ഭാരതിനും കിംസിനും എല്ലാ സ്വകാര്യ ആശുപത്രികൾക്കും മുന്നിൽ സർക്കാർ മുട്ടിലിഴയുന്നു: പാവപ്പെട്ട നഴ്‌സുമാർക്കു വേണ്ടി ശബ്ദമുയർത്തിയിരുന്ന യുഎൻഎയെ പൂട്ടിക്കെട്ടാൻ സർക്കാരിന്റെ കൂട്ട് സ്വകാര്യ ആശുപത്രികൾക്ക്; കൊടുംകുറ്റവാളികൾ പോലും സ്വതന്ത്രമായി വിഹരിക്കുമ്പോൾ യുഎൻഎ നേതാവ് ജാസ്മിൻഷായ്‌ക്കെതിരെ പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

ഭാരതിനും കിംസിനും എല്ലാ സ്വകാര്യ ആശുപത്രികൾക്കും മുന്നിൽ സർക്കാർ മുട്ടിലിഴയുന്നു: പാവപ്പെട്ട നഴ്‌സുമാർക്കു വേണ്ടി ശബ്ദമുയർത്തിയിരുന്ന യുഎൻഎയെ പൂട്ടിക്കെട്ടാൻ സർക്കാരിന്റെ കൂട്ട് സ്വകാര്യ ആശുപത്രികൾക്ക്; കൊടുംകുറ്റവാളികൾ പോലും സ്വതന്ത്രമായി വിഹരിക്കുമ്പോൾ യുഎൻഎ നേതാവ് ജാസ്മിൻഷായ്‌ക്കെതിരെ പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭാരതും കാരിത്താസും കിംസും ചേർത്തയിലെ പി.വി.എസും അടക്കമുള്ള സ്വകാര്യ ആശുപത്രികളുടെ സമ്മർദത്തിന് വഴങ്ങി യുഎൻഎ എന്ന നഴ്‌സുമാരുടെ സംഘടനയെ തകർക്കാൻ സർക്കാരും കൂട്ടു നിൽക്കുന്നു. യുഎൻഎയുടെ അമരക്കാരനായ ജാസ്മിൻ ഷായ്ക്കും കൂട്ടാളികൾക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ പൊലീസ്, ഇവരെ കൊടും ക്രിമിനലുകളെ പോലെയാണ് കൈകാര്യം ചെയ്യുന്നത്. യുഎൻഎയിലെ തട്ടിപ്പുകളെപ്പറ്റി അന്വേഷിക്കുന്നതിന്റെ മറവിൽ സംഘടനയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സർക്കാരിന്റെയും ക്രൈം ബ്രാ്ഞ്ച് അന്വേഷണ സംഘത്തിന്റെയും ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് സംഘടയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. താൻ ഒളിവിൽ പോയിട്ടില്ല.  ഭാര്യക്കൊപ്പം ഖത്തറിലെ വീട്ടിൽ ഉണ്ട്. തന്റെ യാത്രാ വിവരങ്ങളെല്ലാം പരസ്യമായിരുന്നു. രഹസ്യമായല്ല എങ്ങും പോയത്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച കേരളത്തിലെ പത്രങ്ങളിലെല്ലാം ജാസ്മിന്റെയും മറ്റ് മൂന്ന് യുഎൻഎ നേതാക്കളുടെയും ചിത്രങ്ങൾ സഹിതം ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. താൻ ഖത്തറിലുള്ള വിവരം ഫേസ്ബുക്കിൽ പരസ്യമായി പോസ്റ്റായി ഇട്ടതാണെന്നും അവധിക്ക് ശേഷം സെപ്റ്റംബർ 15ന് മടങ്ങി എത്തുന്ന കാര്യവും എല്ലാവർക്കും അറിവുള്ളതാണെന്നും ജാസ്മിൻ ഷാ പറഞ്ഞു.
മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയുമാണ് തനിക്കെതിരെ ക്രൈംബ്രാഞ്ച് നോട്ടീസ് പുറപ്പെടുവിച്ച വിവരം അറിയുന്നത്. നിലവിൽ ദോഹയിൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം വീട്ടിലുണ്ട്. യുഎൻഎക്ക് എതിരായ സാമ്പത്തിക ആരോപണത്തിൽ ആദ്യ അന്വേഷണ സംഘം ജാസ്മിൻഷായ്ക്കും സംഘത്തിനും ക്ലീൻചിറ്റ് നൽകിയിരുന്നു. ഇതിന് ശേഷം കേസിലെ എഫ്ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കയാണ്. ഇതിനിടെ എന്തിനാണ് ധൃതിപെട്ട് ക്രൈംബ്രാഞ്ച് സംഘം തനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് എന്നാണ് ജാസ്മിൻ ഷായുടെ ചോദ്യം. യുഎൻഎ പോലെ പ്രബലമായ ഒരു തൊഴിലാളി സംഘടനയുടെ ദേശീയ അധ്യക്ഷനാണ് താനെന്നും ജാസ്മിൻ ചൂണ്ടിക്കാട്ടുന്നു.
യുഎൻഎയിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തന്നെ ഒരിക്കൽ പോലും ഫോണിൽ വിളിച്ചിട്ടില്ലെന്നും ജാസ്മിൻഷാ പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ക്രൈംബ്രാഞ്ചിൽ നിന്നും ഒരു രജിസ്ട്രേഡ് നോട്ടീസ് വന്നിരുന്നു. അത് കൈപ്പറ്റാൻ താൻ സ്ഥലത്തില്ലാത്തതിലാൻ സാധിച്ചില്ല. എന്നാൽ, സെപ്റ്റംബർ 15ന് തിരികെ വരുമെന്ന കാര്യം വീട്ടുകാർ അറിയിച്ചിരുന്നു. തന്റെ പ്രോഗ്രാം ഷെഡ്യൂൾ അടക്കം വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നുവെന്നും ജാസ്മിൻ പറയുന്നു. ഇപ്പോൾ ധൃതിപിടിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച കാര്യം രാഷ്ട്രീയ പ്രേരിതമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും യുഎൻഎ അധ്യക്ഷൻ പറയുന്നു.
ആറ് തവണ യുഎൻഎക്കെതിരായ കേസ് കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. ഇതിൽ ഒരു ഘട്ടത്തിലും തങ്ങൾക്കെതിരായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ല. കേസിലെ രാഷ്ട്രീയ ഇടപെടലുകളും കോടതിയെ ബോധിപ്പിച്ചിരുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകാൻ നോട്ടീസ് വന്നിരുന്നില്ലെന്നും ജാസ്മിൻ വ്യക്തമാക്കുന്നു. താൻ മാറിമാറി ഒളിവിൽ കഴിയുന്നു എന്ന വാദത്തിലേക്ക് എങ്ങനെയാണ് ക്രൈംബ്രാഞ്ച് എത്തിയതെന്നാണ് ജാസ്മിന്റെ ചോദ്യം. ഖത്തറിലെ തന്റെ അഡ്രസ് അടക്കം ഉദ്യോഗസ്ഥർക്ക് അറിവുള്ള കാര്യമാണെന്നും ജാസ്മിൻ പറയുന്നു.
ജാസ്മിനെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, പി ഡി ജിത്തു, നിതിൻ മോഹൻ എന്നിവർക്കെതിരെയും ക്രൈംബ്രാഞ്ച് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. പ്രതികൾ ഒളിവിൽ പോയി എന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസിൽ പറയുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു.