സ്വർണ്ണക്കടത്ത് കേസ് ഡിവൈ.എഫ്.ഐ മുൻ നേതാവ് സജേഷിനെ ചോദ്യം ചെയ്തു വിട്ടയച്ചു; മുഖ്യപ്രതി റിമാൻഡിൽ; ഡി.വൈ.എഫ്.ഐ നേതാക്കൾ നടത്തിയത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമല്ലല്ലോ എന്നു വി.മുരളീധരൻ
തേർഡ് ഐ ബ്യൂറോ
കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിലും കുഴലടി വിവാദത്തിലും ഡിവൈ.എഫ്.ഐ പ്രതിക്കൂട്ടിൽ നിൽക്കെ ഡിവൈ.എഫ്.ഐ മുൻ നേതാവ് സജേഷിനെ ചോദ്യം ചെയ്തു വിട്ടയച്ചു.
കരിപ്പൂർ സ്വർണക്കടത്ത് കേസിലാണ് ഡി.വൈ.എഫ്.ഐ മുൻനേതാവ് സി,സജേഷിന് കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം രാമനാട്ടുകര സ്വർണകവർച്ച ആസൂത്രണ കേസിലെ മുഖ്യപ്രതി സുഫിയാനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മലപ്പുറം മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുഫിയാനെ റിമാൻഡ് ചെയ്തത്. സജേഷിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ കസ്റ്റംസ് ഇതുവരെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല.
അർജുൻ ആയങ്കിയുടെ ബെനാമിയാണ് സജേഷെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.
അർജുൻ ഉപയോഗിച്ച കാർ സജേഷിൻറെ പേരിലാണ് രജിസ്റ്റർ ചെയ്തത്. കൃത്യത്തെ കുറിച്ച് സജേഷിനും വ്യക്തമായ വിവരം ഉണ്ടായിരുന്നതായാണ് കസ്റ്റംസിന്റെ സംശയം.
നേരത്തെ യു.എ.ഇയിൽ നിന്ന് സ്വർണക്കടത്ത് നടത്തി രണ്ടുവട്ടം സൂഫിയാൻ പിടിയിലായിട്ടുണ്ട് .ഇയാളുടെ സഹോദരൻ ഫിജാസിനെയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ഇതിനിടെ, ഡിവൈ.എഫ്.ഐയെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത് എത്തി. യു.പിയിലെയും ലക്ഷദ്വീപിലെയും ഗുജറാത്തിലെയും കാശ്മീരിലെയും പ്രശ്നങ്ങളിൽ ആത്മരോഷം കൊളളുന്നവർ കേരളത്തിൽ നിയമവാഴ്ചയിലെ തകർച്ചയെക്കുറിച്ച് മിണ്ടാത്തതെന്താണെന്ന് കേന്ദ്രമന്ത്രി ഫേസ്ബുക്കിലെ കുറിപ്പിലൂടെ ചോദിച്ചു.
രാജ്യവിരുദ്ധ പ്രസ്താവനയിറക്കുന്നവർക്ക് പിന്തുണയുമായി മെഴുകുതിരി കത്തിക്കുന്നവർ ഹവാല, കളളപ്പണ സംഘങ്ങളെ തളളിപ്പറയാത്തത് എന്തുകൊണ്ടെന്നും അദ്ദേഹം ചോദിച്ചു.
കസ്റ്റംസ് ഡിവൈഎഫ്ഐ നേതാക്കളെ ചോദ്യം ചെയ്യുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്കാണോയെന്ന് ചോദിച്ച വി.മുരളീധരൻ ഇടത് ഫാസിസത്തിന് മുന്നിൽ മുട്ടിടിക്കുന്ന സാംസ്‌ക്കാരിക ദാരിദ്ര്യമാണ് കേരളത്തിലെന്നും അഭിപ്രായപ്പെട്ടു.
വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ചുവടെ:
‘പ്രതികരിക്കാൻ ആരുമില്ലാതെ പോയ ഗുജറാത്തിൽ ഡിവൈഎഫ്ഐ ഉണ്ടായിരുന്നെങ്കിൽ’ എന്ന് ആഗ്രഹിച്ച കലാകാരൻമാർക്ക് ഇപ്പോൾ പ്രതികരണശേഷി നഷ്ടപ്പെട്ടോ..?
അതോ ഡിവൈഎഫ്ഐ നേതാക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പേരിലാണെന്ന് ധരിച്ചിരിക്കുകയാണോ നിഷ്‌ക്കളങ്കർ…..?
ഡിവൈഎഫ്ഐ ഉള്ളതുകൊണ്ട് കേരളത്തിന് ‘സാംസ്‌ക്കാരികമായും സാമ്ബത്തികമായും’ ഉണ്ടാവുന്ന ഉന്നമനത്തിൽ അവരൊക്കെ ഇപ്പോഴും അഭിമാനിക്കുന്നുണ്ടോ ….?
പുതുതലമുറയ്ക്ക് ലഹരികടത്തിന്റെയും കള്ളക്കടത്തിന്റെയും ക്വട്ടേഷൻ ഇടപാടുകളുടെയും പാഠങ്ങൾ പകർന്നു നൽകുന്ന ഇടതുയുവജന പ്രസ്ഥാനത്തെക്കുറിച്ച് താരരാജാക്കൻമാർ മൗനം പുലർത്തുന്നതെന്ത് .? ഡിവൈഎഫ്ഐ ഇല്ലാത്ത ഗുജറാത്തിനെക്കാൾ ഏറെ മുകളിലാണ് കള്ളക്കടത്ത്, ക്വട്ടേഷൻ ഇടപാടുകളിൽ ഡിവൈഎഫ്ഐ ഉള്ള കേരളമെന്നതിൽ കലാപ്രേമികൾ അഭിമാനിക്കുന്നുണ്ടോ..?
ബലാൽസംഗക്കേസുകളുടെ എണ്ണത്തിൽ ഡിവൈഎഫ്ഐ ഇല്ലാത്ത ഗുജറാത്തിനെക്കാൾ തുലോം മുകളിലാണ് ഡിവൈഎഫ്ഐ ഉള്ള കേരളമെന്ന് കണക്കുകൾ പറയുന്നല്ലോ….?
ഗുജറാത്തിനെയും യുപിയെയും കശ്മീരിനെയും ലക്ഷദ്വീപിനെയും കുറിച്ച് ആത്മരോഷം കൊള്ളുന്നവർ കേരളത്തിലെ നിയമവാഴ്ചയുടെ സമ്ബൂർണ്ണ തകർച്ചയെക്കുറിച്ച് മിണ്ടാത്തതെന്ത് …….?
രാജ്യവിരുദ്ധ പ്രസ്താവനകളിറക്കുന്നവർക്ക് പിന്തുണയുമായി മെഴുകുതിരി കത്തിക്കുന്നവർ ഹവാല, കള്ളക്കടത്ത് സംഘങ്ങളെ തള്ളിപ്പറയാത്തതെന്ത് …..?
കേരള പോലീസിന്റെയും വനിതാ കമ്മീഷന്റെയും കെടുകാര്യസ്ഥതയും താൻപോരിമയും മൂലം പൊലിഞ്ഞ പെൺകുട്ടികളെയോർത്ത് ഇവരാരും കണ്ണീരൊഴുക്കാത്തതെന്ത് …?
രാജകീയവൃക്ഷങ്ങളടക്കം വെട്ടിവെളുപ്പിച്ച വനംകൊള്ളയോട് കേരളത്തിലെ ബുദ്ധിജീവികൾ മുഖം തിരിയ്ക്കുന്നതെന്ത് ….?
ഇടത് ഫാസിസത്തിന് മുന്നിൽ മുട്ടിടിക്കുന്ന സാംസ്‌ക്കാരിക ദാരിദ്ര്യമാണ് കേരളത്തിൽ..
നരേന്ദ്രമോദിയെയും ബിജെപിയെയും കിട്ടുന്നിടത്തെല്ലാം ചീത്തവിളിക്കുന്ന കപട ബുദ്ധിജീവികളുടെയും കലാകാരൻമാരുടെയും ഇരട്ടത്താപ്പ് വിവേകമുള്ള മലയാളി തിരിച്ചറിയട്ടെ..