ഗാനഗന്ധർവ്വന് 83 ;ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി ചലച്ചിത്ര ഗാനശാഖയിലേക്ക്;സംഗീത ലോകത്തുമാത്രമല്ല, കര്‍ണ്ണാടകസംഗീത രംഗത്തും പ്രതിഭ

ഗാനഗന്ധർവ്വന് 83 ;ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി ചലച്ചിത്ര ഗാനശാഖയിലേക്ക്;സംഗീത ലോകത്തുമാത്രമല്ല, കര്‍ണ്ണാടകസംഗീത രംഗത്തും പ്രതിഭ

Spread the love

സ്വന്തം ലേഖകൻ
മലയാളികളുടെ സ്വകാര്യ അഹങ്കാരത്തിന് ,ഒരേയൊരു ഗാന ഗന്ധർവ്വന് ഇന്ന് 83-ാം പിറന്നാൾ.മലയാളികളുടെ എക്കാലത്തെയും അഭിമാനമാണ് പ്രിയ ഗായകന്‍ കെ.ജെ. യേശുദാസ്. പകരം വയ്ക്കാനില്ലാത്ത ശബ്ദത്തിന്റെ ഉടമ.

എത്ര കേട്ടാലും മതിവരാത്ത എത്രയോ ഗാനങ്ങള്‍ യേശുദാസിന്റെ ശബ്ദത്തില്‍ നാമിന്നും ആസ്വദിക്കുന്നു. ചലച്ചിത്ര സംഗീത ലോകത്തുമാത്രമല്ല, കര്‍ണ്ണാടകസംഗീത രംഗത്തും പ്രതിഭധനനാണ് യേശുദാസ് .

കെ ജെ യേശുദാസ്‌ എന്ന കട്ടാശേരി ജോസഫ് യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. 1940 ജനുവരി 10-ന് ഫോര്‍ട്ടുകൊച്ചിയിലെ റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. ശാസ്ത്രീയ സംഗീതത്തോട്‌ അതും കര്‍ണ്ണാടക സംഗീതത്തോട്‌ വലിയ തല്‍പര്യം പുലര്‍ത്താത്ത ഒരു സമുദായത്തില്‍ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛന്‍ തന്നെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്ത്രണ്ടാം വയസില്‍ ആദ്യത്തെ കച്ചേരി നടത്തി.അതോടെ നാട്ടുകാര്‍ ദാസപ്പന്‍ എന്ന ഓമനപ്പേരില്‍ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആര്‍ എല്‍ വി സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദപരിശോധനയില്‍ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌.

1961 നവംബര്‍ 14-നാണ്‌ യേശുദാസിന്റെ ആദ്യഗാനം റെക്കോഡ്‌ ചെയ്യപ്പെട്ടത്. ‘ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചു. ഇന്നും മലയാളിയുടെ മനസില്‍ ആഴത്തിലാണ് ഈ പാട്ടിന്റെ സ്ഥാനം. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ്‌ നടന്നത്‌.

എം ബി ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയില്‍ പിന്നീടുകണ്ടത്‌ യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്‌.

8 തവണയാണ്ചലച്ചിത്ര പിന്നണി ഗാനാലാപനത്തിന് അദ്ദേഹം ദേശീയ പുരസ്കാരത്തിന് അര്‍ഹനായത്. മികച്ച ഗായകനുള്ള കേരളാ സംസ്ഥാന അവാര്‍ഡ് 25 തവണ ലഭിച്ചിട്ടുണ്ട്. മിക്ക ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുള്ള യേശുദാസിന് 8 തവണ തമിഴ്നാട് സംസ്ഥാന അവാര്‍ഡും 6 തവണ ആന്ധപ്രദേശ് സംസ്ഥാന അവാര്‍ഡും 5 തവണ കര്‍ണാടക സംസ്ഥാന അവാര്‍ഡും ഒരു തവണ പശ്ചിമ ബംഗാള്‍ സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കേരളാ സര്‍ക്കാരിന്റെ സ്വാതിതിരുനാള്‍ പുരസ്കാരം നേടിയിട്ടുള്ള യേശുദാസിന് എണ്ണമറ്റ മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട ഗായകന് ആശംസ അർപ്പിച്ചു കൊണ്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങൾ അറിയിക്കുന്നത്.

Tags :