സംക്രാന്തി മാമ്മൂട് ബ്ലസിപ്പടിയിൽ വാഹനാപകടം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റു; പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച് രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയത് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്

സംക്രാന്തി മാമ്മൂട് ബ്ലസിപ്പടിയിൽ വാഹനാപകടം: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റു; പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച് രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയത് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്

തേർഡ് ഐ ബ്യൂറോ

ഏറ്റുമാനൂർ: റോഡപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണ ബൈക്ക് യാത്രക്കാരെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. അപകടമുണ്ടായ സ്ഥലത്ത് അതിവേഗം ഓടിയെത്തുകയും, പരിക്കേറ്റ രണ്ടു പേരെയും സ്വന്തം വാഹനത്തിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു സ്ഥാനാർത്ഥി. അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർക്ക് സജിത്, ബൈക്ക് യാത്രക്കാരൻ അരുൺ എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ശനിയാഴ്ച രാവിലെ എട്ടരയോടെ സംക്രാന്തി മാമ്മൂട് കവലയിലായിരുന്നു അപകടം. ഇരുവശത്തു നിന്നുമായി എത്തിയ ഓട്ടോറിക്ഷയും ബൈക്കും ഇവിടെ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും, ബൈക്ക് യാത്രക്കാരനും സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇരുവരും റോഡിൽ വീണു കിടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയത്താണ് ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് മണ്ഡല പര്യടനത്തിനായി സ്വന്തം വാഹനത്തിൽ വീട്ടിൽ നിന്നും പുറത്തേയ്ക്കിറങ്ങിയത്. ഈ സമയം അപകടം കണ്ട് വാഹനം നിർത്തിയ ഇദ്ദേഹം, സ്വന്തം വാഹനത്തിൽ തന്നെ പരിക്കേറ്റവരെ രണ്ടു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാരും പ്രിൻസിന്റെ സുഹൃത്തുക്കളും ചേർന്നാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നും, ഇരുവർക്കും മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കിയ ശേഷമാണ് ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മടങ്ങിയത്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരെ ഫോണിൽ ബന്ധപ്പെട്ട് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. അപകടത്തെപ്പറ്റിയുള്ള വിവരങ്ങൾ ഉടൻ തന്നെ പ്രിൻസ് ലൂക്കോസ് ഗാന്ധിനഗർ പൊലീസിനു കൈമാറുകയും ചെയ്തിട്ടുണ്ട്.