കേരളത്തിലെ ജനസംഖ്യ 2036ൽ 3.69 കോടിയിലെത്തും ; കുട്ടികളുടെയും യുവാക്കളുടെയും എണ്ണം കുറയും, പ്രായമായവരുടെ എണ്ണം വർദ്ധിക്കുമെന്നും റിപ്പോർട്ട്

കേരളത്തിലെ ജനസംഖ്യ 2036ൽ 3.69 കോടിയിലെത്തും ; കുട്ടികളുടെയും യുവാക്കളുടെയും എണ്ണം കുറയും, പ്രായമായവരുടെ എണ്ണം വർദ്ധിക്കുമെന്നും റിപ്പോർട്ട്

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ ജനസംഖ്യ 2036ൽ 3.69 കോടിയിലെത്തും. കുട്ടികളുടെയും യുവാക്കളുടെയും എണ്ണം കുറയുമെന്നും പ്രായമായവരുടെ എണ്ണം വർദ്ധിക്കുമെന്നും കേന്ദ്ര ജനസംഖ്യാ കമ്മീഷൻ റിപ്പോർട്ട്. 2036ലെ സാധ്യതാ ജനസംഖ്യ 3.69 കോടി. പുരുഷന്മാരുടെ എണ്ണം 1.77 കോടിയും സ്ത്രീകൾ 1.91 കോടിയുമായിരിക്കും. സ്ത്രീ, പുരുഷ അനുപാതം 1079. ജന സാന്ദ്രത 951. ജനന നിരക്ക് 11.7. മരണ നിരക്ക് 9.7.

പുരുഷന്മാരുടെ ശരാശരി ആയുസ് നിലവിലെ 72.99 വയസ് എന്നത് 74.49 ആകും. സ്ത്രീകളുടെ ആയുർ ദൈർഘ്യം 80.15 ആയി കൂടും. നിലവിൽ ഇത് 78.65 ആണെന്നും റിപ്പോർട്ടിലുണ്ട്. കേരളത്തിലെ ജനസംഖ്യാ വർധനയുടെ തോത് നിലവിലെ 5.2 ൽ നിന്ന് 1.4 ആയി കുറയും. എന്നാൽ, ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 951 ആയി ഉയരും. ജനന നിരക്ക് കുറയുകയും ആയുസ് വർധിക്കുകയും ചെയ്യുന്നതിനാൽ മലയാളികളുടെ ശരാശരി പ്രായം നിലവിലെ 33.51 ൽ നിന്ന് 39.5 ആകും. 14 വയസിനു താഴെയുള്ളവരുടെ എണ്ണം നിലവിലെ 75 ലക്ഷത്തിൽ നിന്ന് 65 ലക്ഷമാകും. ആകെ ജനസംഖ്യയുടെ 21.8% ആണ് ഇപ്പോൾ കുട്ടികളുടെ എണ്ണം. ഇത്17.7% ആകും. 15 59 പ്രായ പരിധിയിലുള്ളവരുടെ എണ്ണം 22.39 ലക്ഷത്തിൽ നിന്ന് 21.97 ലക്ഷമായി കുറയും. അതേസമയം, 60 ന് മുകളിൽ പ്രായമായവരുടെ എണ്ണം 50 ലക്ഷത്തിൽ നിന്ന് 84 ലക്ഷമാകും.
പ്രായമായവരുടെ എണ്ണം ഇപ്പോൾ ജനസംഖ്യയുടെ 14.5% എന്നതിൽ നിന്ന് 22.8% ആകും. അതായത് കേരളത്തിലെ അഞ്ചിലൊരാൾ 60 വയസിനു മുകളിലുള്ളയാളായിരിക്കും. കുട്ടികളും വയോധികരും ഉൾപ്പെടുന്ന ആശ്രിത വിഭാഗത്തിന്റെ തോത് നിലവിൽ 569 ആണെങ്കിൽ 16 വർഷത്തിനകം 681 ആയി വർധിക്കും. ശിശു മരണ നിരക്കിൽ കേരളം ഇന്ത്യയിലെ ഒന്നാം സ്ഥാനം നിലനിർത്തുകയും മെച്ചപ്പെടുത്തുകയും (11 ൽ നിന്ന് 9 ൽ എത്തും) ചെയ്യുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

2016ലെ കണക്കനുസരിച്ച് 3.45 കോടിയായിരുന്നു കേരളത്തിലെ ജനസംഖ്യ. പുരുഷന്മാർ 1.65 കോടിയും സ്ത്രീകൾ 1.79 കോടിയുമാണ്. സ്ത്രീ, പുരുഷ അനുപാതം 1084. ജന സാന്ദ്രത 890. ജനന നിരക്ക് 13.4. മരണ നിരക്ക് 7.7

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FVivwpjD8cCKj3malAEGyS