മരിച്ചയാളുടെ അരലക്ഷം രൂപ വില വരുന്ന നായയെച്ചൊല്ലി തർക്കം: ഹാച്ചിയുടെ ഉടമസ്ഥാവകാശം കമ്മിഷണർ ഓഫിസിൽ കയറി; തർക്കം തീർത്തത് പൊലീസ് ഇങ്ങനെ

മരിച്ചയാളുടെ അരലക്ഷം രൂപ വില വരുന്ന നായയെച്ചൊല്ലി തർക്കം: ഹാച്ചിയുടെ ഉടമസ്ഥാവകാശം കമ്മിഷണർ ഓഫിസിൽ കയറി; തർക്കം തീർത്തത് പൊലീസ് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: ഒരു നായ്ക്കുട്ടിയുടെ ഉടമസ്ഥാവകാശം കമ്മിഷണർ ഓഫിസിൽ എത്തിയ കഥയാണ് തലസ്ഥാനത്തു നിന്നും പുറത്തു വരുന്നത്. അരലക്ഷം രൂപ വില വരുന്ന നായ്ക്കുട്ടിയുടെ തർക്കം സംബന്ധിച്ചുള്ളതാണ് കോടതിയിൽ പുറത്തു വരുന്ന ഏറ്റവും പുതിയ വാർത്ത.

അരലക്ഷം രൂപയിലേറെ വിലയുള്ള സൈബീരിയൻ ഹസ്‌കി ഇനത്തിലെ വളർത്തുനായ ഹാച്ചിയുടെ ഉടമസ്ഥാവകാശ തർക്കം ഒടുവിൽ കമ്മിഷണർ ഓഫിസിൽ എത്തുകയായിരുന്നു. ആത്മഹത്യ ചെയ്ത സുനിലിന്റെ കുടുംബത്തിന് ഹാച്ചിയെ കൈമാറി. കഴിഞ്ഞ മാസം പാങ്ങപ്പാറയിൽ ആത്മഹത്യ ചെയ്ത സുനിലിന്റെ വീട്ടിലുണ്ടായിരുന്ന സൈബീരിയൻ ഹസ്‌കി ഇനത്തിലുള്ള നായയുടെ സംരക്ഷണം തനിക്ക് നൽകണമെന്ന് മൃഗസ്‌നേഹിയായ പാർവ്വതി മോഹൻ ആവശ്യപ്പെട്ടതനുസരിച്ച് പൊലീസ് താത്കാലിക സംരക്ഷണത്തിനായി അവർക്ക് നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സുനിലിന്റെ ബന്ധുക്കൾ പാർവ്വതിയെ ബന്ധപ്പെട്ടപ്പോൾ സുനിലിനൊപ്പം ആത്മഹത്യ ചെയ്ത യുവതിയുടെ ബന്ധുക്കൾക്ക് രണ്ടു നായ്ക്കളെയും കൈമാറിയതായി അറിയിച്ചു.

ബന്ധുക്കളുടെ ആവശ്യപ്രകാരം നായ്ക്കുട്ടിയെ തിരികെയെത്തിച്ചുവെങ്കിലും മരണപ്പെട്ടയാളിന്റെ ബന്ധുക്കൾക്ക് നായ്ക്കുട്ടിയെ നൽകാൻ പാർവ്വതി തയ്യാറായില്ല. യഥാർത്ഥ അവകാശിക്ക് മാത്രമേ നായയെ കൈമാറുയെന്ന് പാർവ്വതി വാശി പിടിച്ചു. നായ്ക്കുട്ടിയെ ശ്രീകാര്യം പൊലീസിൽ എത്തിക്കാൻ പറഞ്ഞതോടെ പാർവതി പരാതിയുമായി കമ്മിഷണർ ഓഫിസിൽ എത്തി. എന്നാൽ വിഷയം ബന്ധപ്പെട്ട സ്റ്റേഷനിൽ തന്നെ തീർപ്പാക്കാൻ കമ്മിഷണർ നിർദ്ദേശിച്ചതോടെ നായ്ക്കുട്ടിയെ ശ്രീകാര്യം സ്റ്റേഷനിലെത്തിച്ചു. തുടർന്ന് മരിച്ച സുനിലിന്റെ അമ്മയ്ക്ക് ഹാച്ചിയെ കൈമാറി. നാലു മാസം പ്രായമുള്ള സൈബീരിയൻ ഹസ്‌കി ഇനത്തിലെ നായക്ക് അറുപതിനായിരത്തോളം വില വരും.