പതിമൂന്നുകാരി പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത..! അച്ഛന്റെ അക്കൗണ്ടിൽ കിടന്ന 40 ലക്ഷം രൂപ കാണാനുമില്ല; മൊബൈൽ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു

പതിമൂന്നുകാരി പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത..! അച്ഛന്റെ അക്കൗണ്ടിൽ കിടന്ന 40 ലക്ഷം രൂപ കാണാനുമില്ല; മൊബൈൽ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു

തേർഡ് ഐ ബ്യൂറോ

കൊച്ചി: തൃക്കാക്കരയിൽ പതിമൂന്നുകാരിയെ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ഇരട്ടിയാകുന്നു. പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൂടാതെ, കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 40 ലക്ഷത്തോളം രൂപ കാണാനില്ലെന്നാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇതോടെയാണ് പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്‌ളാറ്റിൽ ശ്രീ ഗോകുലത്തിൽ സാനു മോഹന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നത്.

സാനുവിന്റെ ഭാര്യ രമ്യയെ ഇന്നലെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിന് സഹായകമായ വെളിപ്പെടുത്തലുകൾ ഒന്നും തന്നെ ഉണ്ടായില്ല. സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി രമ്യ പറയുന്നുണ്ടെങ്കിലും ബാദ്ധ്യത സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അവരിൽ നിന്ന് ലഭിക്കാതിരുന്നതോടെ പൊലീസ് പ്രതിസന്ധിയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാനുവിനെയും മകളെയും കാണാനില്ലെന്ന് കാട്ടി രമ്യയുടെ സഹോദരീ ഭർത്താവാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്. ബാങ്കിൽ 40 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപവും എസ്.ബി അക്കൗണ്ടിൽ നാല് ലക്ഷം രൂപ ഉണ്ടെന്നും ബന്ധുക്കൾ പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ, സാനുവിന്റെ അക്കൗണ്ടിൽ ഒരു രൂപ പോലുമില്ലായിരുന്നു. പണം സംബന്ധിച്ച ഈ വൈരുദ്ധ്യമാണ് പൊലീസിനെ കുഴക്കുന്നത്. 40 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെങ്കിൽ തന്നെയും ഈ പണത്തിന്റെ സ്രോതസ് എന്താണെന്നതും ദുരൂഹതയുണർത്തുന്നു.

മഹാരാഷ്ട്രയിലെ പൂനെയിലടക്കം നിരവധി ചെക്ക് കേസുകളിൽ പ്രതിയാണ് സാനു മോഹൻ. ഇയാളെ പൊലീസ് തിരഞ്ഞുവരികയായിരുന്നു. തൃക്കാക്കരയിലെ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ അഞ്ചുപേരുൾപ്പടെ പതിനഞ്ചോളം പേരിൽ നിന്ന് വൻതുക സാനു കടം വാങ്ങിയിരുന്നു. 40 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപമുള്ളയാൾ പിന്നെയും കടം വാങ്ങിയതെന്തിനെന്ന ദുരൂഹതയും നിലനിൽക്കുന്നു. അക്കൗണ്ടിൽ ഒരു രൂപ പോലും ഇല്ലാത്തതിനാൽ തന്നെ സാനുവിന് മറ്റ് സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും നിക്ഷേപം ഉണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. മണിചെയിൻ, അല്ലെങ്കിൽ അനധികൃത മാർഗങ്ങളിലൂടെ പണം സമ്പാദിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്. ഈ പണം സാനു ചൂതാട്ടം പോലുള്ള കാര്യങ്ങൾക്ക് ഉപയോഗിച്ചുവോയെന്ന കാര്യവും പൊലീസിന്റെ അന്വേഷണ പരിധിയിലാണ്.

സാനു സഞ്ചരിച്ചിരുന്ന കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. തൃശൂർ വഴി വാളയാർ ചെക്ക് പോസ്റ്റ് കടന്ന കാറിൽ സാനു മാത്രമാണ് ഉണ്ടായിരുന്നതെന്ന് സി.സി ടി വി പരിശോധനയിൽ വ്യക്തമായി. വൈഗ മരിക്കുന്നതിന് ഒരാഴ്ച മുമ്പു തന്നെ സാനുവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഇപ്പോൾ സാനു പുതിയ നമ്പർ എടുത്തുവോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സാനു ഉപയോഗിച്ചിരുന്ന ഫോണിന്റെ ഐ.എം.ഐ.ഇ നമ്പറിലൂടെ ഇത് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

ആരെയെങ്കിലും ഭയന്നാണോ ഫോൺ ഓഫ് ചെയ്തത് എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. സാനുവിന്റെയും ഭാര്യയുടെയും ഒരുമാസത്തെ ഫോൺ കോൾ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. വിശദമായി പരിശോധിക്കുന്നതോടെ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്. വൈഗയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്ക് സമീപം മുട്ടാർ പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു.