ഇരവികുളത്ത്  പിറന്നത് 110 വരയാടിന്‍ കുഞ്ഞുങ്ങള്‍ ; ശല്യപ്പെടുത്താന്‍ ടൂറിസ്റ്റുകളില്ലാതായതോടെ തുള്ളിച്ചാടി ദേശിയ ഉദ്യാനത്തിൽ വിസ്മയം തീർക്കുന്നു  : സുരക്ഷയൊരുക്കി തള്ളയാടുകളും

ഇരവികുളത്ത് പിറന്നത് 110 വരയാടിന്‍ കുഞ്ഞുങ്ങള്‍ ; ശല്യപ്പെടുത്താന്‍ ടൂറിസ്റ്റുകളില്ലാതായതോടെ തുള്ളിച്ചാടി ദേശിയ ഉദ്യാനത്തിൽ വിസ്മയം തീർക്കുന്നു : സുരക്ഷയൊരുക്കി തള്ളയാടുകളും

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ഇരവികുളത്ത് പിറന്നത് 110 വരയാടിന്‍ കുഞ്ഞുങ്ങള്‍. എന്നാല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ശല്യപ്പെടുത്താന്‍ ടൂറിസ്റ്റുകളില്ല. ഇതോടെ
ഏകാന്തതയില്‍ തുള്ളിച്ചാടുകയാണ് ഈ കുഞ്ഞുങ്ങള്‍. ഇവയ്ക്ക് സുരക്ഷയൊരുക്കി തള്ളയാടുകളും ഒപ്പമുണ്ട്.

ശരാശരി 80 കുഞ്ഞുങ്ങളാണ് പ്രതിവര്‍ഷം പിറന്നിരുന്നത്. എന്നാല്‍ ഇക്കുറി പിറന്നത് 110 കുഞ്ഞുങ്ങളാണെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉള്‍വനത്തിലാണ് സാധാരണ വരയാടുകള്‍ പ്രസവിക്കുന്നത്. ഇക്കുറി വരയാടുകള്‍ പ്രസവത്തിനായി വനത്തിനുള്ളിലേക്ക് പോയിട്ടില്ലെന്നും ദേശീയോദ്യാനം പരിസരത്തുതന്നെയാണ് മിക്കതും പ്രസവിച്ചതെന്നും വാര്‍ഡന്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കുഞ്ഞുങ്ങള്‍ കാര്യമായി നഷ്ടപ്പെട്ടിട്ടില്ലെന്നും ലക്ഷ്മി വ്യക്തമാക്കുന്നു.

ശരാശരി നാലു ലക്ഷം വിനോദസഞ്ചാരികളാണ് ഇരവികുളം ദേശീയോദ്യാനത്തില്‍ എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. മഹാപ്രളയത്തെ തുടര്‍ന്ന് ഇരവികുളത്തേക്കുള്ള റോഡുകള്‍ തകര്‍ന്നതും മൂന്നാറിലെ ചെറിയപുഴ പാലം ഒലിച്ചുപോയതും ടൂറിസ്റ്റുകളുടെ വരവിന് വിഘാതമായിരുന്നു.

വനംവകുപ്പിന്റെ ബസുകള്‍ സജ്ജമാക്കിയാണ് കഴിഞ്ഞ തവണ ടൂറിസ്റ്റുകളെ ഉദ്യാനത്തില്‍ എത്തിച്ചത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി എത്തിയത് 1,34,957 ടൂറിസ്റ്റുകള്‍ മാത്രമാണ്. സെപ്തംബറില്‍ 55,443 ഉം ഒക്ടോബറില്‍ 79,514 ഉം സഞ്ചാരികളാണ് എത്തിയത്.

ഒക്ടോബര്‍ മുതല്‍ ജനുവരിവരെയാണ് വരയാടുകളെ കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി സഞ്ചാരികള്‍ കൂടുതലായി എത്തിയിരുന്നത്. വിദേശത്തുനിന്നും വടക്കേ ഇന്ത്യയില്‍ നിന്നുമാണ് കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തിയിരുന്നത്.

കൊവിഡിനെ തുടര്‍ന്ന് സര്‍ക്കാര്‍ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് എന്‍.ജി.ഒകളെയും വിദ്യാര്‍ത്ഥികളെയും ഒഴിവാക്കിയാണ് വരയാടുകളുടെ സെന്‍സസ് വനംവകുപ്പ് രേഖപ്പെടുത്തിയത്.

മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ലക്ഷ്മിയുടെ നേതൃത്വത്തില്‍ 18 വനംവകുപ്പ് ഉദ്യോഗസ്ഥരും 70 വാച്ചര്‍മാരും ചേര്‍ന്നാണ് അഞ്ചു ദിവസം നീണ്ടുനിന്ന സര്‍വ്വേ ഏപ്രില്‍ ഇരപതിന് ആരംഭിച്ചത്. 730 വരയാടുകളെ രാജമലയില്‍ മാത്രം കണ്ടെത്തി.

വരയാടുകളുടെ പ്രസവകാലം അടുത്തതിനാല്‍ കഴിഞ്ഞ ജനുവരി ഇരുപതിന് ദേശീയോദ്യാനം അടച്ചിരുന്നു. മാര്‍ച്ച് 19ന് തുറക്കേണ്ടതായിരുന്നു. എന്നാല്‍ വൈറസ് വ്യാപിച്ചതോടെ ഉദ്യാനം ഇതുവരെ തുറന്നിട്ടില്ല. ഇതോടെ ദേശീയോദ്യാനത്തിന് നഷ്ടപ്പെട്ടത് കോടികളാണ്.