ചിങ്ങവനം ശ്രീനാരായണ ആശുപത്രിയിലെ രോഗിയുടെ മരണം: ചികിത്സാ പിഴവിനെ തുടർന്നെന്ന ആരോപണവുമായി ബന്ധുക്കൾ; അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു; സ്വന്തമായി നിർമ്മിച്ച കല്ലറയിൽ ജോണിയുടെ സംസ്‌കാരം നടത്തി

ചിങ്ങവനം ശ്രീനാരായണ ആശുപത്രിയിലെ രോഗിയുടെ മരണം: ചികിത്സാ പിഴവിനെ തുടർന്നെന്ന ആരോപണവുമായി ബന്ധുക്കൾ; അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു; സ്വന്തമായി നിർമ്മിച്ച കല്ലറയിൽ ജോണിയുടെ സംസ്‌കാരം നടത്തി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ചിങ്ങവനം ശ്രീനാരായണ ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ആശുപത്രിയിൽ മരുന്നുമാറി കുത്തി വച്ചതിനെ തുടർന്നാണ് രോഗി മരിച്ചതെന്നു ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രമേഹത്തിനു ചികിത്സ തേടിയെത്തിയ ശേഷം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പരുത്തുംപാറ പരുത്തുംപാറ മലേക്കുന്നത്ത് എം.എ ജോണി(ജോണി61)ന്റെ സംസ്‌കാരം ഇദ്ദേഹം തന്നെ സ്വന്തമായി നിർമ്മിച്ച കല്ലറയിൽ നടത്തി.

ഇദ്ദേത്തെ നാട്ടുകാർ ശവക്കോട്ട ജോണിയെന്നാണ് വിളിച്ചിരുന്നത്. ശവക്കോട്ട നിർമ്മാണമായിരുന്നു ജോണിയുടെ തൊഴിൽ. പരുത്തുംപാറയിലെ വീടിന് സമീപത്തുള്ള പുരയിടം നിറയെ ഇദ്ദേഹം നിർമ്മിച്ചിരിക്കുന്ന കല്ലറകളാണ്. ഈ കല്ലറകളുടെ നിർമ്മാണ ഏറ്റെടുത്തു നടത്തിയിരുന്നത് ജോണിയാണ്. പെന്തകോസ്തു സഭകളടക്കം നിരവധി കൃസ്ത്യൻ സഭകളുടെ മാത്രമല്ല എസ് എൻ ഡി പി യോഗത്തിന്റെ വിവിധ ശാഖകൾക്കും കല്ലറകൾ നിർമ്മിച്ചു നൽകിയത് ജോണിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് വക ശ്മശാനം , വെള്ളൂത്തുരുത്തി സെന്റ് സ്റ്റീഫൻസ് പള്ളിയുടേത് ഉൾപ്പെടെ നിരവധി കല്ലറകൾ ഇവിടെയാണ്. ആദ്യകാലത്ത് കല്ലറകളിലേക്ക് പോകുന്നതിന് വഴി സൗകര്യം കുറവായിരുന്നു. പിന്നീട് പഞ്ചായത്ത്് മുൻകൈ എടുത്തു വഴി വീതികൂട്ടിയതോടെ കൂടുതൽ പേർ കല്ലറ വേണമെന്ന ആവശ്യവുമായി വന്നത്. തുടർന്ന് നിരവധി കല്ലറകൾ ഉയർന്നു.അക്കൂട്ടത്തിൽ ജോണിയും സ്വന്തമായി ഒരു കല്ലറയുമുണ്ടാക്കി.

സ്വന്തമായി സഭയോ സംഘടനയോ ഇല്ലാത്തവരുടെ ശവങ്ങൾ സംസ്‌ക്കരിക്കുന്നതിന് പലരും ജോണിയെയാണ് സമീപിച്ചിരുന്നത്. പൊലീസും മറ്റ് അധികൃതരും അനാഥപ്രേതങ്ങൾ സംസ്‌ക്കരിക്കുന്നതിന് ജോണിയെയാണ് സമീപിച്ചിരുന്നത്. ഇതിന് ഒരു ഫീസും ജോണി ഈടാക്കിയിരുന്നു. ചെറിയതുക നൽകേണ്ടി വന്നിരുന്നുവെങ്കിലും ഇത് പലർക്കും ഒരു ആശ്വാസമായിരുന്നു. സി എസ് ഐ പള്ളി ഇടവകക്കാരാണെങ്കിലും ജോണിയുടെ കുടുംബാംഗങ്ങൾ സ്വർഗീയവിരുന്നിലാണ്.

എന്നാൽ തന്നെ തന്റെ സ്വന്തം കല്ലറയിൽ തന്നെ അടക്കിയാൽ മതിയെന്ന് ജോണി ബന്ധുക്കളോട് പറഞ്ഞിരുന്നു. അതനുസരിച്ചാണ് ജോണിയുടെ സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ചിങ്ങവനം ശ്രീനാരായണ ആശുപത്രിയിൽ രോഗം മൂർച്ഛിച്ചെത്തിയ ജോണി മരിച്ചത്. കടുത്ത പ്രമേഹരോഗിയായിരുന്ന ജോണിയുടെ കഴുത്തിന് പുറകിൽ ഒരു പരുവന്നതിനെ തുടർന്ന് ചികിൽസയിലായിരുന്നു. കഴിഞ്ഞകുറെ ദിവസങ്ങളായി ചിങ്ങവനത്തെ സ്വകാര്യ ആശുപത്രിയിൽ( ശ്രീനാരായണ ആശുപത്രി) മുറിവ് വച്ചു കെട്ടുന്നതിന് എത്തിയിരുന്നു.

ബുധനാഴ്ച വൈകിട്ടോടെ വേദന അസഹ്യമായതിനെ തുടർന്ന് മകനൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തി മുറിവിൽ മരുന്ന് വച്ചു കെട്ടി. തുടർന്ന് വേദനസംഹാരിയായി കുത്തിവയ്പ് നടത്താമെന്ന് ഡോക്ടർ പറഞ്ഞു. എന്നാൽ തനിക്ക് അലർജിയുടെ പ്രശ്നമുണ്ടെന്നും കുത്തിവയ്പ്പ് വേണ്ടന്നും പറഞ്ഞെങ്കിലും ഡോക്ടർ നിർബന്ധിച്ച് കുത്തിവയ്ക്കുകയായിരുന്നു. ഉടൻ തന്നെ ജോണി കുഴഞ്ഞുവീണു.പരിഭ്രാന്തനായ ഒപ്പമുണ്ടായിരുന്ന മകൻ വിജയ് ആംബുലൻസ് വിളിച്ചെങ്കിലും വരാൻ താമസിച്ചതിനാൽ ഓട്ടോയിൽ തന്നെ കയറ്റി കോട്ടയത്തെ സ്വകാര്യആശുപത്രിയിലേക്ക് പുറപ്പെട്ടു.

വഴിമദ്ധ്യേ ആംബുലൻസിൽ കയറ്റി ആശുപത്രിയിലെത്തിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും അവിടെ ഒഴിവില്ലാത്തതിനാൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ബന്ധുക്കൾ ചിങ്ങവനം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അസ്വഭാവികമരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡോ. വൽസമ്മയാണ് ഭാര്യ. മക്കൾ എബ്രഹാം വിജയ് ജോൺ , അജയ് ഡേവിഡ് ജോൺ ,മരുമകൾ ആര്യ.