ട്രെയിൻ തടഞ്ഞ കണ്ണൂരിലെ സിപിഎം എംഎൽഎ ജയിലിൽ: എംഎൽഎയും 49 നേതാക്കളും ഒരു ദിവസം തടവിൽ കഴിയണം

ട്രെയിൻ തടഞ്ഞ കണ്ണൂരിലെ സിപിഎം എംഎൽഎ ജയിലിൽ: എംഎൽഎയും 49 നേതാക്കളും ഒരു ദിവസം തടവിൽ കഴിയണം

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: ട്രെയിൻ തടഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ച സിപിഎമ്മിന്റെ എംഎൽഎയ്ക്കും നേതാക്കൾക്കും പ്രവർത്തകർക്കും കിട്ടിയത് എട്ടിന്റെ പണി. അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തടഞ്ഞ എം.എൽ.എ.യടക്കം 49 നേതാക്കളെയാണ് ഒരു ദിവസം തടവിന് ശിക്ഷിച്ചത്. പയ്യന്നൂർ എം.എൽ.എ. സി. കൃഷ്ണൻ അടക്കമുള്ളവരെയാണ് കോടതി പിരിയും വരെ ശിക്ഷിച്ചത്. 2500 രൂപ പിഴയും അടയ്ക്കണം. തലശ്ശേരി സി.ജെ.എം. കോടതി ജഡ്ജി കെ.പി. തങ്കച്ചന്റേതാണ് വിധി.
വണ്ടിതടയൽ, റെയിൽവേ ജോലി തടസ്സപ്പെടുത്തൽ, ജനയാത്ര തടസ്സപ്പെടുത്തൽ, അതിക്രമിച്ചുകയറൽ എന്നീ വകുപ്പുകളാണ് ആർ.പി.എഫ്. ചേർത്തത്. പയ്യന്നൂർ, കണ്ണപുരം, കാസർകോട്, കാഞ്ഞങ്ങാട് എന്നീ സ്റ്റേഷനുകളിലെ വിധിയാണ് ഇപ്പോൾ വന്നത്. കണ്ണൂർ, തലശ്ശേരി, ചെറുവത്തൂർ സ്റ്റേഷനുകളിലേത് വരാനുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 വണ്ടികളാണ് രണ്ടുദിവസത്തെ പണിമുടക്കിനിടെ പ്രതിഷേധക്കാർ തടഞ്ഞത്.
ഐക്യ ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ഇക്കൊല്ലം ജനുവരി എട്ടിനും ഒമ്പതിനുമാണ് 48 മണിക്കൂർ പണിമുടക്ക് നടന്നത്. സമരത്തിന്റെ ഭാഗമായി ഹർത്താൽ അനുകൂലികൾ കണ്ണൂരിനും കാസർകോടിനുമിടയിൽ എട്ടിന് ഏഴു സ്റ്റേഷനുകളിൽ വണ്ടി തടഞ്ഞു. പണിമുടക്കിന്റെ രണ്ടാംദിനം കണ്ണൂർ ജില്ലയിൽ നാലുസ്റ്റേഷനുകളിൽ വണ്ടി തടഞ്ഞു. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സാധാരണ അല്പസമയം വണ്ടി തടഞ്ഞു മടങ്ങിപ്പോവുകയാണ് പതിവ്. എന്നാൽ, സംസ്ഥാനത്ത് പലയിടങ്ങളിലും അരമണിക്കൂറിലധികം വണ്ടി തടഞ്ഞിരുന്നു.
പയ്യന്നൂർ സ്റ്റേഷനിൽ രണ്ടുദിവസത്തെ തടയലിന് നേതൃത്വം നൽകിയതിനാണ് സി. കൃഷ്ണൻ എം.എൽ.എ.യടക്കം 14 പേരെ ശിക്ഷിച്ചത്. കണ്ണപുരത്ത് ഒൻപതിന് വണ്ടി തടഞ്ഞ സി.ഐ.ടി.യു. നേതാവ് ഐ.വി. ശിവരാമനടക്കം ആറുപേരെ ശിക്ഷിച്ചു. കാസർകോട് സി.ഐ.ടി.യു. നേതാവ് ടി.കെ. രാജൻ, എ.ഐ.ടി.യു.സി. നേതാവ് ടി. കൃഷ്ണൻ ഉൾപ്പെടെ 16 പേരുണ്ട്. കാഞ്ഞങ്ങാട് സി.ഐ.ടി.യു. നേതാവ് കാറ്റാടി കുമാരൻ അടക്കം 13 പേരെ ശിക്ഷിച്ചു.
തീവണ്ടി തടഞ്ഞ സംഭവത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ 81 നേതാക്കൾക്കെതിരേയാണ് കേസെടുത്തത്. കണ്ടാലറിയുന്ന 900 പേർക്കെതിരേയും കേസുണ്ട്. എട്ടിനു തലശ്ശേരിയിൽ നടത്തിയ തീവണ്ടി എൻജിനു ‘മുകളിലെ’ പ്രസംഗം വിവാദമായിരുന്നു.