എട്ടുവർഷത്തിനിടെ മുൻ എം എൽ എമാരെ പോറ്റാൻ ചെലവഴിച്ചത് നൂറു കോടി രൂപ
സ്വന്തം ലേഖകൻ
കൊച്ചി: ചെലവ് ചുരുക്കാൻ സാധാരണക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയും വരുമാനം കണ്ടെത്താൻ നികുതി വർധിപ്പിച്ച് ജനത്തെ പിഴിയുകയും ചെയ്യുന്ന സർക്കാർ എട്ടുവർഷത്തിനിടെ മുൻ എം.എൽ.എമാർക്കായി ചെലവഴിച്ചത് 98.51 കോടി. പെൻഷൻ, ചികിത്സ ആനുകൂല്യം, യാത്രസൗജന്യം എന്നീ ഇനങ്ങളിലാണ് തുക ചെലവിട്ടത്. മറ്റ് ആനുകൂല്യങ്ങൾ കൂടി കണക്കാക്കുമ്പോൾ തുക നൂറുകോടി കവിയും. ചെലവ് ചുരുക്കാൻ എം.എൽ.എ മാരുടെ ചികിത്സ ചെലവ് ഉൾപ്പെടെ ആനുകൂല്യങ്ങൾ നിയന്ത്രിക്കണമെന്ന ജെ.എം. ജയിംസ് കമ്മിറ്റി റിപ്പോർട്ടിൽ ഒന്നര വർഷമായിട്ടും സർക്കാർ നടപടിയെടുത്തിട്ടുമില്ല.
പെൻഷൻ ഇനത്തിലാണ് മുൻ എം.എൽ.എ മാർക്ക് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചതെന്ന് 2010-11 മുതൽ 2017-18 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. എട്ടുവർഷത്തിനിടെ പെൻഷനായി നൽകിയത് 79.29 കോടി. 2014-15ലാണ് കൂടുതൽ തുക നൽകിയത്: 18.16 കോടി. ചികിത്സ ബത്തയായി 11.21 കോടിയും സൗജന്യ സഞ്ചാര കൂപ്പൺ ഇനത്തിൽ 8.01 കോടിയും ചെലവഴിച്ചു. എം.എൽ.എമാരുടെ ആനുകൂല്യങ്ങൾ നിയന്ത്രിക്കുന്നത് പഠിക്കാൻ എൽ.ഡി.എഫ് സർക്കാർ തന്നെ നിയോഗിച്ച കമ്മിറ്റിയുടെ പഠന റിപ്പോർട്ട് അവഗണിച്ചാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ചുരുങ്ങിയ കാലം കൊണ്ട് നൂറുകോടിയോളം ചെലവിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ റീ ഇംബേഴ്‌സ്‌മെൻറിന് പകരം ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നായിരുന്നു കമ്മിറ്റിയുടെ പ്രധാന ശിപാർശ. ഇതിന് ചില കമ്പനികളുമായി കമ്മിറ്റി ചർച്ച നടത്തുകയും അവർ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എം.എൽ.എമാരുടെ ആനുകൂല്യം നിയന്ത്രിക്കുന്നതിനോട് ഒരു രാഷ്ട്രീയകക്ഷിക്കും താൽപര്യമില്ലാത്തതാണ് റിപ്പോർട്ട് നടപ്പാകാതിരിക്കാൻ കാരണമെന്നും ഇക്കാര്യത്തിൽ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും വിവരാവകാശ പ്രവർത്തകൻ അഡ്വ. ഡി.ബി. ബിനു പറയുന്നു.