ചുട്ട് പൊള്ളി കോട്ടയം: റെക്കോർഡ് മറികടക്കാൻ സാധ്യതയെന്ന് വിദഗ്ധർ

ചുട്ട് പൊള്ളി കോട്ടയം: റെക്കോർഡ് മറികടക്കാൻ സാധ്യതയെന്ന് വിദഗ്ധർ

സ്വന്തം ലേഖിക

കോട്ടയം: സമീപ കാലത്തെ ഏറ്റവും വലിയ മഴക്കാലത്തിനു ശേഷം നാട്‌ ചുട്ട് പൊള്ളുന്നു.

ഏതാനും ദിവസങ്ങളായി സംസ്‌ഥാനത്തെ ഏറ്റവും ഉയര്‍ന്ന പകല്‍ താപനില രേഖപ്പെടുത്തുന്നത്‌ കോട്ടയത്താണ്‌. തിങ്കളാഴ്‌ച 36.4 ഡിഗ്രിയായിരുന്നു പകല്‍ താപനില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയില്‍ മാത്രമായിരുന്നു ഇതേ അളവില്‍ പകല്‍ താപനിലയുണ്ടായിരുന്നത്‌. ഒന്നിനു പകല്‍താപനില 36.8 ഡിഗ്രിയില്‍ വരെയെത്തിയിരുന്നു.

കാലാവസ്‌ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം ജനുവരിയില്‍ കോട്ടയത്തു രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 37 ഡിഗ്രിയാണ്‌. 2020ല്‍ 23 മുതല്‍ 25 വരെയാണ്‌ റെക്കോർഡ്‌ ചൂടായ 37 ഡിഗ്രി രേഖപ്പെടുത്തിയത്‌.

ഇത്തവണ മാസത്തിന്റെ തുടക്കത്തില്‍ തന്നെ താപനില 37ന്‌ അടുത്തെത്തിയ സാഹചര്യത്തില്‍ റെക്കോര്‍ഡ്‌ മറികടക്കുമെന്നാണ്‌ ആശങ്ക. ജനുവരിയില്‍ ഇതാണു ചൂടെങ്കില്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ പിന്നെയും ഉയരും.

തിങ്കളാഴ്‌ച ജില്ലയില്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്‌തിരുന്നുവെങ്കിലും ചൂടിനു കുറവൊന്നുമില്ല.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒരാഴ്‌ചയിലേറെ ശക്‌തമായ മഴ ലഭിച്ചിരുന്നു.

മാത്രമല്ല, കഴിഞ്ഞ ജനുവരിയില്‍ ചൂടും പൊതുവേ കുറവായിരുന്നു, 35 ഡിഗ്രിയായിരുന്നു ഏറ്റവും ഉയര്‍ന്ന താപനില. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒഴികെയുള്ള മാസങ്ങളില്‍ ശക്‌തമായ മഴ പെയ്‌തിരുന്നു.

വെയില്‍ ശക്‌തമായതോടെ, പുഴകളിലെ ജലനിരപ്പ്‌ ക്രമാതീതമായി താഴുകയാണ്‌. മണിമലയാറ്റിലും മീനച്ചിലാറ്റിലുമാണ്‌ ജിലനിരപ്പ്‌ കുത്തനെ താഴുന്നത്‌.
ഒക്‌ടോബറില്‍ കരകവിഞ്ഞ്‌ നാലടിയിലേറെ ഉയരത്തില്‍ ഒഴുകിയ പുഴയിപ്പോള്‍ കല്ലുംകൂട്ടമായി മാറിയിരിക്കുകയാണ്‌. നിലവിലെ സാഹചര്യത്തിലാണെങ്കില്‍ റെക്കോർഡ് മറികടക്കാനാണ് സാധ്യതയെന്നു വിദഗ്‌ധര്‍ പറയുന്നു.