കണ്ണൂർ നഗരം സമൂഹ വ്യാപന ഭീതിയിൽ ; നഗരം പൂർണമായി അടച്ചുപൂട്ടി ; വൈറസിന് ജനിതകമാറ്റം സംഭവിച്ചെന്ന ഭീതിയിൽ ആരോഗ്യപ്രവർത്തകർ

കണ്ണൂർ നഗരം സമൂഹ വ്യാപന ഭീതിയിൽ ; നഗരം പൂർണമായി അടച്ചുപൂട്ടി ; വൈറസിന് ജനിതകമാറ്റം സംഭവിച്ചെന്ന ഭീതിയിൽ ആരോഗ്യപ്രവർത്തകർ

സ്വന്തം ലേഖകൻ

കണ്ണൂർ : നഗരത്തിൽ സമൂഹ വ്യാപനം ഉണ്ടെന്ന് ഭീതിയിൽ ആരോഗ്യപ്രവർത്തകർ. ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുളള ഒരാളുടെ ജീവൻ കൊറോണ വൈറസ് കവർന്നതിന് പിന്നാലെയാണ് ഈ സംശയം ബലപ്പെടുന്നത്.

വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ ഇതുവരെ സാധിക്കാത്ത കൊവിഡ് കേസുകളിൽ പലരും ഈ നഗരവുമായി സമ്പർക്കം പുലർത്തിയിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അയ്യൻകുന്നിലെ ആദിവാസി സ്ത്രീയിൽ നിന്നാണ് ഈ സംശയം ആരംഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രസവ സംബന്ധമായ ചികിത്സ തേടി എത്തിയ ഇവർക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്നത് ഇതുവരെ കണ്ടെത്താൻ സാധിക്കാത്തതും ആരോഗ്യപ്രവർത്തകരെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.

അവിടുന്ന് അങ്ങോട്ട് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച പലരും നഗരത്തിൽ വന്ന് പോയി. കണ്ണൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ഡ്രൈവർ, അയ്യൻകുന്ന് സ്വദേശിയായ ഇരിട്ടിയിലെ വ്യാപാരി, കണ്ണൂർ നഗരത്തിലെ ഫ്‌ളാറ്റിലെ താമസക്കാരനായ പതിനാലുകാരൻ, ഒടുവിൽ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ അങ്ങനെ നീണ്ട് പോകുന്നു കൊററോണ കേസുകളുടെ പട്ടിക്.

അതുകൊണ്ട് തന്നെയാണ് കണ്ണൂർ നഗരം പൂർണമായി അടച്ചിടാനുളള തീരുമാനത്തിലേക്ക് ജില്ലാ ഭരണകൂടം കടന്നത്. നഗരം ഉൾപ്പെടുന്ന കോർപ്പറേഷനിലെ പതിനൊന്ന് ഡിവിഷനുകളാണ് ഇപ്പോൾ അടച്ചിട്ടുളളത്. തളാപ്പ്, തുളിച്ചേരി, താണ, സൌത്ത് ബസാർ, ടെമ്പിൾ, തായത്തെരു, കസാനക്കോട്ട, ആയിക്കര, കാനത്തൂർ, താളിക്കാവ്, പയ്യാമ്പലം എന്നിവയാണ് അടച്ചിട്ടിരിക്കുന്ന ഡിവിഷനുകൾ.

അതേസമയം കഴിഞ്ഞ ദിവസം കൊവിഡ് 19 ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണമായത് ജനിതക മാറ്റം സംഭവിച്ച തീവ്രത കൂടിയ കൊറോണ വൈറസാണന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം.

ഇതോടൊപ്പം രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനുളളിലായിരുന്നു ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുളള ഈ യുവാവിന്റെ മരണം. പനി ബാധിച്ചതിന് ശേഷം ന്യുമോണിയ രൂക്ഷമാകുകയും ശ്വാസ കോശത്തെ ബാധിക്കുകയുമായിരുന്നു.

ഈ യുവാവിന്റെ മരണത്തെക്കുറിച്ച് അന്വേക്ഷിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സൂപ്പർ സ്‌പെഷ്യലിറ്റി ഡോക്ടറുമാരാണ് സംഘത്തിലുളളത്. ഡെത്ത് ഓഡിറ്റ് നടത്തി മരണ കാരണം കണ്ടെത്താനാണ് ശ്രമം.

ഇതിനായി മരിച്ച യുവാവിന്റെ സ്രവം വീണ്ടും പരിശോധനക്കെടുക്കും. ഇദ്ദേഹത്തിന് നൽകിയ ചികിത്സ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇതിനൊപ്പം രോഗ ഉറവിടം കണ്ടെത്താനകാത്ത കൊവിഡ് കേസുകളും ഈ വിദഗ്ദ സംഘം പരിശോധിക്കും.

എന്തായാലും ഒരു നേരിയ അശ്രദ്ധ പോലും കണ്ണൂരിനെ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് തളളിവിടുമെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. അതിനാൽ തന്നെ വരും ദിവസങ്ങളിലെ ജാഗ്രത കണ്ണൂരിന് ഏറെ നിർണ്ണായകമാണ്.