പിടിവിട്ട് വൈദ്യുതി ഉപയോഗം ; സിനിമാ താരങ്ങളെ ഒഴിവാക്കി കെ.എസ്.ഇ.ബി: താരങ്ങൾ വന്നാലും ചിലവ് സാധാരണക്കാരന്

പിടിവിട്ട് വൈദ്യുതി ഉപയോഗം ; സിനിമാ താരങ്ങളെ ഒഴിവാക്കി കെ.എസ്.ഇ.ബി: താരങ്ങൾ വന്നാലും ചിലവ് സാധാരണക്കാരന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം വൈദ്യുതി ഉപയോഗം 24 മണിക്കൂറിൽ 80.2099 ദശലക്ഷം യൂണിറ്റ് പിന്നിട്ടു. വേനൽ ഇത്തവണ രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ വൈദ്യുതി ഉപയോഗം അധികം വൈകാതെ നിലവിലെ റെക്കോഡ് മറികടക്കുമെന്ന സൂചനയാണ് കെ.എസ്.ഇ.ബി നൽകുന്നത്.

 

സംസ്ഥാനത്ത് ചൂട് 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നത് നിലവിൽ വൈദ്യുതോപഭോഗം ഇരട്ടിയാക്കിയിട്ടുണ്ട്. 2019 മേയ് 23ലെ 88.3386 ദശലക്ഷം യൂണിറ്റാണ് നിലവിലെ ഉയർന്ന വൈദ്യുതോപഭോഗം. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളും മറ്റ് സ്‌കൂൾ പരീക്ഷകളും അടുത്തതിനാൽ വൈദ്യുതി ഉപയോഗം ഇനിയും ഉയരുമെന്ന കാര്യത്തിൽ തർക്കമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിലവിൽ സംസ്ഥാനത്തെ ഡാമുകളിലാകെ 61 ശതമാനം വെള്ളമാണുള്ളത്. 2509.514 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലം ഡാമുകളിലുണ്ട്. ഇടുക്കിയിൽ 62, പമ്പ 54, ഷോലയാർ 73, ഇടമലയാർ 52, കുണ്ടള 98, മാട്ടുപ്പെട്ടി 67, കുറ്റ്യാടി 84, ആനയിറങ്കൽ 97,പൊന്മുടി 84, നേര്യമംഗലം 55, ലോവർ പെരിയാർ 65 എന്നിങ്ങനെയാണ് ജലാശയങ്ങളിലെ ജലനിരപ്പ്. വേനൽ കടുത്തതോടെ ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് നിലച്ചത് അല്പം ആശങ്കയോടെയാണ് അധികൃതർ കാണുന്നത്.അടുത്തൊന്നും കനത്ത മഴ പെയ്യാനുള്ള സാദ്ധ്യതയില്ലാത്തതും കെ.എസ്.ഇ.ബിയുടെ ആശങ്ക കൂട്ടുന്നത്.

 

ഉപഭോഗം കൂടുതലുള്ള സമയങ്ങളിൽ പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നുണ്ടെങ്കിലും ഉപഭോഗം വലിയ തോതിൽ വർദ്ധിക്കുന്നത് കെ.എസ്.ഇ.ബിക്ക് തെല്ല് പ്രതിസന്ധി സൃഷ്ടിച്ചേക്കും. വേനൽ കടുത്താൽ വൈദ്യുതി നിയന്ത്രണമല്ലാതെ കെ.എസ്.ഇ.ബിക്ക് മുന്നിൽ മറ്റ് വഴികളൊന്നുമില്ല. എന്നാൽ നിലവിലെ സാഹചര്യമനുസരിച്ച് വേനൽക്കാലത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്നാണ് കെ.എസ്.ഇ.ബി വൃത്തങ്ങൾ നൽകുന്ന സൂചന. തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ലോഡ് ഷെഡിംഗിന് സർക്കാർ അനുമതി നൽകില്ലെന്ന് മറ്റാരെക്കാളും നന്നായി കെ.എസ്.ഇ.ബിക്ക് തന്നെയറിയാം. കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി മുടക്കമില്ലാതെ ലഭിച്ചാൽ ഒരു പരിധി വരെ പ്രതിസന്ധി അതിജീവിക്കാമെന്ന് ബോർഡ് കരുതുന്നു.

 

എന്നാൽ ചില പദ്ധതികളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ചിലയിടങ്ങളിൽ വൈദ്യുതി തടസം നേരിട്ടേക്കാമെന്നും ബോർഡ് അധികൃതരുടെ വിശദീകരണം. വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള പരസ്യപ്രചാരണം വേണ്ടെന്ന് തന്നെയാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. സിനിമാ താരങ്ങളെ ഉപയോഗിച്ചുള്ള പരസ്യങ്ങൾക്ക് പകരം വൈദ്യുതി ദുരുപയോഗം പാടില്ലെന്നുമാത്രം ഉപദേശിച്ചാൽ മതിയെന്നാണ് ബോർഡ് അധികൃതർ ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. കാലവർഷം എത്തും വരെ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ നിലവിലെ പ്രതീക്ഷ.