Thursday, April 23, 2026

മുൻ ഡി.ജി.പിയും ബി.ജെ.പി കൗണ്‍സിലറുമായ ആർ.ശ്രീലേഖയ്ക്കെതിരെ വിമർശനവും താക്കീതുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ.

Spread the love

കോഴിക്കോട്: മുൻ ഡി.ജി.പിയും ബി.ജെ.പി കൗണ്‍സിലറുമായ ആർ.ശ്രീലേഖയ്ക്കെതിരേ വിമർശനവും താക്കീതുമായി പൊലിസ് ഓഫിസേഴ്സ് അസോസിയേഷൻ.
ഔദ്യോഗിക കൃത്യനിർവഹണത്തില്‍ ഏർപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന്മാർക്കെതിരേ അസഭ്യ വർഷം നടത്തുന്നത് ഓരോരുത്തരുടേയും സംസ്കാരത്തിന്റെ ഭാഗമാണെന്നും, ഗുണ്ടായിസവുമായാണ് വരുന്നതെങ്കില്‍ തിരിച്ച്‌ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കിയാണ് ഭരണാനുകൂല സംഘടനയായ കേരള പൊലിസ് ഓഫിസേഴ്സ് അസോസിയേഷൻ ജന.സെക്രട്ടറി സി.ആർ ബിജു രംഗത്തെത്തിയത്.

video
play-sharp-fill

വട്ടിയൂർക്കാവ് സംഘർഷവുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് പൊലിസ് സ്റ്റേഷന് മുന്നില്‍ ശ്രീലേഖ പ്രതിഷേധിച്ചിരുന്നു. ‘പോടാ പുല്ലേ പൊലിസേ, കാക്കിയിട്ടൊരു ഗുണ്ടകളേ’ തുടങ്ങി പൊലിസിനെതിരേ മുദ്രാവാക്യം വിളിച്ചായിരുന്നു ശ്രീലേഖ രംഗത്തെത്തിയത്. ഇത് ചർച്ചയായതിന് പിന്നാലെയാണ് അസോസിയേഷൻ ജന.സെക്രട്ടറി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശനം നടത്തിയത്.

‘ഒരു നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലുണ്ടായ സംഘർഷ സാഹചര്യത്തെ നിയന്ത്രിക്കാനെത്തിയ പൊലിസ് ഉദ്യോഗസ്ഥരെ മൃഗീയമായി മർദിക്കുകയും കല്ലും വിറകും ഉപയോഗിച്ച്‌ എറിയുകയും പരുക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യമാണ് വട്ടിയൂർക്കാവില്‍ കണ്ടത്. മാരകമായ പരുക്കേറ്റ ഉദ്യോഗസ്ഥൻ ഇപ്പോഴും ഐ.സി.യുവില്‍ ചികിത്സയിലാണ്. ഔദ്യോഗിക കൃത്യ നിർവഹണത്തില്‍ ഏർപ്പെട്ട പൊലിസ് ഉദ്യോഗസ്ഥർക്കെതിരേ അസഭ്യ വർഷം നടത്തുന്ന രീതി ഓരോരുത്തരുടേയും സംസ്കാരത്തിന്റെ ഭാഗമാണെന്ന് കാണാം. എന്നാല്‍ പൊലിസ് ഉദ്യോഗസ്ഥരുടെ താമസസ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളു. അത്തരം ഓലപ്പാമ്പ് കാണിച്ചൊന്നും തകർക്കാൻ പറ്റുന്നതല്ല പൊലിസിന്റെ പ്രവർത്തനങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത്തരക്കാരുടെ കൂട്ടത്തില്‍ ഊർജം പകരാൻ വിരമിച്ച ചില പൊലിസ് ഉദ്യോഗസ്ഥർ ഉണ്ടായതുകൊണ്ട് പ്രത്യേകിച്ച്‌ ഒന്നുമില്ലെന്ന് തിരിച്ചറിയുക. പൊലിസ് നടപടികള്‍ക്കെതിരേ ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ആർക്കും പ്രതിഷേധിക്കാം. പകരം ഗുണ്ടായിസവുമായാണ് കടന്നു വരുന്നതെങ്കില്‍ തിരിച്ച്‌ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക തന്നെ ചെയ്യും. ഡി.ജി.പി ആയാലും സിവില്‍ പൊലിസ് ഓഫിസർ ആയാലും പൊലിസ് ജോലിയില്‍ നിന്ന് വിരമിച്ചു കഴിഞ്ഞാല്‍ സ്വതന്ത്ര പൗരൻ തന്നെയാണ്.

അന്തസായി ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിക്കുന്ന മുൻകാല പൊലിസ് ഉദ്യോഗസ്ഥരെ ഏറെ അഭിമാനത്തോടെയാണ് കാണുന്നത്. എന്നാല്‍ വ്യത്യസ്തരായ ചിലർ ഉണ്ടാകുക സ്വാഭാവികമാണ്. ഇവർ മുൻ പൊലിസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നില്ലെന്ന് കണ്ട് അവഗണിക്കുകയാണ് വേണ്ടതെന്നും പോസ്റ്റില്‍ വ്യക്തമാക്കി.