ജവാൻ നിർമ്മാണം നിർത്തി: മാനേജർമാർ അടക്കം പ്രതികൾ ഒളിവിൽ; ഇതുവരെ മലയാളികൾ കുടിച്ചത് വെള്ളം ചേർത്ത ജവാൻ
തേർഡ് ഐ ബ്യൂറോ
തിരുവല്ല: മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ജവാനിൽ ഇതുവരെ ചേർത്തിരുന്നത് സ്പിരിറ്റല്ല വെള്ളമെന്നു റിപ്പോർട്ട് പുറത്തു വന്നതോടെ ഞെട്ടി കുടിയന്മാർ.
മാനേജർമാർ അടക്കമുള്ളവർ ഒളിവിൽ പോയതോടെ വൻ തട്ടിപ്പാണ് ഇപ്പോൾ പുറത്തു വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യ നിർമ്മാണത്തിനെത്തിച്ച സ്പിരിറ്റ് മറിച്ചുവിറ്റ കേസിലെ പ്രതികളായ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ ഉന്നത ഉദ്യോഗസ്ഥർ ഒളിവിൽ. ജനറൽ മാനേജർ അലക്സ് പി.ഏബ്രഹാം, പേഴ്സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവർക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്.
പുളിക്കീഴ് സി.ഐ ബിജു വി.നായരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഇവിടെ എത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.
സംഭവത്തിൽ അറസ്റ്റിലായ വെയർഹൗസ് ജീവനക്കാരൻ അരുൺകുമാർ, ലോറി ഡ്രൈവർമാരായ നന്ദകുമാർ, സിജോ തോമസ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മാനേജർമാർക്കെതിരെ കേസെടുത്തത്.
ഇവർ മുൻകൂർ ജാമ്യം നേടാനുള്ള നീക്കം ആരംഭിച്ചതായി സൂചനയുണ്ട്. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർ പ്രതികളായതിനെ തുടർന്ന് ഫാക്ടറിയിൽ ജവാൻ റമ്മിന്റെ ഉത്പാദനം നിറുത്തിവച്ചു
ജവാൻ മദ്യം നിർമ്മിക്കാൻ കൊണ്ടുവന്ന 1.15ലക്ഷം ലിറ്റർ സ്പിരിറ്റിൽ നിന്ന് 20,386 ലിറ്റർ മറിച്ചുവിറ്റത് മദ്ധ്യപ്രദേശിലെ സെന്തുവയിൽവച്ചായിരുന്നു. ഇതിന് സഹായിച്ച മദ്ധ്യപ്രദേശ് ബൈത്തൂർ സ്വദേശി അബുവിനെതിരെയും കേസെടുത്തിട്ടുണ്ട്.
ആറ് മാസം കൊണ്ട് 36 ലക്ഷം ലിറ്റർ സ്പിരിറ്റ് എത്തിക്കാൻ എറണാകുളത്തെ കേറ്റ് എൻജിനിയറിംഗിനായിരുന്നു കരാർ.
നാല് തവണയായി രണ്ട് ടാങ്കർ ലോറികളിലെ എട്ട് ലോഡ് സ്പിരിറ്റിൽ നിന്ന് മറിച്ചുവിൽപ്പന നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി ലഭിച്ച 25 ലക്ഷം രൂപ അരുൺകുമാറിന് നൽകിയതായി ഡ്രൈവർമാരായ നന്ദകുമാറും സിജോ തോമസും പൊലീസിനോട് പറഞ്ഞു.
അതേസമയം സ്പിരിറ്റിന്റെ അളവിൽ കുറവുണ്ടായെന്ന് പറഞ്ഞ അരുൺകുമാർ പണമിടപാട് സംബന്ധിച്ച കാര്യങ്ങൾ സമ്മതിച്ചിട്ടില്ല.
സ്പിരിറ്റ് കൊണ്ടുവന്ന ടാങ്കറിന് ആറ് അറകളുണ്ട്. ഇലക്ട്രോണിക് ലോക്കിംഗ് സംവിധാനത്തിലൂടെ അറകളെ ബന്ധിപ്പിച്ചിരുന്നു. ജി.പി.എസും ഇതുമായി ബന്ധിപ്പിച്ചിരുന്നു. ഡിസ്റ്റിലറിയിൽ നിന്ന് സ്പിരിറ്റ് ടാങ്കറിൽ നിറയ്ക്കുമ്‌ബോഴും മദ്യ കമ്ബനിയിൽ സ്പിരിറ്റ് ഇറക്കുമ്‌ബോഴും മാത്രമാണ് ഇവ തുറക്കുന്നത്.
എന്നാൽ ടാങ്കർ ഡ്രൈവർമാർ ഇലക്ട്രോണിക് ലോക്ക് സംവിധാനത്തിന്റെ മുകളിലെ ഇരുമ്പ് പൈപ്പ് അരമീറ്റർ മുറിച്ചുമാറ്റിയശേഷം മറ്റു പൈപ്പുകളും ഊരിമാറ്റിയാണ് ലോക്ക് തുറന്നിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
തിരുവനന്തപുരത്ത് നിന്നെത്തിയ ഫോറൻസിക് സംഘവും എക്‌സൈസ്, പൊലീസ്, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയിലാണ് സ്പിരിറ്റ് ചോർത്തിയത് എങ്ങനെയെന്ന് കണ്ടെത്തിയത്.