കൊറോണയെ തുരത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ ആറാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം ; തിരുവനന്തപുരത്ത് നിന്നും കോട്ടയത്ത് ഹൃദയമെത്തിയത് രണ്ട് മണിക്കൂറുകൾ കൊണ്ട്

കൊറോണയെ തുരത്തിയ കോട്ടയം മെഡിക്കൽ കോളേജിലെ ആറാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം ; തിരുവനന്തപുരത്ത് നിന്നും കോട്ടയത്ത് ഹൃദയമെത്തിയത് രണ്ട് മണിക്കൂറുകൾ കൊണ്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണയെ തുരത്തി രാജ്യത്തിന് അഭിമാനമായി മാറിയ കോട്ടയം മെഡിക്കൽ കോളജിലെ ആറാമത്തെ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയയും വിജയകരം. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ കാലത്ത് അവയവദാന പ്രകൃയയിലൂടെ നടന്ന ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കെ.സി. ജോസിനാണ് (62) ഹൃദയം മാറ്റിവച്ചത്.ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയി വിജയകരമാണെങ്കിലും ഹാർട്ട് റിജക്ഷൻ സാധ്യതയും ഇൻഫെക്ഷൻ സാധ്യതയും ഉള്ളതിനാൽ രോഗിയെ 24 മണിക്കൂർ വെന്റിലേറ്ററിലാക്കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാഴ്ച്ച കഴിയുന്നതുവരെ രോഗി പൂർണ നിരീക്ഷണത്തിലുമായിരിക്കും. സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആറാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. ഈ 6 ശസ്ത്രക്രിയകളും കോട്ടയം മെഡിക്കൽ കോളേജിലാണ് നടന്നതെന്നതും ശ്രദ്ധേയമാണ്.

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ ഉൾപ്പെടെ എല്ലാവരേയും അഭിനന്ദിക്കുന്നതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശ്രീകുമാറിന് (50) മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ അവയവ ദാനത്തിന് തയ്യാറായത്.

അവയവദാനത്തിലൂടെ 4 പേർക്കാണ് പുതുജീവൻ സമ്മാനിച്ചത്. സർക്കാരിന്റെ അവയവദാന ഔദ്യോഗിക ഏജൻസിയായ മൃതസഞ്ജീവിനിയാണ് അവയവദാന പ്രക്രിയ ഏകോപിപ്പിച്ചത്.

ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ വെള്ളിയാഴ്ച രാത്രിയാണ് തിരുവന്തപുരത്തെത്തിയത്. അതിരാവിലെ 3.15ന് ഹൃദയം എടുക്കുകയും റോഡ് മാർഗത്തിൽ അതിരാവിലെ 5.15ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു.

തുടർന്ന് 5 മണിക്ക് തുടങ്ങിയ ശസ്ത്രക്രിയയിൽ ഈ സംഘം പങ്കാളികളാവുകയും ചെയ്തു. മൂന്ന് മണിക്കൂറോളമാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. ഹൃദയം മാറ്റിവയ്ക്കുന്നതിന് ആവശ്യമായ മരുന്ന് എറണാകുളത്തു നിന്നും ് 40 മിനിറ്റുകൊണ്ട് ഫയർഫോഴ്‌സ് എത്തിച്ചു.

ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും ഒരു വൃക്കയും കരളും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കുമാണ് നൽകിയത്.അതീവ ദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ശ്രീകുമാറിന്റെ കുടുംബം ചെയ്തത് വലിയ ത്യാഗമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.