ചിട്ടി – ജുവലറി തട്ടിപ്പ്: നിക്ഷേപകർ 5100; പരാതി നൽകിയത് 1200 പേർ മാത്രം; ബാക്കിയുള്ളവരെല്ലാം കള്ളപ്പണക്കാരോ..? വിലാസമില്ലാത്ത 1500 നിക്ഷേപകർ

ചിട്ടി – ജുവലറി തട്ടിപ്പ്: നിക്ഷേപകർ 5100; പരാതി നൽകിയത് 1200 പേർ മാത്രം; ബാക്കിയുള്ളവരെല്ലാം കള്ളപ്പണക്കാരോ..? വിലാസമില്ലാത്ത 1500 നിക്ഷേപകർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചിട്ടി – ജുവലറി തട്ടിപ്പിൽ കുടുങ്ങി കുന്നത്ത്കളത്തിൽ ജുവലറിയും – ചിട്ടിക്കമ്പനിയും പൂട്ടിയിട്ട് മാസങ്ങളായിട്ടും ഇതുവരെ പരാതിയുമായി എത്താത്തത് 3900 നിക്ഷേപകർ..! കുന്നത്ത്കളത്തിൽ ജുവലറി ഗ്രൂപ്പ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ള 1500 നിക്ഷേപകർക്ക് വിലാസം പോലുമില്ല. നഗരത്തിലെ വമ്പൻമാരുടെ കോടികളുടെ കള്ളപ്പണമാണ് വിവിധ പേരുകളിൽ കമ്പനിയിൽ നിക്ഷേപിച്ചിരുന്നതെന്നാണ് സൂചന ലഭിക്കുന്നത്. നഗരത്തിലെ രാഷ്ട്രീയ സാമുദായിക രംഗങ്ങളിലെല്ലാം വിശ്വനാഥന് ബന്ധങ്ങളുണ്ടായിരുന്നു. ഈ ബന്ധത്തിലൂടെ ലഭിച്ച കോടികളുടെ കള്ളപ്പണം നിക്ഷേപമായി ഇവിടെ സൂക്ഷിച്ചിരുന്നതായാണ് വിവരം. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാവും, ജനപ്രതിനിധിയും അടക്കമുള്ളവർക്ക് കുന്നത്ത്കളത്തിൽ ഗ്രൂപ്പിൽ നിക്ഷേപമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. പ്രമുഖ ദിനപത്രത്തിന്റെ ഉടമകൾക്കും ഇവിടെ നിക്ഷേപമുണ്ടെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു.
കുന്നത്ത്കളത്തിൽ ഗ്രൂപ്പിന് 66.5 കോടിരൂപയുടെ ആസ്ഥിയാണ് നിലവിലുള്ളത്. 135 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് കുന്നത്ത്കളത്തിൽ ഗ്രൂപ്പ് നൽകിയിരിക്കുന്ന പാപ്പർ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. 110 കിലോ സ്വർണം വിവിധ ജുവലറികളിൽ ഉണ്ടെന്നു വ്യക്തമാക്കിയിരിക്കുന്നതിൽ 103 കിലോയും റിസീവർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
66.5 കോടി രൂപയുടെ അസ്ഥിയാണ് 5100 നിക്ഷേപകർക്കായി നൽകേണ്ടത്. എന്നാൽ, ഇതിൽ ഏറെയും സ്വകാര്യ ദേശസാൽകൃത ബാങ്കുകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമാണ്. ഇവർക്കു നൽകാനുള്ള തുകയ്ക്കായി ആസ്ഥികൾ അറ്റാച്ച് ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവർ നേരത്തെ തന്നെ കേസിന്റെ നടപടികൾ നടക്കുന്ന കോടിതികളിൽ റിപ്പോർട്ട് സമർപിപ്പിച്ചിട്ടുണ്ട്.
കുമാരനല്ലൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനു ഒരു കോടി രൂപയ്ക്ക് മുകളിൽ കുന്നത്ത് കളത്തിൽ ഗ്രൂപ്പ് നൽകാനുണ്ട്. 15.69 കോടി രൂപയാണ് ഇത്തരത്തിൽ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും മാത്രമായി കുന്നത്ത്കളത്തിൽ ഗ്രൂപ്പ് നൽകാനുള്ളത്. ഈ തുക എടുത്ത ശേഷം ബാക്കിയുള്ള തുകയാവും നിക്ഷേപകർക്ക് വീതം വെച്ച് നൽകുക. ഇതിനായി ബാങ്കുകൾ വസ്തുക്കളും, സ്വർണവും അടക്കമുള്ളവ ജപ്തി ചെയ്യുന്ന നടപടികളിലേയ്ക്ക് കടന്നാൽ നഷ്ടമുണ്ടാകുക ചെറുകിട നിക്ഷേപകർക്ക് മാത്രമാവും.