വളരും തോറും പിളരും, പിളരും തോറും വളരുമെന്ന മാണി സിദ്ധാന്തം യാഥാർത്ഥ്യമായി; പിളർന്ന് രണ്ട് മുന്നണികളിലുമായി ചേക്കേറിയ ജോസിനും ജോസഫിനും സീറ്റുകൾ വർദ്ധിച്ചു : കടുത്തുരുത്തിയിലും ചങ്ങനാശേരിയിലുമുൾപ്പടെ നാലിടങ്ങളിൽ ജോസും ജോസഫും നേർക്കുനേർ ഏറ്റുമുട്ടും

വളരും തോറും പിളരും, പിളരും തോറും വളരുമെന്ന മാണി സിദ്ധാന്തം യാഥാർത്ഥ്യമായി; പിളർന്ന് രണ്ട് മുന്നണികളിലുമായി ചേക്കേറിയ ജോസിനും ജോസഫിനും സീറ്റുകൾ വർദ്ധിച്ചു : കടുത്തുരുത്തിയിലും ചങ്ങനാശേരിയിലുമുൾപ്പടെ നാലിടങ്ങളിൽ ജോസും ജോസഫും നേർക്കുനേർ ഏറ്റുമുട്ടും

സ്വന്തം ലേഖകൻ

കോട്ടയം : വളരും തോറും പിളരും തോറും വളരുമെന്ന കേരളാ കോൺഗ്രസിന്റെ ആപ്തവാക്യം തുണച്ചു. ഓരോ പിളർപ്പിനെയും വളർച്ചയിലേക്കുള്ള ചവിട്ടുപടിയായി വ്യാഖ്യാനിച്ച കേരളാ കോൺഗ്രസിന് ജോസ്, ജോസഫ് വേർപിരിയലും നേട്ടമായി മാറിയപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വർദ്ധിക്കുകയും ചെയ്തു.

രണ്ടായി പിളർന്ന് ഇരുമുന്നണികളിലും ചേക്കേറിയപ്പോൾ ഇരുവർക്കും ലഭിച്ചത് 23 സീറ്റുകളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റിലാണ് കേരളാ കോൺഗ്രസ് മത്സരിച്ചത്. ജോസ് കെ. മാണിക്ക് 13 സീറ്റാണ് എൽ.ഡി.എഫ്. നൽകിയിരിക്കുന്നത്. യു.ഡി.എഫിൽ ഉറച്ചുനിന്ന പി.ജെ. ജോസഫ് പക്ഷത്തിന് ലഭിച്ചതാകട്ടെ 10 സീറ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണ മാണി ഗ്രൂപ്പുകാരിൽ 11 പേർക്കും ജോസഫ് പക്ഷക്കാരിൽ നാലു പേർക്കുമാണു മത്സരിക്കാൻ അവസരം കിട്ടിയത്. നാലിടത്തു മാണി ഗ്രൂപ്പുകാരും രണ്ടിടത്ത് ജോസഫ് പക്ഷക്കാരും ജയിച്ചു. ഇക്കുറി ജോസ് വിഭാഗം എൽ.ഡി.എഫിലും ജോസഫ് വിഭാഗം യു.ഡി.എഫിലും 15 സീറ്റാണ് ആവശ്യപ്പെട്ടത്. 12 സീറ്റ് നൽകാനിരുന്ന എൽ.ഡി.എഫ്. ഒടുവിൽ ജോസിന് 13 സീറ്റ് നൽകി. സി.പി.ഐയുടെ ശക്തമായ എതിർപ്പ് തള്ളിക്കളഞ്ഞാണ് ജോസിനു സി.പി.എം. ചങ്ങനാശേരി കൂടി നൽകിയത്.

ജോസിനും ജോസഫിനും നേട്ടം കൊയ്തപ്പോൾ ഇരുമുന്നണികളിലെയും മറ്റു കേരളാ കോൺഗ്രസ് പാർട്ടികൾക്കും നഷ്ടം മാത്രമാണ്. ജനാധിപത്യ കേരളാ കോൺഗ്രസിനും കേരളാ കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിനും നഷ്ടം മാത്രം. കടുത്തുരുത്തിയിൽ 2016 ൽ മത്സരിച്ച സ്‌കറിയാ തോമസിന് ഇത്തവണ സീറ്റില്ല. ഇടതുപക്ഷത്തു കേരള കോൺഗ്രസ് (ബി) പത്തനാപുരത്തു മാത്രം. യു.ഡി.എഫിൽ കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിനെ പിറവത്ത് ഒതുക്കി.

യു.ഡി.എഫിൽ ജോസിന്റെ കൊഴിഞ്ഞു പോക്ക് കോൺഗ്രസിനു ലാഭമായി. കേരളാ കോൺഗ്രസ് (എം) മത്സരിച്ചിരുന്ന അഞ്ചു സീറ്റ് കോൺഗ്രസ് ഏറ്റെടുത്തു.പാലാ, കടുത്തുരുത്തി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, പിറവം, പെരുമ്പാവൂർ, റാന്നി, ചാലക്കുടി, കുറ്റിയാടി, ഇരിക്കൂർ മണ്ഡലങ്ങളാണ് ജോസ് കെ. മാണി പക്ഷത്തിന്റെ സീറ്റുകൾ.

തൊടുപുഴ, ഇടുക്കി, ചങ്ങനാശേരി, കടുത്തുരുത്തി, ഏറ്റുമാനൂർ, കോതമംഗലം, തിരുവല്ല, കുട്ടനാട്, ഇരിങ്ങാലക്കുട, പേരാമ്പ്ര മണ്ഡലങ്ങളിൽ ജോസഫ് വിഭാഗം മത്സരിക്കും. തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ചങ്ങനാശേരി സീറ്റുകളിൽ ജോസ്, ജോസഫ് വിഭാഗങ്ങൾ നേർക്കുനേർ പോരാടും.