ഭാര്യയും ഭർത്താവും ചേർന്ന് നടത്തിയ പെൺവാണിഭ സംഘത്തിൽ കുടുങ്ങിയത് പത്തൊൻപതുകാരി: പെൺകുട്ടിയെ പീഡിപ്പിച്ചത് 11 പേരെന്ന് കണ്ടെത്തി; പലർക്കും കാഴ്ച വച്ച ദമ്പതിമാർ സ്വന്തമാക്കിയത് ലക്ഷങ്ങൾ

ഭാര്യയും ഭർത്താവും ചേർന്ന് നടത്തിയ പെൺവാണിഭ സംഘത്തിൽ കുടുങ്ങിയത് പത്തൊൻപതുകാരി: പെൺകുട്ടിയെ പീഡിപ്പിച്ചത് 11 പേരെന്ന് കണ്ടെത്തി; പലർക്കും കാഴ്ച വച്ച ദമ്പതിമാർ സ്വന്തമാക്കിയത് ലക്ഷങ്ങൾ

ക്രൈം ഡെസ്‌ക്
തൃശൂർ: ഭാര്യയും ഭർത്താവും ചേർന്ന് നടത്തുന്ന പെൺവാണിഭ സംഘത്തിൽ കുടുങ്ങിയ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചത് 11 പേരെന്ന് പൊലീസ് കണ്ടെത്തി. കൂടുതൽ ആളുകൾ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ, ഇവരെ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്ന സാഹചര്യത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി, ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിലായതോടെയാണ് പീഡന – പെൺവാണിഭ സംഘത്തെപ്പറ്റിയുള്ള വിവരം പുറത്തായത്. തുടർന്ന് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരായ ദമ്പതിമാർ പിടിയിലായത്.
ദമ്പതികളെ പിടികൂടിയെങ്കിലും പത്തോളം പ്രതികൾ ഇനിയും ഉണ്ടെന്നാണ് പൊലീസ് പറുന്നത്.
വാഴേലിപറമ്പിൽ അനീഷ് കുമാർ (45), ഭാര്യ നീതു (33) എന്നിവരെയാണ് തൃശൂർ ജില്ല റൂറൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്പി. പി. പ്രദീപ്കുമാർ അറസ്റ്റുചെയ്തത്. വാട്‌സ് ആപ്പ് വഴി ചന്ദ്രൻ എന്നയാളെയാണ് പെൺകുട്ടി ആദ്യം പരിചയപ്പെടുന്നത്. പിന്നീടാണ് ചന്ദ്രനും ദമ്പതിമാരും ചേർന്ന് പെൺകുട്ടിയെ അങ്കമാലി അത്താണിയിലെത്തിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ സംഘം വശീകരിച്ചത്. ജോലിയുടെ ആവശ്യത്തിനെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ആലുവയിൽ പെൺകുട്ടിയെ എത്തിച്ച് ലൈംഗീക പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ഇതിന്റെ വീഡിയോയും മറ്റും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ വീണ്ടുമെത്തിച്ച് വിവിധയാളുകൾക്ക് കാഴ്ച വയ്ക്കുകയായിരുന്നു. മോഡലിംഗിന്റെ ആവശ്യത്തിനെന്ന് പറഞ്ഞെടുത്ത ഫോട്ടോകളായിരുന്നു ഇടപാടുകാർക്ക് നൽകിയിരുന്നത്. ആവശ്യക്കാരിൽ നിന്നും വൻ തുകയാണ് ഇവർ ഈടാക്കിയത്. പെൺകുട്ടി മാനസികമായി തകർന്നതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന്  പെൺകുട്ടിയെ മാതാപിതാക്കൾ ചോദ്യം ചെയ്തതോടെയാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്.
അതിനുശേഷം ഭീഷണിപ്പെടുത്തി പലതവണ പലരും പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴിനൽകിയിരിക്കുന്നത്.
സംഭവത്തെ തുടർന്ന് പെൺകുട്ടി കഴിഞ്ഞ 28-ന് ജീവനൊടുക്കാൻ ശ്രമം നടത്തി. ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയും കേസെടുക്കുകയുമായിരുന്നു. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ദമ്പതിമാരെ അന്വേഷണസംഘം തന്ത്രപൂർവം ചാലക്കുടി ഡിവൈ.എസ്പി. ഓഫീസിലെത്തിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. മാള സിഐ. വി. സജിൻ ശശി, എസ്ഐ. അനിൽകുമാർ, എഎസ്ഐ. ജോൺസൺ, സി.പി.ഒ.മാരായ റോയ് പൗലോസ്, മൂസ, സതീശൻ, തോമസ്, ഷീബ, സുനിൽ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.