നൂലാമാലകളിൽ കുരുങ്ങി നാട്ടകത്തെ കുടിവെള്ള പദ്ധതി;ദുരിതം പേറി ജനങ്ങൾ; പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന് നാട്ടുകാർ

നൂലാമാലകളിൽ കുരുങ്ങി നാട്ടകത്തെ കുടിവെള്ള പദ്ധതി;ദുരിതം പേറി ജനങ്ങൾ; പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന് നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : ഇരുപത് കോടി രൂപയുടെ കുടിവെളള പദ്ധതി ഉണ്ടായിട്ടും നാട്ടകത്തെ ജനങ്ങൾ ഇന്നും കുടിവെള്ളത്തിന് ബുദ്ധിമുട്ടുകയാണ്. പദ്ധതി സാങ്കേതികതയുടെ നൂലാമാലകളില്‍ കുടുങ്ങി അപൂര്‍ണമായി കിടക്കുന്നതിന്‍റെ പേരില്‍ ദുരിതം അനുഭവിക്കുകയാണ് നാട്ടകം നിവാസികൾ. ദേശീയപാതയിലൂടെ പൈപ്പ് ഇടാനുളള അനുമതി ലഭിക്കാത്തതിന്‍റെ പേരിലാണ് രണ്ടു വര്‍ഷമായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകുന്നത്. ജലവിഭവ മന്ത്രി വരെ പ്രശ്നത്തില്‍ ഇടപെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

നാട്ടകത്തെ കൂറ്റന്‍ ജലസംഭരണി. പേരൂരിലെ പമ്പ് ഹൗസില്‍ നിന്ന് ഈ ടാങ്കില്‍ വെളളമെത്തിച്ചാണ് നാട്ടകം മേഖലയില്‍ ജലവിതരണം നടത്തുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെ കോട്ടയം കലക്ടറേറ്റിനടുത്ത ഓവര്‍ഹെഡ് ടാങ്കില്‍ നിന്ന് കൂടുതല്‍ വെളളമെത്തിച്ച് ജലവിതരണം നടത്താന്‍ തീരുമാനിച്ചാണ് കിഫ്ബി പദ്ധതി പ്രകാരം പുതിയ പൈപ്പ് ലൈന്‍റെ പണി തുടങ്ങിയത്. പൈപ്പിടല്‍ പാതിവഴിയില്‍ എത്തിയപ്പോഴാണ് ദേശീയപാത മുറിച്ച് വേണം പൈപ്പിടാനെന്ന് ജല അതോറിറ്റിക്ക് മനസിലായത്. ദേശീയപാത അതോറിറ്റിയാകട്ടെ ആരൊക്കെ പറഞ്ഞിട്ടും റോഡ് കുഴിക്കാന്‍ അനുമതി നല്‍കുന്നുമില്ല. അങ്ങനെയാണ് പണി പാതിവഴിയില്‍ നിന്നു പോയത്.

ജില്ലാ കലക്ടര്‍ അടക്കം വിഷയത്തില്‍ ഇടപെട്ടിട്ടും ദേശീയപാത അതോറിറ്റി വിട്ടുവീഴ്ചയ്ക്ക് തയാറായല്ല. മുഖ്യമന്ത്രിയുടെ ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പദ്ധതി ആസൂത്രണ ഘട്ടത്തില്‍ ജലവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വരുത്തിയ വീഴ്ചയാണ് 22 കോടിയുടെ പദ്ധതിയിങ്ങനെ പാതിവഴിയില്‍ നിലയ്ക്കാന്‍ കാരണമെന്ന വിമര്‍ശനവും ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group