പൂഞ്ഞാർ പ്രളയ നഷ്ടം; അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎൽഎയുടെ സബ്മിഷന് നിയമസഭയിൽ മന്ത്രിയുടെ ഉറപ്പ്

പൂഞ്ഞാർ പ്രളയ നഷ്ടം; അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎൽഎയുടെ സബ്മിഷന് നിയമസഭയിൽ മന്ത്രിയുടെ ഉറപ്പ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: പ്രളയദുരന്തത്തില്‍ വീടും സ്ഥലവും ജീവനോപാധികളും നഷ്ടമായവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം അടിയന്തിരമായി നല്‍കുമെന്നും വിവിധ രേഖകളും പ്രമാണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് പകരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ നിയമസഭയില്‍ ഉറപ്പുനല്‍കി.

പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്കി സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതി ദുരന്തത്തില്‍ ഏറ്റവും അധികം നാശനഷ്ടങ്ങള്‍ സംഭവിച്ചത് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലാണെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിക്കല്‍ പഞ്ചായത്തില്‍ മാത്രം 14 പേര്‍ ദുരന്തത്തില്‍ മരണമടഞ്ഞു. 200ലധികം ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചു. 313 വീടുകള്‍ പൂര്‍ണ്ണമായും 748 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 600ല്‍ അധികം വീടുകളില്‍ വെള്ളം കയറി നാശനഷ്ടങ്ങള്‍ സംഭവിച്ചു.

9 പൊതുമരാമത്ത് വകുപ്പ് പാലങ്ങളും 42 പഞ്ചായത്ത് പാലങ്ങളും പ്രളയത്തില്‍ ഒലിച്ചുപോകുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു. 39 പി.ഡബ്യൂ.ഡി. റോഡുകളും അനവധി പഞ്ചായത്ത് റോഡുകളും താറുമാറായി. 214 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം ഉണ്ടായി.

നിരവധി കര്‍ഷകരുടെ ആടുമാടുകളും കോഴികളും മറ്റ് വളര്‍ത്തുമൃഗങ്ങളും നഷ്ടപ്പെട്ടു. വൈദ്യുതി ബന്ധവും ജലവിതരണ സംവിധാനവും തകരാറിലായി.

ഈ കാര്യങ്ങളെല്ലാം അടിയന്തിരമായി പുനരുദ്ധരിച്ച് സാധാരണനില പുനസ്ഥാപിക്കണമെന്നും വ്യാപരികള്‍ ഉള്‍പ്പെടെ നഷ്ടം സംഭവിച്ച മുഴുവന്‍ ആളുകള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്നത് പരിഗണിക്കുമെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.