പ്രായം പത്തൊൻപത് മാത്രം: ഒരു പീഡനക്കേസ് അടക്കം നാലു കേസുകളിൽ പ്രതി; മണർകാട് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി ദിലീപ് 15 -ാം വയസുമുതൽ ജയിൽ കയറ്റം ശീലമാക്കിയവൻ

പ്രായം പത്തൊൻപത് മാത്രം: ഒരു പീഡനക്കേസ് അടക്കം നാലു കേസുകളിൽ പ്രതി; മണർകാട് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി ദിലീപ് 15 -ാം വയസുമുതൽ ജയിൽ കയറ്റം ശീലമാക്കിയവൻ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: മണർകാട് പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ ഇടിച്ചിട്ട ശേഷം വിലങ്ങുമായി രക്ഷപെട്ട പ്രതി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. പതിനഞ്ചാം വയസിൽ പീഡനക്കേസിൽ കുടുങ്ങിയ ഇയാൾ രണ്ടു പീഡനക്കേസിലും മൂന്നു മോഷണക്കേസിലും പ്രതി ചേർ്ക്കപ്പെട്ടിട്ടുണ്ട്. മണർകാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറെ ഇടിച്ചു വീഴ്ത്തിയ ശേഷം രക്ഷപെട്ട പുതുപ്പള്ളി മഠത്തിൽപ്പടി മാളിയേക്കൽ ദിലീപാണ്(19) പൊലീസിന്റെ സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ സ്‌റ്റേഷനിൽ നിന്നും രക്ഷപെട്ട ദിലീപിനായി പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല.
2014 ലായിരുന്നു ദിലീപിനെതിരെ ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത്. പുതുപ്പള്ളിയിൽ ദിലീപ് താമസിക്കുന്ന കോളനിയിലെ തന്നെ പെൺകുട്ടിയുടെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇയാളെ അന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ കേസിൽ ജയിലിൽ പോയ പ്രതി പിന്നീട് പുറത്തിറങ്ങിയത് നല്ലൊരു ക്രിമിനലായാണ്. പ്രായപൂർത്തിയാകാത്തതിനാൽ കറക്ഷൻ സെന്ററിലേയ്ക്ക് ഇയാളെ മാറ്റകുയായിരുന്നു. ഇവിടെയുള്ള കൂട്ടുകെട്ടുകളാണ് ഇയാളെ മോഷണത്തിലേയ്ക്ക് വഴി തിരിച്ച് വിട്ടത്. തുടർന്ന് തിരികെ ജയിലിൽ നിന്നും പുറത്തിറങ്ങിയെത്തിയ പ്രതി നല്ലൊരു മോഷണം നടത്തി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പ്രതിയായി.
കഞ്ഞിക്കുഴി ഭാഗത്തെ മൊബൈൽ ഫോൺ കടയിൽ മോഷണം നടത്തിയതിനാണ് ഇന്ന് ഈസ്റ്റ് പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മണർകാട് ഭാഗത്ത് വീട്ടിലും കടയിലും മോഷണം നടത്തിയതിന് പിന്നീട് രണ്ടു കേസുകൾ കൂടി ഇയാൾക്കെതിരെ ചുമത്തി. മണർകാട് പൊലീസ് സ്റ്റേഷനിലായിരുന്നു ഇയാൾക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. പിന്നീട്, കഴിഞ്ഞ വർഷം  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാമ്പാടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ മോഷണക്കേസിൽ അറസ്റ്റിലാകുന്നതും പൊലീസ് കസ്റ്റഡിയിൽ നിന്നും വിലങ്ങുമായി പ്രതി രക്ഷപെടുന്നതും.
രക്ഷപെടുന്നതിനിടെ പ്രതിയുടെ ആക്രമണത്തിന് ഇരയായ മണർകാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഫെർണാണ്ടസ് ഇപ്പോഴും ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇയാളുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കയ്യിൽ അണിഞ്ഞിരുന്ന വിലങ്ങ് ഉപയോഗിച്ച് പ്രതി ഫെർണ്ണാണ്ടസിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. തലയ്ക്കും, കാലിനും ചതവേറ്റ ഫെർണ്ണാണ്ടസിനെ രണ്ടു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകണമെന്നാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്.
പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി ദിലീപിനായി പൊലീസ് അന്വേഷണം ശക്തമാക്കി. ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.