ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും ഓൾ റൗണ്ടർമാരിൽ ഒരാളായ യുവരാജ് സിംഗ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും ഓൾ റൗണ്ടർമാരിൽ ഒരാളായ യുവരാജ് സിംഗ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

സ്വന്തം ലേഖിക

 

മുംബൈ: 37ാമത്തെ വയസിൽ, 40 രാജ്യാന്തര ടെസ്റ്റുകൾക്കും 304 ഏകദിനങ്ങൾക്കും 58 ട്വന്റി-ട്വന്റിക്കും പിന്നാലെ ഇന്ത്യയുടെ 2011ലെ ലോകകപ്പ് ഹീറോ യുവരാജ് സിങ് ക്രിക്കറ്റ് ബാറ്റ് താഴെ വെച്ചിരിക്കുകയാണ്. താരം ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. ഏകദിനത്തിൽ 8701 റൺസ് അടിച്ചെടുത്ത താരം 2000ലാണ് ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 2017ലായിരുന്നു അവസാന രാജ്യാന്തര മത്സരം.വെടിക്കെട്ട് ബാറ്റിങിന്റെ മാത്രമല്ല, സ്‌റ്റൈലിഷ് ക്രിക്കറ്റിന്റെ കൂടി പ്രതിരൂപമാണ് ഇന്ത്യക്കാർക്ക് യുവി. യുവതാരങ്ങളിൽ സിങ്കക്കുട്ടിയായാണ് ആരാധകർ താരത്തെ പരിഗണിച്ചിരുന്നതും. 17 വർഷം നീണ്ട ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് യുവി വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ താരം ഇന്ത്യക്കായി നേടിയെടുത്ത നേട്ടങ്ങൾ ഓർത്തെടുക്കുകയാണ് ഓരോ ആരാധകനും.2011ൽ ഇന്ത്യ സ്വന്തമാക്കിയ ലോകകപ്പിൽ യുവരാജിന്റെ പ്രകടനം ഒരു ഇന്ത്യക്കാരൻ മറക്കുകയെങ്ങനെ. ആ ടൂർണമെന്റിൽ മാത്രം 362 റൺസെടുത്ത് 15 വിക്കറ്റും വീഴ്ത്തി 4 മാൻ ഓഫ് ദ് മാച്ച് നേട്ടവും പ്ലേയർ ഓഫ് ദ ടൂർണമെന്റ് നേട്ടവും കൈപ്പിടിയിലൊതുക്കി താരം അമ്ബരപ്പിച്ചു. 2007ലെ ലോകകപ്പ് ട്വന്റി-ട്വന്റി ടൂർണമെന്റിൽ ഓസ്ട്രേലിയയ്ക്കെതിരായ ത്രസിപ്പിക്കുന്ന വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ചത് യുവരാജിന്റെ കൂടി കരുത്തിലായിരുന്നു.ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡെറിഞ്ഞ ആറ് പന്തിലും സിക്സറടിച്ച് ആരാധകരെ കോരിത്തരിപ്പിച്ച ആ ഒറ്റ ഇന്നിങ്സ് മതി യുവരാജിന്റെ വീറും വാശിയും ക്രിക്കറ്റിനോടുള്ള പ്രണയവും മനസിലാക്കാൻ. 2011ലെ ലോകകപ്പിന് ശേഷം കാൻസറിനോടും പൊരുതി ജീവിതത്തിന്റെ പുതിയ ഇന്നിങ്സ് ഓപ്പൺ ചെയ്ത് ലോകത്തിന് തന്നെ പ്രചോദനമാകാനും യുവരാജിന് സാധിച്ചു. കളിക്കളത്തിലേക്ക് തിരിച്ചെത്തിയ യുവരാജിന് പക്ഷെ, പണ്ടത്തെ യുവിയായി ശോഭിക്കാൻ സാധിച്ചില്ല. എങ്കിലും ഐപിഎല്ലിൽ ഉൾപ്പടെ ആരാധകരുടെ പ്രിയതാരം തന്നെയായിരുന്നു യുവി. ഒടുവിൽ അവസാനിച്ച ഐപിഎൽ സീസണിൽ യുവരാജ് മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു.അതേസമയം, ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ ലോകകപ്പിൽ മികച്ച വിജയങ്ങൾ കൊയ്യുന്നതിനിടെയാണ് യുവിയുടെ വിരമിക്കൽ പ്രഖ്യാപനമെന്നതും ശ്രദ്ധേയമായി.