ഏറ്റുമാനൂർ ക്ഷേത്രകൊടിയേറ്റിൽ നിന്നും ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും വിട്ടു നിന്നു

ഏറ്റുമാനൂർ ക്ഷേത്രകൊടിയേറ്റിൽ നിന്നും ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും വിട്ടു നിന്നു

സ്വന്തം ലേഖകൻ

കോട്ടയം: ഭക്തജനങ്ങൾ പ്രതിഷേധിക്കുമെന്ന ഭയത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും പ്രശസ്തമായ ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകളിൽ നിന്ന് വിട്ടു നിന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് തങ്ങളുടെ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞിരുന്നു. വിധിയെ ബഹുമാനിക്കാനാണ് ബോർഡിന്റെ തീരുമാനമെന്നും ആരാധനയിൽ ലിംഗ വിവേചനം പാടില്ലെന്നുമായിരുന്നു ബോർഡിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചത്. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന്റെ തുടർ ചലനമെന്നോണമാണ് ഏറ്റുമാനൂർ പ്രതിഷേധവും.

കൊടിയേറ്റിനെ തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിലും ബോർഡ് പ്രതിനിധികളാരും തന്നെ പങ്കെടുക്കുന്നില്ല. പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിൽക്കുന്നതെന്ന് ക്ഷേത്ര ഉപദേശക സമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. പ്രസിഡന്റ് എ.പദ്മകുമാറോ, അംഗങ്ങളോ വന്നാൽ തടയാൻ സന്നദ്ധരായി ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ക്ഷേത്രത്തിനകത്ത് അണിനിരന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group