കളിയിക്കാവിള കൊലപാതകം : പ്രതികൾ ഉപയോഗിച്ച തോക്കുകൾ കണ്ടെത്തി

കളിയിക്കാവിള കൊലപാതകം : പ്രതികൾ ഉപയോഗിച്ച തോക്കുകൾ കണ്ടെത്തി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കളിയിക്കാവിളയിൽ എഎസ്ഐ വിൽസണിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച തോക്ക് കണ്ടെത്തി.

ഏറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഓടയിൽ നിന്നാണ് തോക്ക് കണ്ടെത്തിയതെന്നാണ് സൂചന. പ്രതികളുമായി തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കേസിലെ നിർണ്ണായക തെളിവായ തോക്ക് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളിൽ നിന്നും ലഭിച്ച മൊഴിയനുസരിച്ച് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കണ്ടെത്തിയത്. ഇത് സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് ആണെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ ഇതുതന്നെയാണോ കൃത്യനിർവഹണത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. എഎസ്ഐയെ കൊലപ്പെടുത്തിയ ശേഷം പ്രതികളായ ഷെമീമും തൗഫീഖും കളിയിക്കാവിളയിൽ നിന്ന് ബസ്സിലാണ് എറണാകുളത്ത് എത്തിയത്.

അവിടെവച്ചാണ് കൊലപാതക വിവരം പത്രത്തിൽ കാണുന്നതെന്നും അതോടെ ഈ തോക്ക് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു പിന്നിലുള്ള ഓടയിൽ ഉപേക്ഷിച്ചെന്നും പ്രതികൾ മൊഴി നൽകിയിരുന്നു.

കേരള പോലീസിൻറെയും കോർപ്പറേഷൻ ജീവനക്കാരുടെയും സഹായത്തോടെയാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം തെളിവെടുപ്പ് പൂർത്തിയാക്കിയത്. ബുധനാഴ്ച രാത്രി പ്രതികളെ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുവന്നും സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

കൊലപാതകം നടത്തിയ കളിയിക്കവിള ചെക്ക്പോസ്റ്റിൽ കൊണ്ടുവന്നും തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോർട്ട്. കേസിലെ മുഖ്യപ്രതികളായ ഷെമീം, തൗഫിക്ക് എന്നിവരെ 10 ദിവസത്തേക്കാണ് സംഘം കസ്റ്റഡിയിൽ വാങ്ങിയത്.

ഇതിനിടയിൽ ഈ കൊലപാതക കേസ് എൻഐഎക്ക് കൈമാറാൻ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തുവെന്നും റിപ്പോർട്ട് ഉണ്ട്. പ്രതികളായ അബ്ദുൾ ഷെമീം, തൗഫീഖ് എന്നിവർക്ക് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സർക്കാർ ശുപാർശ നൽകിയതെന്നാണ് റിപ്പോർട്ട്.