ചെന്നൈ സൂപ്പര്‍കിംഗ്‌സിന് വീണ്ടും തോല്‍വി ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആറ് വിക്കറ്റ് വിജയം

ചെന്നൈ സൂപ്പര്‍കിംഗ്‌സിന് വീണ്ടും തോല്‍വി ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആറ് വിക്കറ്റ് വിജയം

സ്വന്തം ലേഖകൻ

ഹൈദരാബാദ്: നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ആറ് വിക്കറ്റുകള്‍ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവരെ തോല്‍പ്പിച്ചത്. ചെന്നൈ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടക്കുകയായിരുന്നു.

12 പന്തില്‍ നിന്ന് നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 37 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മ തകര്‍പ്പന്‍ തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. ഓപ്പണര്‍ ട്രാവിസ് ഹെഡ് 31(24) റണ്‍സ് നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 50(36) അര്‍ദ്ധ സെഞ്ച്വറി നേടി. ഷാബാസ് അഹമ്മദ് 18(19) റണ്‍സ് നേടി പുറത്തായി. നിതീഷ് കുമാര്‍ റെഡ്ഡി 14*(8), ഹെയ്ന്റിച്ച് ക്ലാസന്‍ 10*(11) എന്നിവര്‍ പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍കിംഗ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. 24 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 45 റണ്‍സെടുത്ത ശിവം ദൂബെയാണ് സിഎസ്‌കെ നിരയില്‍ തിളങ്ങിയത്. താരം പുറത്താകുമ്പോള്‍ 13.4 ഓവറില്‍ 119 എന്ന നിലയിലായിരുന്നു ചെന്നൈ. എന്നാല്‍ അവസാന ഓവറുകളില്‍ രണ്‍ നിരക്ക് ഉയര്‍ത്താന്‍ ചെന്നൈ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല.

രചിന്‍ രവീന്ദ്ര 12(9), റുതുരാജ് ഗെയ്ക്‌വാദ് 26(21), അജിങ്ക്യ റഹാനെ 35(30), രവീന്ദ്ര ജഡേജ 31*(23) ഡാരില്‍ മിച്ചല്‍ 13(11), എംഎസ് ധോണി 1*(2) റണ്‍സ് വീതം നേടി. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ടി. നടരാജന്‍, പാറ്റ് കമ്മിന്‍സ്, ഷാബാസ് അഹമ്മദ്, ജയദേവ് ഉനദ്കട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.