വയനാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പൂജ്യത്തില്‍ നിന്നും എട്ടിലേക്ക് ; കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് : ഗ്രീന്‍ സോണിലായിരുന്ന വയനാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു

വയനാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പൂജ്യത്തില്‍ നിന്നും എട്ടിലേക്ക് ; കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് : ഗ്രീന്‍ സോണിലായിരുന്ന വയനാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു

സ്വന്തം ലേഖകന്‍

വയനാട്: ഒരു വൈറസ് ബാധിതര്‍ പോലും ഇല്ലാതെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടിരുന്ന വയനാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. സംസ്ഥാനത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് വയനാട്ടിലാണ്.

ചെന്നൈയില്‍ വന്‍തോതില്‍ രോഗവ്യാപനമുണ്ടായ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്നവരും, അതില്‍ ഒരാളുമായി സമ്പര്‍ക്കത്തിലായവരും ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് രോഗം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ 16 പേര്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. ഏപ്രില്‍മാസം കോയമ്പേട് മാര്‍ക്കറ്റില്‍ ചരക്കെടുക്കാന്‍ പോയ മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറില്‍നിന്ന് ഇതുവരെ ആറ് പേരിലേക്കാണ് രോഗം പടര്‍ന്നത്. ഇതില്‍ ഇയാളുടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും 84 വയസുളള അമ്മയും ഉള്‍പ്പെടും.

ഇവരുമായി സമ്പര്‍ക്കത്തിലായവരടക്കം 1855 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലാണ്. കോയമ്പേട് മാര്‍ക്കറ്റില്‍ പോയിവന്ന ആറ് ലോറി ഡ്രൈവര്‍മാരുടെത് ഉള്‍പ്പെടെ കൂടുതല്‍ പേരുടെ സാമ്പിള്‍ പ്രത്യേകം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതുവരെ ഫലം ലഭിച്ചവരില്‍ രോഗികളാരുമില്ല. എന്നാല്‍, മുന്‍കരുതലെന്നോണം ജില്ലയില്‍നിന്ന് സംസ്ഥാനത്തിന് പുറത്ത് ചരക്കെടുക്കാന്‍ പോകുന്ന ലോറി ഡ്രൈവര്‍മാരെ നിലവില്‍ വീടുകളിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല.

ഇവര്‍ക്കായി പ്രത്യേക താമസ സൗകര്യം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ ഒരാളുടെത് ഒഴികെ മറ്റെല്ലാവരുടെയും റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ജില്ലയില്‍ തിരുനെല്ലി , എടവക, മാനന്തവാടി പഞ്ചായത്തുകളുടെ എല്ലാ വാര്‍ഡുകളും, അമ്പലവയല്‍, മീനങ്ങാടി , വെള്ളമുണ്ട, നെന്‍മേനി പഞ്ചായത്തിലെ ചില വാര്‍ഡുകളും നിലവില്‍ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്.