കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ യെല്ലോ അലേർട് ; രണ്ടിനെതിരെ നാലു ഗോളുകൾക്ക് ഗോവയെ തുരത്തി കേരള ബ്ലാസ്റ്റേഴ്‌സ് വിജയ വീഥിയിൽ

കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ യെല്ലോ അലേർട് ; രണ്ടിനെതിരെ നാലു ഗോളുകൾക്ക് ഗോവയെ തുരത്തി കേരള ബ്ലാസ്റ്റേഴ്‌സ് വിജയ വീഥിയിൽ

Spread the love

കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യെല്ലോ അലേര്‍ട്ട്. ആര്‍ത്തലയ്ക്കുന്ന മഞ്ഞക്കടലിന് മുന്നില്‍ കൊമ്ബന്മാരുടെ ആത്യാവേശകരമായ തിരിച്ചുവരവ്.

ആദ്യ പകുതിയില്‍ ഗോവന്‍ കൊടുങ്കാറ്റിന് മുന്നില്‍ തകര്‍ന്നടിഞ്ഞ കൊമ്ബന്മാരെയല്ല രണ്ടാം പകുതിയില്‍ കലൂര്‍ സ്റ്റേഡിയം കണ്ടത്.

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ തിരിച്ചടിച്ചാണ് ഗോവയില്‍ നിന്ന് വിജയം പിടിച്ചെടുത്തത്. ദിമിത്രിയോസ് ഡയമന്റകോസ് ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ ഡൈസുകെ സകായ്‌യും ഫെഡോര്‍ സെര്‍നിച്ചും ഓരോ ഗോള്‍ വീതവും അടിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന് ത്രില്ലര്‍ വിജയം സമ്മാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ഗോളുകളുടെ ലീഡ് വഴങ്ങിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പകുതിക്ക് പിരിഞ്ഞത്. ആദ്യ പകുതിയിലുടനീളം ദയനീയ പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍സ് പുറത്തെടുത്തത്. ഏഴാം മിനിറ്റില്‍ റൗളിന്‍ ബോര്‍ജസ്, പതിനേഴാം മിനിറ്റില്‍ മുഹമ്മദ് യാസിര്‍ എന്നിവരാണ് മഞ്ഞപ്പടയെ അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദരാക്കിയ ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സ് വലയിലെത്തിച്ചത്. മറുവശത്ത് ദിമിത്രിയോസ് ഡയമന്റകോസ് ചെറിയ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നിരുന്നില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. തിരിച്ചടിക്കുമെന്ന് ഉറപ്പിച്ചാണ് ഇവാന്റെ സംഘം ഇറങ്ങിയത്. 51-ാം മിനിറ്റില്‍ ഡൈസുകെ സകായ്‌യിലൂടെ തിരിച്ചടിച്ച്‌ ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവിന്റെ സൂചന നല്‍കി. ദിമിയെ ഒഡേയ് വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി റഫറി ഫ്രീകിക്ക് വിധിച്ചു. ഡൈസുകെ എടുത്ത കിക്ക് കീപ്പര്‍ അര്‍ഷ്ദീപ് ഫുള്‍ സ്‌ട്രെച്ചില്‍ ഡൈവ് ചെയ്തിട്ടും പോസ്റ്റില്‍ തട്ടി വലയിലെത്തി. ഒരു ഗോള്‍ തിരിച്ചടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ കൂടുതല്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി.

മത്സരം അവസാന പത്ത് മിനിറ്റിലേക്ക് കടന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് സമനില ഗോളിനായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഫലമായി 81-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ദിമിത്രിയോസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില ഗോള്‍ നേടിയത്. ഡൈസുകെ ബോക്‌സിനുള്ളിലേക്ക് കൊടുത്ത ക്രോസ് മക്ഹഗ് തന്റെ കൈകൊണ്ട് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചതിനാണ് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. സമ്മര്‍ദ്ദങ്ങളെല്ലാം മറികടന്ന് ദിമി കൊമ്ബന്മാരെ ഒപ്പമെത്തിച്ചു.

എന്നിട്ടും ബ്ലാസ്റ്റേഴ്‌സ് പിന്നിലേക്ക് പോയില്ല. 84-ാം മിനിറ്റില്‍ വീണ്ടും ദിമിയുടെ ഫിനിഷ്. ഇടതുവിങ്ങില്‍ നിന്ന് വന്ന ക്രോസ് കൈയിലൊതുക്കുന്നതില്‍ ഗോവ കീപ്പര്‍ പരാജയപ്പെട്ടത് മുതലെടുത്തായിരുന്നു ദിമിയുടെ രണ്ടാം ഗോള്‍. ആവേശത്തില്‍ ആര്‍ത്തിരമ്ബുന്ന മഞ്ഞക്കടലിനെ സാക്ഷിയാക്കി ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. സീസണില്‍ ദിമി നേടുന്ന പത്താം ഗോളാണിത്.

ആക്രമണം വീണ്ടും ആരംഭിച്ച ബ്ലാസ്‌റ്റേഴ്‌സ് 88-ാം മിനിറ്റില്‍ വീണ്ടും ഗോവയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചു. ലിത്വാനിയന്‍ താരം ഫെഡോര്‍ സെര്‍നിച്ച്‌ ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള തന്റെ വരവറിയിച്ചു. ഒരു പവര്‍ഫുള്‍ ഷോട്ടില്‍ ഗോളിയെ കീഴ്‌പ്പെടുത്തി നേടിയ ഗോളോടെ സെര്‍നിച്ച്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചു.

വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ ഗോവയെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കുതിച്ചു.16 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റാണ് കൊമ്ബന്മാരുടെ സമ്ബാദ്യം. 15 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുള്ള ഗോവ അഞ്ചാമതാണ്.