വിശപ്പിനുണ്ടോ പിണക്കം..! വഴക്ക് പറഞ്ഞതിന് അമ്മയോട് പിണങ്ങി 14കാരൻ ഒളിച്ചിരുന്നു; പോലീസും നാട്ടുകാരും മുക്കും മൂലയും തിരഞ്ഞിട്ടും കണ്ടെത്താനായില്ല; ഇതിനിടെ വിശന്നപ്പോൾ കുട്ടി താനെ തിരിച്ചെത്തി; ഒരു നാടിനെ ആകെ പരിഭ്രാന്തിയിലാക്കിയ സംഭവം ഇങ്ങനെ

വിശപ്പിനുണ്ടോ പിണക്കം..! വഴക്ക് പറഞ്ഞതിന് അമ്മയോട് പിണങ്ങി 14കാരൻ ഒളിച്ചിരുന്നു; പോലീസും നാട്ടുകാരും മുക്കും മൂലയും തിരഞ്ഞിട്ടും കണ്ടെത്താനായില്ല; ഇതിനിടെ വിശന്നപ്പോൾ കുട്ടി താനെ തിരിച്ചെത്തി; ഒരു നാടിനെ ആകെ പരിഭ്രാന്തിയിലാക്കിയ സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ

ആലപ്പുഴ: അമ്മമാരുടെ ശാസന കേൾക്കാത്തവരായി ആരുമുണ്ടാകില്ല. അമ്മ വഴക്ക് പറഞ്ഞതിന് മക്കൾ പിണങ്ങി നിൽക്കുന്നതും പതിവ് സംഭവമാണ്. എന്നാൽ ഹരിപ്പാട്ട് നടന്ന ഒരു സംഭവമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ഒരു നാടിനെയാകെ മുൾമുനയിൽ നിർത്തിയാണ് ഹരിപ്പാട് സ്വദേശിയായ പതിനാലുകാരൻ അമ്മയോടുള്ള പിണക്കം തീർത്തത്. അമ്മയോട് പിണങ്ങി ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്താൻ നാട്ടുകാരും പോലീസും വരെ രംഗത്തിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ വിശപ്പിന്റെ വിളി വന്നതോടെ ഉച്ചയോടെ കുട്ടി വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസമാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം. അമ്മ വഴക്ക് പറഞ്ഞതിന് പിണങ്ങി വീട്ടിൽ നിന്നും പുറത്തുപോയ പതിനാലുകാരൻ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താതെയായതോടെയാണ് വീട്ടുകാർ ഭയന്നത്.

മകനെ കാണാതെ പരിഭ്രമിച്ച ഇവർ വിവരം ഹരിപ്പാട് പോലീസിൽ അറിയിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ഉടൻ തന്നെ അന്വേഷണവും തുടങ്ങി. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ഇവിടെയെല്ലാം എത്തി പോലീസ് അന്വേഷണം നടത്തി. പ്രദേശത്ത് നിന്ന് ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും വിദ്യാർഥിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

ഇതേസമയം തന്നെ സോഷ്യൽ മീഡിയയിലൂടെയും അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. എന്നാൽ മണിക്കൂറുകൾ പിന്നിട്ടപ്പോൾ വിശപ്പും ദാഹവും സഹിക്കാതെ വന്നതോടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചിരുന്ന വിദ്യാർഥി വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഉച്ചയോടെയാണ് വിദ്യാർഥി വീട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് ഹരിപ്പാട് പോലീസ് കോടതിയിൽ ഹാജരാക്കിയ കുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു.