കോട്ടയത്ത് കേരള കോൺഗ്രസ് പോര് ഉറപ്പ്: പി.സി തോമസ് എൻഡിഎ സ്ഥാനാർത്ഥിയാവും; എതിർപ്പ് ഒഴിവാക്കാൻ അമിത് ഷാ ഇടപെടുന്നു; കോട്ടയത്ത് കേരള കോൺഗ്രസുകൾ നേർക്കുനേർ

കോട്ടയത്ത് കേരള കോൺഗ്രസ് പോര് ഉറപ്പ്: പി.സി തോമസ് എൻഡിഎ സ്ഥാനാർത്ഥിയാവും; എതിർപ്പ് ഒഴിവാക്കാൻ അമിത് ഷാ ഇടപെടുന്നു; കോട്ടയത്ത് കേരള കോൺഗ്രസുകൾ നേർക്കുനേർ

സ്വന്തം ലേഖകൻ

കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് നേതാവ് പി.സി തോമസ് എത്തുമെന്ന് ഉറപ്പായി. പി.സി തോമസിനെ കോട്ടയം മണ്ഡലത്തിൽ മത്സരിപ്പിച്ചാൽ ക്രൈസ്തവ വോട്ടുകളിൽ വിള്ളൽ വീഴ്്ത്താമെന്ന ധാരണയിലാണ് ബിജെപി നേതൃത്വം. കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെട്ടാണ് കോട്ടയം മണ്ഡലത്തിൽ പി.സി തോമസിനെ തന്നെ സ്ഥാനാർത്ഥിയാക്കുന്നത്.
നേരത്തെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച പി.സി തോമസ് വിജയിച്ചിരുന്നു. ക്രൈസ്തവ മതമേലധ്യക്ഷ്ൻമാരുടെയും സഭയുടെയും പിൻതുണയോടെയാണ് അന്ന് പി.സി തോമസ് ഉജ്വല വിജയത്തോടെ മണ്ഡലം പിടിച്ചത്. ഇതേ സാധ്യത തന്നെ ഇക്കുറിയും പ്രയോഗിക്കുന്നതിനാണ് ബിജെപി ആലോചിക്കുന്നത്. പഴയ പ്രതാപമില്ലെങ്കിലും ക്രൈസ്തവ വോട്ടുകളിൽ വിള്ളൽ വീഴ്്ത്താൻ പി.സി തോമസിന് ഇപ്പോഴും കരുത്തുണ്ടെന്ന് ബിജെപി നേതൃത്വം പറയുന്നു.
ബിജെപി ആർഎസ്എസ്് നേതൃത്വത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കൊപ്പം പ്രവർത്തകരും ഒപ്പം നിൽക്കുകയും, കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ ക്രൈസ്തവ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുകയും ചെയ്താൽ കോട്ടയം നിയോജക മണ്ഡലത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് എൻഡിഎ നേതൃത്വം പ്രതീക്ഷിക്കുന്നത്.
കോട്ടയം, പുതുപ്പള്ളി, വൈക്കം, കടുത്തുരുത്തി, പാലാ, ചങ്ങനാശേരി നിയോജക മണ്ഡലങ്ങളിലാണ് നിലവിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിലുള്ളത്. പാലാ മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപിയ്ക്ക് 24,821 വോട്ടാണ് ലഭിച്ചത്. ഇവിടെ ജില്ലാ പ്രസിഡന്റ് എൻ.ഹരി തന്നെയായിരുന്നു സ്ഥാനാർതഥി. കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ മത്സരിച്ച സ്റ്റീഫൻ ചാഴിക്കാടൻ 17536 വോട്ടാണ് നേടിയത്. വൈക്കം നിയോജക മണ്ഡലത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച എൻ.കെ നീലകണ്ഡൻ മാസ്റ്റർ 30067 വോട്ടാണ് നേടിയത്. ഏറ്റുമാനൂർ മത്സരിച്ച എസ്എൻഡിപി യോഗം കോട്ടയം യൂണിയന്റെ അന്നത്തെ പ്രസിഡന്റ് എ.ജി തങ്കപ്പൻ 27540 വോട്ടാണ് നേടിയത്. കോട്ടയത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച എം.എസ് കരുണാകരൻ 12582 വോട്ട് നേടിയപ്പോൾ, പുതുപ്പള്ളിയിൽ മത്സരിച്ച ജോർജ് കുര്യൻ 15993 വോട്ടും, ചങ്ങനാശേരിയിൽ മത്സരിച്ച ഏറ്റുമാനൂർ രാധാകൃഷ്ണൻ 21455 വോട്ടും നേടി. പിറവം മണ്ഡലത്തിൽ ബിഡിജെഎസിലെ സി.പി സത്യൻ 17503 വോട്ടുമാണ് നേടിയത്. ഈ വോട്ട് തന്നെയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് പ്രതീക്ഷ നൽകുന്ന ഘടനകവും. ഈ വോട്ടിനൊപ്പം പി.സി തോമസിന്റെ വ്യക്തിപരമായ വോട്ട് കൂടി സ്വന്തമാക്കിയാൽ കേരള കോൺഗ്രസ് ബിജെപി സഖ്യത്തിന് കോട്ടയം പിടിക്കാനാവുമെന്നാണ് എൻഡിഎ കണക്കു കൂട്ടുന്നത്.