ദൈവങ്ങൾക്കു കരുണയുമായി ഗുരുവായൂരപ്പൻ! കൊവിഡ് കാലത്ത് ക്ഷേത്രങ്ങളെ അന്നമൂട്ടാൻ ഒരു കോടി രൂപ അനുവദിച്ച് ഗുരുവായൂർ ദേവസ്വം; പ്രതിസന്ധിയിലായ ക്ഷേത്രങ്ങൾക്ക് ദേവസ്വത്തിന്റെ കൈത്താങ്
തേർഡ് ഐ ബ്യൂറോ
തൃശൂർ: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ക്ഷേത്രങ്ങൾക്ക് ഗുരുവായൂരപ്പന്റെ കരുതൽ. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു മാസങ്ങളായി ക്ഷേത്രങ്ങൾ അടച്ചിട്ടതോടെയാണ് ഗുരുവായൂർ ക്ഷേത്രം സഹായവുമായി രംഗത്ത് എത്തിയത്. മറ്റു ക്ഷേത്രങ്ങൾക്ക് കൊവിഡ് കാലത്ത് സഹായം എത്തിക്കുന്നതിനാണ് ഇപ്പോൾ ഗുരുവായൂർ ദേവസ്വം ഒരുങ്ങുന്നത്.
കൊവിഡ് കാലത്ത് നിയന്ത്രണങ്ങൾ വന്നതോടെ ആരാധനാലയങ്ങളിലേക്കുളള ജനങ്ങളുടെ പ്രവേശനം നിന്നു. പല ക്ഷേത്രങ്ങളിലും ജീവനക്കാർക്ക് ശമ്പളം നൽകാൻ മാത്രമല്ല നിത്യനിദാനമായി മുടങ്ങാത്ത പൂജകൾ വരെ മുടങ്ങുന്ന സ്ഥിതിയായി.സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും സാമ്പത്തിക ഞെരുക്കം രൂക്ഷമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയത്ത് വളരെ സഹായകമായൊരു നിലപാട് കൈക്കൊണ്ടിരിക്കുകയാണ് ഗുരുവായൂർ ക്ഷേത്ര ഭരണസമിതി. കൊവിഡ് നിയന്ത്രണങ്ങൾ മൂലം നിത്യനിദാനം നടത്താനാകാതെ വിഷമിക്കുന്ന സംസ്ഥാനത്തെ 1000 ക്ഷേത്രങ്ങൾക്ക് ഒരു കോടി രൂപ നൽകാൻ ഗുരുവായൂർ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു. ഒരു ക്ഷേത്രത്തിന് 10,000 രൂപ വീതമാകും അനുവദിക്കുന്നത്.
ക്ഷേത്ര പുനർനിർമ്മാണങ്ങൾക്ക് ഉൾപ്പടെ സഹായം അനുവദിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് നിത്യചിലവുകൾക്ക് മറ്റ് ക്ഷേത്രങ്ങൾക്ക് ഗുരുവായൂർ ദേവസ്വം സഹായം നൽകുന്നത്. കൊവിഡ് കാലത്തെ സാഹചര്യം കാരണം നിത്യചിലവ് പോലും കഴിക്കാൻ ക്ഷേത്രങ്ങൾ പ്രയാസപ്പെടുന്ന സാഹചര്യം വന്നതോടെയാണ് ഈ നടപടി.
സഹായം ആവശ്യമായ ക്ഷേത്രങ്ങൾ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ നൽകണം. ഇതിനായുളള വിവരങ്ങൾ ഗുരുവായൂർ ദേവസ്വം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും. ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദേവസ്വം യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.