play-sharp-fill
മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക പ്രവർത്തനങ്ങളുടെ ആസ്ഥാനമായി മാറി: എൻകെ പ്രേമചന്ദ്രൻ എംപി

മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക പ്രവർത്തനങ്ങളുടെ ആസ്ഥാനമായി മാറി: എൻകെ പ്രേമചന്ദ്രൻ എംപി

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി കോടതിക്ക് നല്കിയ രഹസ്യമൊഴിയിലൂടെ കേരള മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ടതിന്റെ വ്യാപ്തി കേരള ജനതക്ക് മനസിലായെന്ന് എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.

കേരളത്തിൽ സിപിഎം – ബിജെപി അന്തർധാരയ്ക്ക് സ്വർണ്ണക്കള്ളക്കടത്ത് കേസ് നിമിത്തമായി. കേസിന്റെ ആദ്യഘട്ടത്തിൽ വളരെ സജീവമായിരുന്ന അന്വേഷണ ഉദ്യോഗസ്ഥരും, കേന്ദ്ര ഏജൻസികളും സിപിഎം – ബിജെപി കൂട്ടുകെട്ടിന്റെ ഫലമായി അന്വേഷണങ്ങൾക്ക് താല്കാലികമായി മൊറട്ടോറിയം പ്രഖ്യാപിച്ചുവെന്നും എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വികസന രംഗത്ത് വിസ്മയകരമായ നേട്ടങ്ങൾ കൈവരിച്ച എംഎൽഎ യാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ കോട്ടയത്ത് നടന്ന വികസനങ്ങൾ ലോകോത്തര രംഗത്ത് തന്നെ ചർച്ചയായി. സ്വാതന്ത്ര്യാനന്തര കോട്ടയത്തിനുണ്ടായ വികസന നേട്ടങ്ങൾ കേരളത്തിലെ മറ്റ് അസംബ്ലി മണ്ഡലങ്ങൾക്ക് മാതൃകയാണെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം പ്രവർത്തക കൺവൻഷൻ കെപിഎസ് മേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാ കേരളത്തിലെ സ്വാതന്ത്ര്യത്തിന് പൂട്ടിട്ട സർക്കാരാണ് കേരളം ഭരിച്ച് കൊണ്ടിരിക്കുന്നതെന്നും, തങ്ങളുടെ ചൊല്പ്ടിയിൽ നില്ക്കുന്നവർക്ക് മാത്രമേ അംഗീകാരങ്ങളിലേക്ക് ഉയരുകയുള്ളൂവെന്ന് പ്രശസ്ത നടനും, ദേശീയ അവാർഡ് ജേതാവുമായ സലീംകുമാർ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ കുര്യൻ ജോയി അദ്ധ്യക്ഷത വഹിച്ചു. എംഎൽഎ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ്, മോൻസ് ജോസഫ്, മാണി സി കാപ്പൻ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആലപ്പി അഷറഫ്, പി.പി.മുഹമ്മദ് കുട്ടി, ലതികാ സുഭാഷ്, പി.ആർ.സോന, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, നാട്ടകം സുരേഷ്, തോമസ് കല്ലാടൻ, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, പ്രിൻസ് ലൂക്കോസ്, കെവി ഭാസി, റ്റിസി അരുൺ,

കൊച്ചുമോൻ പറങ്ങോട്ട്, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ സിബി ജോൺ, മോഹൻ.കെ.നായർ, എം.പി. സന്തോഷ് കുമാർ, ജോണി ജോസഫ്, സിബി ചേനപ്പാടി, സണ്ണി കാഞ്ഞിരം, പഞ്ചായത്ത് പ്രസിഡന്റുമാരായ വിറ്റി സോമൻകുട്ടി, ആനി മാമൻ, എസ്.രാജീവ്, റ്റിസി റോയി, നന്തിയോട് ബഷീർ, ബോബൻ തോപ്പിൽ, എൻഎസ്ഹരിശ്ചന്ദ്രൻ , യൂജിൻ തോമസ്സ് തുടങ്ങിയവർ പ്രസംഗിച്ചു.