കോടിയേരിയുടെ വിശ്വസ്തനെ തേടി ഒടുവില്‍ ക്യാബിനറ്റ് പദവി; ഷംസീര്‍ എത്തുന്നത് കേരള നിയമസഭയിലെ പ്രായംകുറഞ്ഞ സ്പീക്കര്‍ പദവിയിലേക്ക്; മുഹമ്മദ് റിയാസുമായുള്ള ഉരസലും മുഖ്യമന്ത്രിയുടെ അതൃപ്തിയും എ എൻ ഷംസീറിന് തിരിച്ചടിയായേക്കും; കണ്ണൂർ ജില്ലാ നേതൃത്വത്തിനും ഷംസീറിന്റെ കാര്യത്തിൽ താൽപ്പര്യക്കുറവ്; ഒന്നാം പിണറായി സർക്കാരിലെ ജനകീയ മുഖങ്ങളെ തിരികെ കൊണ്ടുവരുമോ?
തിരുവനന്തപുരം: എം.വി. ഗോവിന്ദന് സെക്രട്ടറിയായതോടെ സിപിഎം നേതൃത്വത്തിന്റെ കടിഞ്ഞാണ്‍ കണ്ണൂരിലേക്ക് എത്തിയതിന് പിന്നാലെ നിയമസഭയുടെ തലപ്പത്തേക്കും ഒരു കണ്ണൂരുകാരന് എത്തിയിരിക്കുകയാണ്. തലശ്ശേരി എംഎല്‍എയായ എ.എന്‍. ഷംസീറിനാണ് ആ നിയോഗം. നിലവില്‍ നിയമസഭ സ്പീക്കറായ എം.ബി.രാജേഷ് മന്ത്രിയാകുവാനായി സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ഷംസീറിന് ചുമതല കൈവരുന്നത്.
തന്റെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ കൈയടി നേടുമ്പോഴും മന്ത്രിസഭാ തലത്തിലും സഭയിലുമൊന്നും അത്രനല്ല അനുഭവമല്ല ഷംസീറിനുണ്ടായത്. സഭാ സമ്മേളനത്തിലുള്‍പ്പടെ ഇത് പ്രകടമായപ്പോള്‍ പ്രതിപക്ഷം അത് ആയുധമാക്കുന്ന കാഴ്ച്ചക്കുവരെ സഭയും രാഷ്ട്രീയ കേരളവും സാക്ഷിയായി.ഏറ്റവും ഒടുവില്‍ സ്പീക്കറുടെ പരസ്യശാസനയ്ക്ക് വരെ പാത്രമായപ്പോഴും തന്റെ രീതികളില്‍ നിന്ന് ഷംസീര്‍ അണുവിട മാറിയിട്ടില്ല.
സംഘടനാ-പാര്‍ലമെന്ററി രംഗങ്ങളില്‍ കൂടുതല്‍ ചെറുപ്പക്കാരെ പരിഗണിക്കണമെന്നത് ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനം തീരുമാനമായിരുന്നു. ഇതിന്റെ ചുവട് പിടിച്ചുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയിലും ഒപ്പം സഭയിലും നടക്കുന്നത്. ഷംസീറിനെയും രാജേഷിനെയും നിര്‍ണായക സ്ഥാനങ്ങളിലേക്ക് പാര്‍ട്ടി നിശ്ചയിച്ചത് ഈ നീക്കത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ നീക്കം എ എന്‍ ഷംസീറിന് നല്കുന്നതാകട്ടെ കേരള നിയമസഭ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറെ്ന്ന നേട്ടവും.എം വി ഗോവിന്ദന് പകരക്കാരനായി എം.ബി രാജേഷിനെ കൊണ്ടുവരുന്നതോടെ ഇടത് മന്ത്രിസഭ കൂടുതല്‍ ചെറുപ്പമായി മാറും.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സിപിഎമ്മിന്റെ യുവ മുഖങ്ങളില്‍ ഒന്നായ എ എന്‍ ഷംസീര്‍ മന്ത്രി സഭയില്‍ ഉണ്ടാകുമെന്ന് പലരും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം സ്പീക്കറായാണ് പാര്‍ട്ടി ഷംസീറിനെ പരിഗണിച്ചത്.കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്റെ പ്രഥമ ചെയര്‍മാനായാണ് എ എന്‍ ഷംസീര്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സുപരിചിതമായ മുഖം ആയത്.
കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായാണ് ചുമതലയേല്‍ക്കുക.വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് അഡ്വ എ എന്‍ ഷംസീര്‍ പൊതുരംഗത്തെത്തിയത്. കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
സമരമുഖങ്ങളില്‍ തീപ്പന്തമായി ജ്വലിച്ചുനിന്ന എ എന്‍ ഷംസീറിനെ കേരളം മറന്നിട്ടില്ല. പ്രൊഫഷനല്‍ കോളേജ് പ്രവേശന കൗണ്‍സിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസിന്റെ ക്രൂര മര്‍ദനത്തിനിരയായി. 1999ല്‍ ധര്‍മടം വെള്ളൊഴുക്കില്‍വെച്ച് ആര്‍എസ്എസ് അക്രമത്തിനിരയായി. അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മലബാര്‍ കാന്‍സര്‍സെന്ററിലെത്തുന്ന അര്‍ബുദരോഗികളുടെ കണ്ണീരൊപ്പാന്‍ രൂപീകരിച്ച ആശ്രയചാരിറ്റബിള്‍ സൊസൈറ്റിവര്‍ക്കിങ്ങ് ചെയര്‍മാനാണ്.
2016 ല്‍ 34117 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആദ്യമായി നിയമസഭാംഗമായത്. 2021ല്‍ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു. തലശേരിയുടെ വികസനത്തില്‍ ഭാവനാപൂര്‍ണമായ ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കമിടാനും പൂര്‍ത്തിയാക്കാനും സാധിച്ചു. തലശേരി കലാപകാലത്ത് ഏറെ പ്രയാസം അനുഭവിച്ചതാണ് ഷംസീറിന്റെ കോടിയേരി മാടപ്പീടികക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്. റിട്ട. സീമാന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ എന്‍ സറീനയുടെയും മകന്. ഭാര്യ: ഡോ. പി എം സഹല (കണ്ണൂര്‍ സര്‍വകലാശാല ഗസ്റ്റ് ലക്ചര്‍). മകന്: ഇസാന്.
മന്ത്രിസഭയിൽ എം വി ഗോവിന്ദന്റെ വിടവ് മാത്രം നികത്തിയാൽ മതിയോ സർക്കാരിന്റെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടന വേണമോ എന്നതാകും ഇനി സിപിഎമ്മിന്റെ മുന്നിലുള്ള ചർച്ചാ വിഷയം. പുനഃസംഘടനയൊക്കെ വരും ചർച്ചകളിലാകും ഉണ്ടാകുകയെന്ന് സെക്രട്ടറി ആയതിന് പിന്നാലെ എം വിഗോവിന്ദൻ പ്രതികരിച്ചു. കാത്തിരിക്കൂവെന്നാണ് ഇ.പി.ജയരാജൻ മറുപടി നൽകിയത്. മന്ത്രിസഭാ പുനഃസംഘടന വരികയാണെങ്കിൽ പുതുമുഖങ്ങളാകുമോ അതോ ഒന്നാം പിണറായി സർക്കാരിലെ ജനകീയ മുഖങ്ങളെ തിരികെ കൊണ്ടുവരുമോ എന്നതാണ് ശ്രദ്ധേയം.