പൊലീസിനെ വകവയ്ക്കാതെ പിടികിട്ടാപ്പുള്ളി ; പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പ്രതി രക്ഷപ്പെട്ടു : രക്ഷപെട്ടത് ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പ്രതി
സ്വന്തം ലേഖകൻ
ഗുരുവായൂര്‍: കേരള പോലീസിനെ വകവെയ്ക്കാതെ കവർച്ച ഉൾപ്പടെയുള്ള കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി. പിടികൂടാനെത്തിയ പൊലീസുകാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് പിടികിട്ടാപ്പുള്ളി ഓടി രക്ഷപ്പെട്ടു.
പാലയൂര്‍ കറുപ്പം വീട്ടില്‍ ഫവാദാണ് (33) പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ അറസ്റ്റിലായ ഒരാളില്‍ നിന്ന് ഫവാദ് പേരകത്തെ ഭാര്യവീട്ടില്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഗുരുവായൂര്‍ സ്റ്റേഷനില്‍നിന്ന് സി.പി.ഒമാരായ രതീഷ്, ശശിധരന് എന്നിവര്‍ ഇയാളെ പിടികൂടാൻ എത്തിയത്.
എന്നാൽ പോലീസിനെ കണ്ട് വീടിന്റെ പിൻ വശത്തെ വാതിലിലൂടെ ഇറങ്ങിയോടാന്‍ ശ്രമിച്ച ഫവാദിനെ രതീഷ് തടയാന്‍ ശ്രമിച്ചപ്പോൾ പോക്കറ്റില്‍നിന്ന് കുരുമുളക് സ്പ്രേ എടുത്ത് കണ്ണില്‍ അടിക്കുകയായിരുന്നു.
തുടർന്ന് രതീഷ് ആശുപത്രിയില്‍ ചികിത്സ തേടി.ഒരു വര്‍ഷം മുൻപ് പാലയൂരില്‍ യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് സ്കൂട്ടര്‍ തട്ടിയെടുത്തതുള്‍പ്പെടെ ഗുരുവായൂര്‍, വാടാനപ്പള്ളി, ചാവക്കാട്, കോഴിക്കോട്, വടക്കാഞ്ചേരി, കുന്നംകുളം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.