സിദ്ധാര്‍ഥന്റെ മരണം:അന്വേഷണത്തിൽ വീഴ്ച്ച ; അസാധാരണ നടപടിയുമായി ആഭ്യന്തര സെക്രട്ടറി ; ഡിജിപിയോട് വിശദീകരണം തേടി ; സിബിഐ സംഘം കേരളത്തിലെത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് അസാധാരണ നടപടിയുമായി ആഭ്യന്തര സെക്രട്ടറി. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയില്‍ ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി. സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടും തുടര്‍ നടപടികളില്‍ ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥത കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മേധാവിയോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയത്.
തുടര്‍ നടപടികള്‍ ഡിജിപിക്കും ഓഫീസിനും അറിവുള്ളതാണെന്നിരിക്കെയാണ് വീഴ്ചയുണ്ടായത്. പേര്‍ഫോമ റിപ്പോര്‍ട്ടോ, രേഖകളോ ആഭ്യന്തര വകുപ്പിന് കൈമാറിയില്ല. കഴിഞ്ഞമാസം 16 ന് ആവശ്യപ്പെട്ടിട്ടും പെര്‍ഫോമ നല്‍കിയത് 26 ന് മാത്രമാണെന്നത് വലിയ വീഴ്ചയാണ്. പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച സര്‍ക്കാരിന്റെ മുഖഛായ മോശമാക്കാന്‍ ഇടയാക്കിയെന്നും ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും നല്‍കണമെന്നും ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി നിര്‍ദ്ദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്നതിന് മുന്നോടിയായി ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് സിബിഐ സംഘം കേരളത്തിലെത്തിയത്. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഇന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്.