
പത്തനംതിട്ട : അന്യസംസ്ഥാന തൊഴിലാളികൾ വോട്ട് ചെയ്യാൻ കൂട്ടത്തോടെ മടങ്ങിയതോടെ പത്തനംതിട്ടയിൽ നിർമ്മാണമേഖലയെ പ്രതിസന്ധിയിലാക്കി.
സ്വകാര്യമേഖലയ്ക്ക് പുറമേ വൻകിട സർക്കാർ പദ്ധതികളും തൊഴിലാളികളുടെ അഭാവത്തിൽ നിശ്ചലാവസ്ഥയിലാണ്. ജില്ലയിലെ നിരവധി നിർമ്മാണ പ്രവർത്തികൾക്ക് തടസം നേരിടുന്നതായി പി.ഡബ്ല്യൂ.ഡി അധികൃതർ അറിയിച്ചു.
റോഡ്, പാലങ്ങൾ തുടങ്ങിയവയുടെ നിർമാണം തടസപ്പെട്ടിരിക്കുകയാണ്. ബംഗാൾ, തമിഴ്നാട് സ്വദേശികളാണ് ജില്ലയിലെ നിർമ്മാണ മേഖലയിൽ ഏറെയുമുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വരേഖകളിൽ പ്രശ്നമുണ്ടാകുമെന്ന ആശങ്കയാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടമായുള്ള മടക്കത്തിന് കാരണം.
23, 29 തീയതികളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം ഇവർ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് കരാറുകാർ. ബംഗാളിൽ രണ്ടുഘട്ടമായാണ് തിരഞ്ഞെടുപ്പ്. 29ന് നടക്കുന്ന രണ്ടാംഘട്ടത്തിന് ശേഷമേ തൊഴിലാളികളുടെ മടങ്ങിവരവിൽ കാര്യമായ പുരോഗതിയുണ്ടാവൂ.
ട്രെയിൻ ടിക്കറ്റ് ലഭ്യമാകാത്ത ബംഗാൾ സ്വദേശികൾ കൂട്ടമായി ബസുകളിൽ നാട്ടിലേക്ക് പോയിട്ടുണ്ട്. കരാറുകാർ ഇതിനാവശ്യമായ സഹായവും ചെയ്തുനൽകി.
വോട്ടുചെയ്തതിന് ശേഷം മടക്കിക്കൊണ്ട് വരാൻ കൂടിയാണ് ബസുകൾ ക്രമീകരിച്ചിട്ടുള്ളത്. സമയബന്ധിതമായി പൂർത്തീകരിക്കേണ്ട കെട്ടിടങ്ങൾ കരാർ എടുത്തവർ തൊഴിലാളികളുടെ അഭാവത്തിൽ ഏറെ ബുദ്ധിമുട്ടുകയാണ്.
ജില്ലയിലെ വ്യാപാരകേന്ദ്രങ്ങളിലും കൂടുതലായി ജോലി ചെയ്യുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. ഹോട്ടലുകൾ, തട്ടുകടകൾ, കോഴിക്കടകൾ, പച്ചക്കറി വ്യാപാരികൾ , പലചരക്ക് കടകൾ, ഗോഡൗണുകൾ എന്നിവിടങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ നിരവധിയുണ്ട്. ബസുകളിലും ഓട്ടോറിക്ഷകളിലും കൂടുതൽ യാത്രചെയ്യുന്നതും അന്യ സംസ്ഥാനക്കാരായതിനാൽ ഈമേഖലയിലും വരുമാനക്കുറവുണ്ട്.









