ആരിഫിന്റെ പേര് പറഞ്ഞപ്പോൾ കയ്യടി: ക്ഷുഭിതനായി പിണറായി; മുഖ്യമന്ത്രിയുടെ ക്ഷോഭത്തിൽ ഭയന്ന് പിന്നീട് കയ്യടിച്ച് ജനക്കൂട്ടം

ആരിഫിന്റെ പേര് പറഞ്ഞപ്പോൾ കയ്യടി: ക്ഷുഭിതനായി പിണറായി; മുഖ്യമന്ത്രിയുടെ ക്ഷോഭത്തിൽ ഭയന്ന് പിന്നീട് കയ്യടിച്ച് ജനക്കൂട്ടം

സ്വന്തം ലേഖകൻ

ആലപ്പുഴ: മുഖ്യന്ത്രിയുടെ ക്ഷോഭം പ്രശസ്തമാണ്. തനിക്ക് ഇഷ്ടപ്പെടാത്ത കാര്യമുണ്ടായാൽ എന്തും ഏതു വേദിയിലും തുറന്നടിക്കുന്ന പ്രകൃതമാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്റേത്. ആലപ്പുഴയിലെ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിലാണ് ഇക്കുറി മുഖ്യമന്ത്രി പിണറായി വിജയൻ പൊട്ടിത്തെറിച്ചത്. പാലം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ എ.എം.ആരിഫ് എംപിയുടെ പേര് മുഖ്യമന്ത്രി പറഞ്ഞപ്പോൾ സദസ്സിൽ കയ്യടി ഉയർന്നു. കയ്യടിക്കേണ്ട കാര്യമില്ലെന്നും ജില്ലയിലെ മന്ത്രിമാർ കാരണമാണ് പെരുമ്പളം പാലം യാഥാർഥ്യമാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചു. ഇതോടെ വേദിയിലുള്ളവർക്ക് മുഖ്യമന്ത്രിയുടെ കലിപ്പ് തിരിച്ചറിയാനായി. പിന്നീട് മുഖ്യമന്ത്രിക്ക് മാത്രമായി കൈയടി മാറി.
പെരുമ്പളം പാലം നിർമ്മാണോദ്ഘാടന വേദിയിലാണ് എ.എം.ആരിഫ് എംപിയെ സദസ്സിലിരുത്തി, മുഖ്യമന്ത്രി കയ്യടിച്ചവർക്കു മറുപടി നൽകിയത്. പ്രസംഗം മുറിച്ച് ഒരു നിമിഷം മുഖ്യമന്ത്രി സദസ്സിലേക്കു നോക്കി. ‘എന്തിനാ കയ്യടിച്ചതെന്നു മനസ്സിലായില്ല…’ മുഖ്യമന്ത്രിയുടെ വാക്കുകൾക്കു വീണ്ടും സദസ്സിൽ കയ്യടിയുയർന്നു. അങ്ങനെ വേദി മുഖ്യമന്ത്രിയുടെ മനസ്സിന് ഒപ്പിച്ച് വീണ്ടും കൈയടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 ഇടത്തും സിപിഎം തോറ്റു. ജയിച്ചത് ആരിഫ് മാത്രമാണ്. ആലപ്പുഴയിൽ ആരിഫിന് ജനപ്രീതി കൂടുകയാണ്. ഇത് സിപിഎമ്മിലെ പലർക്കും പിടിക്കുന്നില്ല. ഇതും മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതിഫലിച്ചുവെന്ന് വേണ്ടം വിലയിരുത്താൻ.
‘മുൻകൈ എടുക്കുന്നത് സ്വാഭാവികമാണ്, പക്ഷേ അതുകൊണ്ടു മാത്രം പാലം യാഥാർഥ്യമാകില്ല എന്നാണു ഞാൻ പറഞ്ഞത്…’ എന്നു മുഖ്യമന്ത്രി തുടർന്നു. അതു സദസ്സ് ചിരിയോടെ ഏറ്റെടുത്തു. ‘ഇവിടെ പെരുമ്പളത്തെക്കുറിച്ച് നല്ലതുപോലെ അറിയാവുന്ന ഒരാൾ പൊതുമരാമത്ത് മന്ത്രിയായി ഉണ്ട്. അതോടൊപ്പം പ്രദേശത്തെക്കുറിച്ച് അറിയാവുന്നയാൾ ധനമന്ത്രിയായും ഉണ്ടായി. ജനപ്രതിനിധി എത്ര കരഞ്ഞു പറഞ്ഞാലും ഇതുപോലെ ചിലത് അനുവദിക്കാതിരിക്കുന്നത് നമ്മൾ എത്രയോ കണ്ടിട്ടുള്ളതാണ്. എല്ലാം ഒത്തുവന്നത് നിങ്ങളുടെ പ്രത്യേകതയായി കണ്ടാൽമതി..’ മുഖ്യമന്ത്രി ഇങ്ങനെയാണ് കൈയടിച്ചവരെ നോക്കി പറഞ്ഞത്.
മുമ്പ് പാലക്കാട്ടെ ചടങ്ങിൽ നടൻ മോഹൻലാലിന് ആർപ്പുവിളിച്ച ആരാധകരോട് കുപിതനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ നടത്തിയതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പാലക്കാട് നെന്മാറയിലെ സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടകൻ, മോഹൻലാൽ വിശിഷ്ടാതിഥിയും. മോഹൻലാൽ എത്തുന്നതറിഞ്ഞ് വൻ ജനാവലി തന്നെ ചടങ്ങിന് എത്തിയിരുന്നു. തുടർന്ന് സൂപ്പർതാരം എത്തിയതോടുകൂടി ആരാധകരുടെ ആവേശം അണപൊട്ടുകയായിരുന്നു. അവർ കൈയടിച്ചും ആർപ്പുവിളിച്ചും സന്തോഷം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റിട്ടും മോഹൻലാലിന് വേണ്ടിയുള്ള ആർപ്പുവിളി അവസാനിപ്പിക്കാൻ ആരാധകർ തയ്യാറായില്ല. തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം.
ഒച്ചയുണ്ടാക്കുന്നവർക്ക് അത് മാത്രമെ അറിയു, മറ്റുള്ളതിനെ കുറിച്ചൊന്നും അവർബോധവാന്മാരല്ല എന്നായിരുന്നു മോഹൻലാലിനെ കൂടി വേദിയിലിരുത്തി പിണറായിയുടെ പ്രതികരണം. മോഹൻലാലിന് ജയ് വിളിക്കുന്നത് പ്രായത്തിന്റെ പ്രശ്‌നമാണെന്നും പറഞ്ഞ മുഖ്യമന്ത്രി, ഇത് എന്നും ഉണ്ടാകുമെന്നും കൂട്ടിചേർത്തു.ഇതോടുകൂടി സദസ് നിശബ്ദമായി. ഉദ്ഘാടന പ്രസംഗം അധികം നീട്ടാതെ മുഖ്യമന്ത്രി വേദി വിട്ടു. തുടർന്ന് സംസാരിച്ച മോഹൻലാലാകട്ടെ സംഭവം പരാമർശിച്ചതേ ഇല്ല.-ഈ സംഭവവും ഏറെ ചർച്ചയായി.
തനിക്ക് കൈയടി കിട്ടാത്തതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതെന്ന വാദം സോഷ്യൽ മീഡിയയിൽ എത്തി. ഇത്തരം ചർച്ചകൾ വീണ്ടും ചർച്ചയാക്കുന്നതാണ് പെരുമ്പളത്തെ സംഭവവും. സ്റ്റാലിൻ ഭരണത്തെയാണ് ഇത് ഓർമിപ്പിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. ആരിഫും പിണറായിയും തമ്മിൽ തുടക്കം മുതൽ നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. ആലപ്പുഴയിലെ സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങളിൽ പക്ഷം പിടിക്കാത്ത നേതാവാണ് ആരിഫ്. ഇത് പലപ്പോഴും പ്രശ്നമായി മാറിയിരുന്നു. സുധാകരനും തോമസ് ഐസക്കും ആരിഫിനെ അംഗീകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. ആലപ്പുഴയിൽ ആരിഫിനെ മത്സരിപ്പിച്ചതും തന്ത്രത്തിന്റെ ഭാഗമായിരുന്നു.
ആലപ്പുഴയിൽ കെസി വേണുഗോപാലായിരുന്നു ദീർഘകാലം എംപി. വേണുഗോപാൽ മത്സരിച്ചാൽ ആരിഫ് തോൽക്കുമെന്നായിരുന്നു സിപിഎമ്മിന്റെ കണക്കു കൂട്ടൽ. എന്നാൽ വേണുഗോപാൽ മത്സരത്തിൽ നിന്ന് പിന്മാറിയപ്പോൾ സ്ഥാനാർത്ഥിയായി ഷാനിമോൾ ഉസ്മാൻ എത്തി. ഷാനിമോൾക്കെതിരെ ആരിഫ് ജയിക്കുകയും ചെയ്തു. ഇതോടെ സിപിഎം രാഷ്ട്രീയത്തിലെ തിളങ്ങും നേതാവായി ആരിഫ് മാറി. ഇതാണ് പെരുമ്പളം പാലം ഉദ്ഘാടനത്തിലും ആരിഫിന് കൈയടി നേടാനാകുന്ന നേതാവാക്കിയത്. ഇത് മനസ്സിലാക്കിയാണ് ആരിഫിനെതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം.