ഉന്നതനെ കാണാൻ സ്വപ്ന പൊതിയുമായി വരുന്നതും പോകുന്നതും കണ്ടുവെന്ന  സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി നിർണ്ണായകം ; സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റും കുരുക്കാവും : സർക്കാരിനെ പ്രതിസന്ധിയിലാക്കി സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ്  ചോദ്യം  ചെയ്യും

ഉന്നതനെ കാണാൻ സ്വപ്ന പൊതിയുമായി വരുന്നതും പോകുന്നതും കണ്ടുവെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി നിർണ്ണായകം ; സ്വപ്‌നയുടെ വാട്‌സ്ആപ്പ് ചാറ്റും കുരുക്കാവും : സർക്കാരിനെ പ്രതിസന്ധിയിലാക്കി സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി സ്വർണ്ണക്കടത്ത് കേസ്. കേസിൽ ചോദ്യ ചിഹ്നമായി നിന്ന ഉന്നതൻ ആരാണെന്ന വ്യക്തമാകുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

സ്വപ്നയും സരിത്തും നടത്തിയ റിവേഴ്‌സ് ഹവാല ഇടപാടിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന ഈ ഉന്നതൻ സ്പീക്കർ ശ്രീരാമകൃഷ്ണനാണെന്ന മൊഴിയാണ് സ്വപ്‌ന അന്വേഷണ ഏജൻസികൾക്ക് നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വർഷത്തെ സന്ദേശങ്ങളാണ് സ്വപ്നയുടെ ഫോണിൽ നിന്നു ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. ഒരു ഉന്നതനെ കാണാൻ സ്വപ്ന പൊതിയുമായി പോകുന്നതും തിരിച്ചുവരുന്നതും കണ്ടതായി സെക്യൂരിറ്റി ജീവനക്കാരൻ മൊഴി നൽകിയതായി സൂചനയുണ്ട്. ഇതും കേസിൽ നിർണ്ണായകമാണ്. ഇദ്ദേഹം തനിക്കൊപ്പം വിദേശയാത്ര നടത്തിയെന്നു സ്വപ്ന വെളിപ്പെടുത്തി. ഇതിലെ ആരോപണ വിധേയൻ സ്പീക്കറാണെന്നാണ് വിലയിരുത്തൽ.

അങ്ങനെയെങ്കിൽ ഈ യാത്രകളിൽ ഗ്രീൻ ചാനൽ സൗകര്യമുപയോഗിച്ചു സ്വന്തം ബാഗിൽ ഡോളർ കടത്തിയോ എന്ന് പരിശോധിച്ച് വരികെയാണ്. ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടികൾ നൽകിയില്ലെങ്കിൽ സ്പീക്കർ കേസിൽ പ്രതിയാകും.

രണ്ട് മൊഴികളും തമ്മിൽ സാമ്യമുള്ളതു കൊണ്ട് തന്നെ രാഷ്ട്രീയ ഉന്നതൻ കുടുങ്ങുമെന്നാണ് കേന്ദ്ര ഏജൻസികൾ നൽകുന്ന സൂചന. ഇദ്ദേഹത്തിന്റെ പാസ്‌പോർട്ട് ഇഡിയും മറ്റും പരിശോധിക്കും.

നേതാവുമായുള്ള ബന്ധത്തെക്കുറിച്ചു സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളും സാമ്പത്തിക ഇടപാടു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെയും അമ്പരപ്പിച്ചു. പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷയാണ് ഇദ്ദേഹത്തിനു വിമാനത്താവളത്തിൽ ലഭിച്ചിരുന്നത്.

സ്വപ്നയ്‌ക്കൊപ്പം ഇദ്ദേഹം നാലുവട്ടം വിദേശയാത്ര നടത്തിയെന്നാണ് ആരോപണം.സ്വപ്ന വെളിപ്പെടുത്തിയവരുടെ പട്ടികയിൽ മൂന്ന് മന്ത്രിമാരും കുടുംബാംഗങ്ങളും ഭരണഘടനാപദവിയുള്ള ഉന്നതനുമുണ്ടെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.