കഞ്ഞിക്കുഴിയിൽ മേൽപ്പാലം ഇടിഞ്ഞു: കോട്ടയം നഗരം ഗതാഗതക്കുരുക്കിലേയ്ക്ക്; എല്ലാ പാലവും പൊളിഞ്ഞു: വഴികളെല്ലാം അടഞ്ഞു

കഞ്ഞിക്കുഴിയിൽ മേൽപ്പാലം ഇടിഞ്ഞു: കോട്ടയം നഗരം ഗതാഗതക്കുരുക്കിലേയ്ക്ക്; എല്ലാ പാലവും പൊളിഞ്ഞു: വഴികളെല്ലാം അടഞ്ഞു

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരത്തിലെ വഴികളെല്ലാം അടച്ച്, ഗതാഗതക്കുരുക്കിലേയ്ക്ക് വഴികളെ തള്ളി കഞ്ഞിക്കുഴി റബർ ബോർഡ് റോഡിലെ മേൽപ്പാലം ഇടിഞ്ഞു താണു. റബർ ബോർഡിനു സമീപത്തെ റെയിൽവേ മേൽപ്പാലത്തിലേയ്ക്കുള്ള റോഡാണ് ഇടിഞ്ഞു താണത്. ഇതോടെ കഞ്ഞിക്കുഴിയിലേയ്ക്കുള്ള രണ്ടു വഴികളും അടഞ്ഞു.
ഇന്ന് രാവിലെ 11 മണിയോടെയാണ് ലോഗോസ് – കഞ്ഞിക്കുഴിയിലേയ്ക്കുള്ള മദർതേരേസ റോഡ് ഇടിഞ്ഞു താണത്. ഇതിനു സമീപത്ത് റെയിൽവേ സ്റ്റേഷൻ റോഡിൽ അറ്റകുറ്റപണികൾ നടക്കുന്നുണ്ട്. ഇവിടെ റോഡിൽ ഓട നിർമ്മിക്കുന്നതിനായി പൈലിംഗ് നടക്കുന്നുണ്ട്.

ഈ പൈലിംഗിന്റെ ആഘാതത്തെ തുടർന്നു റോഡ് ഇടിഞ്ഞു താണതാവാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതേ തുടർന്നു ലോഗോസ് ജംഗ്ഷനിൽ നിന്നു കഞ്ഞിക്കുഴിയിലേയ്ക്കുള്ള റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി കഞ്ഞിക്കുഴി മേൽപ്പാലം അടുത്ത ആഴ്ച പൊളിക്കാനിരിക്കുകയാണ്. കെകെ റോഡിൽ മേൽപ്പാലത്തിനു സമാന്തരമായി റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ റോഡിന്റെ ടാറിംഗ് അടുത്ത ദിവസം തന്നെ പൂർത്തിയാകും. ഇതിനു ശേഷം ഇതുവഴി വാഹനങ്ങൾ കടത്തിവിടാനും, പാലം പൊളിക്കാനുമാണ് റെയിൽവേയുടെ പദ്ധതി. ഈ സമയം കഞ്ഞിക്കുഴിയിലേയ്ക്കുള്ള ചെറിയ വാഹനങ്ങൾ മദർതെരേസ റോഡിലൂടെ തിരിച്ചു വിടാനായിരുന്നു പൊലീസിന്റെ പദ്ധതി. ഈ റോഡ് ഇന്ന് പൊളിഞ്ഞതോടെ പൊലീസിന്റെ ഈ പദ്ധതിയും പൊളിഞ്ഞു.
നഗരത്തിൽ നാഗമ്പടത്തും, കഞ്ഞിക്കുഴിയിലും, മുള്ളക്കുഴി ഗുഡ്‌ഷെഡ് റോഡിലും മേൽപ്പാലങ്ങൾ പൊളിഞ്ഞതോടെ നഗരത്തിലെ ഗതാഗതം തന്നെ താറുമാറായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group