ഇടുക്കിയിൽ ‘ഹോം വോട്ടിംഗ്’ ആരംഭിച്ചു, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും, മണ്ഡലത്തിൽ ആകെ 7852 വോട്ടുകൾ
തൊടുപുഴ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പട്ടവർക്കും അവരവരുടെ വീടുകളിൽ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല, ദേവികുളം, പീരുമേട്, കോതമംഗലം, മൂവാറ്റുപുഴ എന്നീ നിയോജക മണ്ഡലങ്ങളിലായി ആകെ മുഴുവൻ 7852 വോട്ടുകളാണ് രേഖപ്പെടുത്താൻ ഉള്ളത്. ഇതിനായി അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ 100 ടീമുകളെയാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിയോഗിച്ചിട്ടുള്ളത്.
വോട്ടിംഗ് പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി സ്ഥാനാർത്ഥികളുടെ ബൂത്ത് ലെവൽ ഏജന്റ് മാർക്കും സംഘത്തോടൊപ്പം നടപടിക്രമങ്ങൾ കാണാൻ അവസരമുണ്ട്. വോട്ടിങ്ങിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടാത്ത വിധത്തിൽ വോട്ടിംഗ് നടപടികൾ ഫോട്ടോ വീഡിയോ എടുത്ത് സൂക്ഷിക്കുകയും ചെയ്യുന്നു.
പോസ്റ്റൽ ബാലറ്റ് രൂപത്തിൽ സീൽ ചെയ്യപ്പെട്ട 7 നിയോജക മണ്ഡലങ്ങളിലെയും വോട്ടുകൾ ആ ദിവസം തന്നെ ഓഫീസർമാരുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കും. 6 ദിവസങ്ങളിലായാണ് വീട്ടിൽനിന്നും വോട്ടുസൗകര്യം ഇടുക്കി മണ്ഡലത്തിൽ ഉണ്ടാവുക ഈ ദിവസങ്ങളിൽ പട്ടികയിൽ ഉള്ള ഏതെങ്കിലും വോട്ടറെ സന്ദർശിക്കാൻ സാധിക്കാത്ത വന്നാൽ 20 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ഒരിക്കൽ കൂടി ഭവന സന്ദർശനം നടത്തുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോം വോട്ടിങ്ങിനുള്ള അപേക്ഷ അംഗീകരിച്ചവർക്ക് യാതൊരു കാരണവശാലും 26ന് നടക്കുന്ന വോട്ടെടുപ്പ് ദിവസം പോളിംഗ് വോട്ട് ചെയ്യുന്നത് സാധിക്കുന്നതല്ല. വോട്ടിങ്ങിനായി ഉദ്യോഗസ്ഥർ വീട്ടിൽ എത്തുന്ന തീയതിയും സമയവും മുൻകൂട്ടി എസ്എംഎസ് ആയി ലഭിക്കും. അതിനു സൗകര്യമില്ലാത്ത സാഹചര്യത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ മുഖേന വോട്ടർമാരെ അറിയിക്കും. മുൻകൂട്ടി അപേക്ഷ നൽകിയ ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് വീട്ടിൽ നിന്ന് വോട്ട് ചെയ്യുന്നതിന് അവസരം ലഭിച്ചിട്ടുള്ളത്.