണത്തിനിടയിൽ മുട്ട പൊട്ടിച്ച് കുടിച്ചിരുന്നു. മുട്ടത്തോടിൽനിന്ന് അന്ന് പോലീസിന് ലഭിച്ച വിരലടയാളം ഫക്രുദ്ദീന്റെയാണെന്ന് കണ്ടെത്തി. ജില്ലയിൽ ആനന്ദപ്പള്ളി, ഏനാത്ത്, തട്ട, കോന്നി, വടശ്ശേരിക്കര, കൊടുമൺ, പെരുനാട്, കോഴഞ്ചേരി എന്നിവിടങ്ങളിലും ഇയാൾ മോഷണം നടത്തിയെന്ന് പോലീസ് പറഞ്ഞു.
മോഷ്ടിച്ചുകിട്ടുന്ന പണം മദ്യപിക്കാനും ധൂർത്തടിക്കുന്നതിനുമാണ് ചെലവിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. ഇബ്രാഹിംകുട്ടി, സി.പി.ഒ. മാരായ മണിലാൽ, ജോജി, ഷാഡോ ടീമിലെ രാധാകൃഷ്ണൻ, വിൽസൺ, എൽ.ടി.ലിജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.