കള്ളനോട്ട് കേസ്; കൃഷി ഓഫീസര്‍ ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി; നടപടി കോടതി നിര്‍ദേശപ്രകാരം
സ്വന്തം ലേഖിക
ആലപ്പുഴ: കള്ളനോട്ട് കേസില്‍ ആലപ്പുഴയില്‍ അറസ്റ്റിലായ കൃഷി ഓഫീസര്‍ എം ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി.
തിരുവനന്തപുരം സര്‍ക്കാര്‍ മാനസികാരോഗ്യ ആശുപത്രിയിലേയ്ക്കാണ് മാറ്രിയത്. കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാവേലിക്കര ജയിലില്‍ കഴിഞ്ഞിരുന്ന ജിഷയെ ഇന്നലെ രാത്രിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കോടതിയില്‍ ജിഷ പറഞ്ഞിരുന്നു. എന്നാലിത് കള്ളനോട്ട് സംഘത്തിലുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണെന്ന സംശയത്തിലാണ് പൊലീസ്.
ആലപ്പുഴയിലെ ബാങ്കില്‍ ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകളെ കുറിച്ച് മാനേജര്‍ക്ക് തോന്നിയ സംശയമാണ് ജിഷമോളെ കുടുക്കിയത്. ബാങ്ക് മാനേജറുടെ പരാതി പ്രകാരം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജിഷയുടെ വീട്ടിലെ ജോലിക്കാരന്‍ കുഞ്ഞുമോനാണ് വ്യാപാരിക്ക് നോട്ടുകള്‍ നല്‍കിയതെന്ന് കണ്ടെത്തി.
ടാര്‍പ്പോളിന്‍ വാങ്ങിയതിന്റെ 3,500 രൂപയ്ക്കാണ് ഇയാള്‍ വ്യാപാരിക്ക് കള്ളനോട്ടുകള്‍ നല്‍കിയത്. കുഞ്ഞുമോന് ഈ പണം നല്‍കിയത് ജിഷയാണ്. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും അവരെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
യുവതി കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടുകളുടെ ഉറവിടം വെളിപ്പെടുത്താന്‍ ഇവര്‍ തയാറായിട്ടില്ല.
അതേസമയം, ജോലിക്കാരന് നല്‍കിയത് വ്യാജ നോട്ടുകളാണെന്ന് തനിക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസിനോട് ജിഷമോള്‍ സമ്മതിച്ചിട്ടുണ്ട്.