ഡിജിപിയെ കൊണ്ട് മാപ്പു പറയിപ്പിച്ച പാലാക്കാരന്; തോക്കിനോടും ബെന്‍സിനോടും ഒടുങ്ങാത്ത കമ്പമുള്ള പ്ലാന്റര്‍; സമ്മതമില്ലാതെ കഥ സിനിമയാക്കിയെന്ന പേരിൽ കോടതിയെ സമീപിച്ചപ്പോൾ പേര് മാറ്റാൻ സെന്‍സര്‍ ബോര്‍ഡ് നിർദ്ദേശം; ഒടുവില്‍ കടുവാക്കുന്നേല്‍ കുറുവച്ചന് കുര്യച്ചനായി; ഷാജി കൈലാസ്- പൃഥ്വീരാജ് ചിത്രം ‘കടുവ’ ഇന്ന് തീയേറ്ററുകളിലേക്ക്
സ്വന്തം ലേഖകൻ
കോട്ടയം: നീണ്ട
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഷാജി കൈലാസ്- പൃഥ്വീരാജ് കൂട്ടുകെട്ടില്‍ വരുന്ന ‘കടുവ ഇന്ന് തിയറ്ററുകളില്‍ എത്തുന്നു.
ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിയമ തടസ്സങ്ങള്‍ മാറിയ ചിത്രത്തിന് യു/ എ സര്ട്ടിഫിക്കേഷന് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം വെര്‍ഷനാണ് ഇന്ന് തിയറ്ററുകളില്‍ എത്തുന്നത്. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് വെര്‍ഷനുകള്‍ ജൂലൈ എട്ടിന് തിയറ്ററുകളില്‍ എത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന് നല്കിയ പരാതിയെത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസിംഗില്‍ അനിശ്ചിതത്വം നേരിട്ടത്. പരാതി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി.
12 വര്‍ഷത്തെ പൊലീസ് വേട്ട ചെറുത്ത് ഡിജിപിയെ കൊണ്ട് മാപ്പു പറയിപ്പിച്ച, തോക്കിനോടും ബെന്‍സിനോടും ഒടുങ്ങാത്ത കമ്പമുള്ള, പാലാക്കാരന് പ്ലാന്റര്‍ കടുവാക്കുന്നേല്‍ കുറവച്ചന്റെ കഥയാണ് ‘കടുവ’യെന്നാണ് പൊതുവെയുള്ള സംസാരം. തനിക്ക് പ്രതിഫലം തരാതെയും തന്റെ സമ്മതം ഇല്ലാതെയും കഥ സിനിമയാക്കുന്നതിനെതെിരെ കുറവച്ചന് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. അന്ന് ഇത് കുറുവച്ചന്റെ കഥയല്ല, സാങ്കല്‍പ്പിക കഥയാണെന്ന് പറഞ്ഞാണ് ‘കടുവയുടെ’ അണിയറക്കാര്‍ തടിയൂരിയത്.
ചിത്രം പൂര്‍ത്തിയായി റിലീസിന് ഒരുങ്ങവെ കുറവച്ചന് വീണ്ടും കോടതിയെ സമീപിച്ചു. ചിത്രം തനിക്ക് അപകീര്‍ത്തികരമാണെന്നായിരുന്നു പരാതി. ഇത് പരിശോധിക്കാനായി കോടതി സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ ഭാഗമായി സെന്‍സര്‍ ബോര്‍ഡാണ് കുറവച്ചന്റെ കഥാപാത്രത്തിന്റെ പേര് മാറ്റി ചിത്രം ഇറക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
നേരത്തെ, മോഹന്‍ലാലും, സുരേഷ് ഗോപിയും, രഞ്ജിപ്പണിക്കരുമൊക്കെ സിനിമയാക്കാന്‍ വെച്ച കഥയായിരുന്നു കുറവച്ചന്റെത്. അത്രക്ക് സിനിമാറ്റിക്കാണ് ആ ജീവിതം.