പെട്ടത് ആക്രിക്കട ഉടമ…! ആരെങ്കിലും പണം നൽകി പോസ്റ്ററുകൾ തിരിച്ചെടുക്കണേ ; വീണാ എസ്.നായരുടെ 51 കിലോ പോസ്റ്ററുകൾ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിഞ്ഞ് മണികണ്ഠൻ

പെട്ടത് ആക്രിക്കട ഉടമ…! ആരെങ്കിലും പണം നൽകി പോസ്റ്ററുകൾ തിരിച്ചെടുക്കണേ ; വീണാ എസ്.നായരുടെ 51 കിലോ പോസ്റ്ററുകൾ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിഞ്ഞ് മണികണ്ഠൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീണാ എസ്.നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകൾ ആക്രിക്കടയിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ പെട്ടിരിക്കുന്നത് ആക്രിക്കട ഉടമയാണ്.

നന്തൻകോട് വൈ.എം.ആർ ജംഗ്ഷനിലുളള ആക്രിക്കടയുടെ സിംഹഭാഗവും അപഹരിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി നിൽക്കുകയാണ് കടയുടെ ഉടമ തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ മണികണ്ഠൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് കുറവൻകോണം മുൻ മണ്ഡലം പ്രസിഡന്റ് വി ബാലുവിന്റെ കൈയിൽ നിന്നാണ് 500 രൂപ നൽകി മണികണ്ഠൻ പോസ്റ്ററുകൾ വാങ്ങിയത്. വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അച്ചടിച്ചതായിരുന്നു ഈ പോസ്റ്ററുകൾ.

എന്നാൽ പോസ്റ്റർ ആക്രിക്കടയിൽ നിന്നും കണ്ടെത്തിയ സംഭവം വൻവിവാദമായി മാറിയപ്പോൾ 51 കിലോ വരുന്ന പോസ്റ്ററുകൾ 500 രൂപയ്ക്ക് വാങ്ങിയ മണികണ്ഠന് പോസ്റ്ററുകൾ മറിച്ചു വിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. കടയിൽ നിന്നും കണ്ടെത്തിയ പോസ്റ്ററുകളിൽ ഒന്നുപോലും തത്ക്കാലം ആർക്കും വിൽക്കരുതെന്നാണ് പൊലീസിന്റെ നിർദ്ദേശം.

പോസ്റ്റർ ആക്രിക്കടയിൽ മറിച്ചുവിറ്റ പരാതിയിൽ അന്വേഷണം നടക്കുന്നതിനാലാണ് ഈ നിർദേശം നൽകിയിരിക്കുന്നതെന്നാണ് പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിശദീകരണം.

എന്നാൽ പണം നൽകി പോസ്റ്ററുകൾ കോൺഗ്രസുകാർ തന്നെ ഇവ തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിലാണ് മ്രണികണ്ഠനും. നാല് കെട്ട് പോസ്റ്ററുകളുമായി വ്യാഴാഴ്ച രാവിലെ പത്തിനാണ് ബാലു കടയിലെത്തിയത്. പൊട്ടിക്കാത്ത നിലയിലായിരുന്നു ആ കെട്ടുകളെല്ലാം ഉണ്ടായിരുന്നത്.

ആകെ 51 കിലോ തൂക്കമായിരുന്നു ഉണ്ടായിരുന്നത്. കിലോയ്ക്ക് 10 രൂപ വച്ച് 500 രൂപയും അപ്പോൾ തന്നെ ബാലുവിന് മണികണ്ഠൻ നൽകുകയും ചെയ്തു.

പണം മടക്കി നൽകിയാൽ മുഴുവൻ പോസ്റ്ററുകളും തിരിച്ചു നൽകാമെന്നാണ് ഇപ്പോൾ മണികണ്ഠൻ പറയുന്നത്.ഒരെണ്ണത്തിന് 10 രൂപ ചെലവിൽ അച്ചടിച്ച മൾട്ടി കളർ പോസ്റ്ററാണ്.

ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ പോസ്റ്ററുകളാണ് ആക്രിക്കടയിൽ വിറ്റതെന്ന് കണ്ടെത്തിയതായും കോൺഗ്രസ് നേതാക്കൾ പറയുന്നു. പേരൂർക്കടയിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽനിന്ന് 14 കെട്ട് പോസ്റ്ററുകളാണ് കുറവൻകോണം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിലേക്ക് വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അലങ്കരിക്കാനായി അനുവദിച്ചിരുന്നത്.

ഇതിൽ ആറ് കെട്ടുകൾ നന്തൻകോട് വാർഡ് കമ്മിറ്റിക്ക് തിങ്കളാഴ്ച രാത്രി 8 മണിയോടെ കൈമാറുകയും ചെയ്തു. ഇതിൽ രണ്ട് കെട്ട് ദേവസ്വം ബോർഡ് ജംഗ്ഷൻ ഭാഗത്തേക്കും ബാക്കിയുളള നാല് കെട്ട് വി ബാലുവിനും നൽകി. പോളിംഗ് ബൂത്തിലേക്കുളള വഴിയിൽ, അന്നേ ദിവസം രാത്രിതന്നെ പോസ്റ്റർ അലങ്കരിക്കാനാണ് ബാലുവിന് നിർദ്ദേശം നൽകിയിരുന്നത്.

അലങ്കരിച്ചതിന് ശേഷം ബാക്കി വന്ന പോസ്റ്ററുകളാകട്ടെ കെട്ടുകളാക്കി കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി ഓഫിസിൽ സൂക്ഷിച്ചു. ഇതാണ് ഇയാൾ വീട്ടിലേക്ക് കൊണ്ടു പോയ ശേഷം ആക്രിക്കടയിൽ വിറ്റുവെന്നാണ് ഡി സി സി നേതാക്കൾ പറയുന്നത്.