പാലായിൽ വാഹനം ഇടിച്ചു മരിച്ചു സംസ്‌കാരവും നടത്തിയ ‘പരേതൻ’ തിരിച്ചു വന്നു..! മൂന്നു മാസങ്ങൾക്കു ശേഷം തിരിച്ചു വന്നത് പത്തനംതിട്ട സ്വദേശി; കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ മരിച്ച സാബു തിരിച്ചു വന്നത് ഇങ്ങനെ

പാലായിൽ വാഹനം ഇടിച്ചു മരിച്ചു സംസ്‌കാരവും നടത്തിയ ‘പരേതൻ’ തിരിച്ചു വന്നു..! മൂന്നു മാസങ്ങൾക്കു ശേഷം തിരിച്ചു വന്നത് പത്തനംതിട്ട സ്വദേശി; കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ മരിച്ച സാബു തിരിച്ചു വന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: കഴിഞ്ഞ വർഷം ഡിസംബർ 25 ന് ക്രിസ്മസ് ദിനത്തിൽ പാലായിൽ വാഹനം ഇടിച്ചു മരിച്ചു, പത്തനംതിട്ടയിലെ വീട്ടിൽ വീട്ടുകാർ എത്തിച്ച് സംസ്‌കാരം നടത്തിയ സാബു മാസങ്ങൾക്കു ശേഷം വീട്ടിൽ തിരികെ എത്തി..! പരേതന്റെ മടങ്ങിവരവിൽ ഞെട്ടിവിറച്ച് നാടും നാട്ടുകാരും.

ഡിസംബർ 25ന് പുലർച്ചെ പാലാ-ഭരണങ്ങാനം ഇടപ്പാടിയിലുണ്ടായ അപകടത്തിൽ മരിച്ചയാളുടെ കഥയാണ് ഇപ്പോൾ വീണ്ടും ട്വിസ്റ്റായി മാറിയിരിക്കുന്നത്. അന്ന് വാഹനമിടിച്ച് മരിച്ചത് കുടശനാട് വിളയിൽ കിഴക്കേതിൽ പരേതനായ കുഞ്ഞുമോന്റെയും അമ്മിണിയുടേയും ഇളയ മകനായ സാബു വി.കെ (സക്കായി, 35) ആണെന്ന വിശ്വാസത്തിലായിരുന്നു ഇന്നുവരെ വീട്ടുകാരും നാട്ടുകാരും. മരിച്ചത് സാബുവാണെന്ന് ബന്ധുക്കൾ ഉറപ്പിച്ചതോടെ ഡിസംബർ 30ന് തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹത്തിൽ മുകൾവശത്തെ മൂന്നു പല്ലുകൾ ഇല്ലാതിരുന്നതാണ് മൃതദേഹം സാബുവിന്റേതാണെന്ന് ഉറപ്പിക്കാൻ ബന്ധുക്കളെ പ്രേരിപ്പിച്ചത്. എന്നാൽ അത് സാബുവല്ലെന്ന് ഭാര്യ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും അമ്മയും സഹോദരനുമുൾപ്പെടെ തറപ്പിച്ച് പറയുകയായിരുന്നു.

അങ്ങനെ, 30-ന് കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്‌കാരവും നടത്തി. ഇപ്പോഴിതാ, വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ച് സാക്ഷാൽ, സാബു തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ 8ന് സുഹൃത്തായ ഹരിശ്രീ ബസ് ഡ്രൈവർ മുരളീധരൻ നായരെ കാണാൻ കായംകുളം സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സാബു ജീവനോടെയുണ്ടെന്നറിയുന്നത്.

തിരുവനന്തപുരത്ത് ഒരു ആശുപത്രിയുടെ കാന്റീനിൽ ജോലിയാണെന്നും, തന്റെ ഫോൺ കേടായതിനാൽ ആരുമായും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും, താൻ ‘മരിച്ച വിവര’മൊന്നും അറിഞ്ഞില്ലെന്നും സാബു പറഞ്ഞു. തുടർന്ന് സാബു ജീവിച്ചിരിപ്പുണ്ടെന്ന വിവരം വീട്ടുകാരും തിരിച്ചറിഞ്ഞു.

എന്തായാലും, മരിച്ചെന്ന് കരുതി സംസ്‌കാരം വരെ നടത്തിയയാൾ തിരിച്ചുവന്നതിന്റെ അമ്പരപ്പിലാണ് ഒരു നാടു മുഴുവൻ. മരിച്ചെന്ന് കരുതിയയാൾ ജീവനോടെ തിരിച്ചുവന്നത് സന്തോഷം പകരുന്ന വാർത്തയാണെങ്കിലും, എല്ലാവർക്കും അറിയാനുള്ളത് ഒറ്റ കാര്യം മാത്രമാണ്…അന്ന് സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന്…!