അമ്പലത്തിന് പുറത്തെ അമ്പലക്കള്ളന്മാർ,മുക്കിയത് അഞ്ഞൂറോളം കുറ്റി! ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട്, സി പി എം നേതാവായ താത്കാലിക ജീവനക്കാരനെ പുറത്താക്കി

അമ്പലത്തിന് പുറത്തെ അമ്പലക്കള്ളന്മാർ,മുക്കിയത് അഞ്ഞൂറോളം കുറ്റി! ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ ക്രമക്കേട്, സി പി എം നേതാവായ താത്കാലിക ജീവനക്കാരനെ പുറത്താക്കി

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ഉപഭോക്താക്കൾക്ക് ഗ്യാസ് വിതരണം ചെയ്ത് രശീത് നൽകാതെ പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയ സംഭവത്തിൽ താത്കാലിക ജീവനക്കാരനെ പുറത്താക്കി. സി.പി.എം ഗുരുവായൂർ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ താത്കാലിക ജീവനക്കാരനെയാണ് ജോലിയിൽ സ്ഥിരപ്പെടുത്താനിരിക്കെ പുറത്താക്കിയത്. ദേവസ്വം ജീവനക്കാരുടെ സഹകരണ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഗ്യാസിന്റെ ഏജൻസിയിലായിരുന്നു ക്രമക്കേട്. സി.പി.എം നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് പണം തിരികെ അടപ്പിച്ച ശേഷം ഒതുക്കി തീർക്കാനുള്ള നീക്കത്തിനിടെയാണ് വിവരം പുറത്തുവന്നത്.

 

ആവശ്യപ്പെടുന്നവർക്ക് ഗ്യാസ് എത്തിച്ചു നൽകുമെങ്കിലും പണത്തിന് രസീതി നൽകാറില്ല. തുക ഏജൻസിയിൽ അടയ്ക്കാറുമില്ല. ഗ്യാസ് സിലിണ്ടർ ചോർച്ചയുള്ളതാണെന്ന വ്യാജേന കൂട്ടിയിടുകയും ചെയ്തു. ഇത്തരത്തിൽ ഗ്യാസ് വിതരണത്തിന് തികയാതെ വന്നപ്പോൾ നടത്തിയ പരിശോധനയിൽ 500ൽ അധികം സിലിണ്ടറുകളാണ് മാറ്റിയിട്ടത് കണ്ടെത്തിയത്. ഇവയ്ക്ക് ചോർച്ചയില്ലെന്നും കണ്ടെത്തി. ഇതിന് മുമ്പും ഇയാളെ മറ്റൊരുകേസിൽ സംഘം താക്കീത് ചെയ്തിട്ടുണ്ട്.

 

സി.പി.എം അനുകൂല സംഘടനയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ഭരണം നടത്തുന്നത്. സി.പി.ഐക്കാരിയായ മുൻ എം.എൽ.എയുടെ ഭർത്തൃ സഹോദരനാണ് ഈ ജീവനക്കാരൻ. സി.പി.ഐയുടെ ഭാഗത്ത് നിന്നും ഒതുക്കിതീർക്കാൻ സമ്മർദ്ദമുണ്ടെന്നാണ് വിവരം. ഭരണ സമിതി അംഗങ്ങൾക്കും പങ്കുണ്ടെന്നും അതിനാലാണ് പരാതി നൽകാത്തതെന്നും ദേവസ്വത്തിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. വർഷങ്ങൾക്ക് മുമ്പ് ഇതേ സംഘത്തിൽ സ്ഥിര നിക്ഷേപങ്ങളുടെ രശീതിയിൽ ക്രമക്കേട് നടന്നിരുന്നു. അന്ന് പൊലീസിൽ പരാതി നൽകുകയും സംഘം സെക്രട്ടറിയെ പിരിച്ചു വിടുകയും ചെയ്തിരുന്നു. നവംബർ മാസത്തിൽ ഭരണസമിതിയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെട്ട ക്രമക്കേട് അരങ്ങേറിയത് പാർട്ടിക്കും നാണക്കേടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group