ആ ‘ഡോർ അങ്ങ് അടച്ചേക്ക്! ആഫ്രിക്കയുടെ കരുത്ത് കാണിക്കാൻ സെനഗൽ പ്രീ ക്വാർട്ടറിൽ, ഇക്വഡോറിന് നിരാശ

ആ ‘ഡോർ അങ്ങ് അടച്ചേക്ക്! ആഫ്രിക്കയുടെ കരുത്ത് കാണിക്കാൻ സെനഗൽ പ്രീ ക്വാർട്ടറിൽ, ഇക്വഡോറിന് നിരാശ

ദോഹ : ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കാൻ സമനില മാത്രം മതിയായിരുന്ന ഇക്വഡോറിന്റെ ‘സമനില തെറ്റിച്ച്’ തകർപ്പൻ വിജയത്തോടെ ആഫ്രിക്കൻ കരുത്തരായ സെനഗൽ പ്രീക്വാർട്ടറിൽ. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെനഗലിന്റെ ജയം. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിനൊടുവിലാണ് സെനഗൽ പ്രീക്വാർട്ടർ ഉറപ്പിച്ചത്. സെനഗലിനായി ഇസ്മയില സാർ (44, പെനൽറ്റി), കാലിഡു കൂളിബാലി (70) എന്നിവർ ലക്ഷ്യം കണ്ടു. ഇക്വഡോറിന്റെ ഗോൾ മോയ്സസ് കയ്സെഡോ (67) നേടി.

ഇക്വഡോർ സമനിലഗോൾ കണ്ടെത്തി വെറും മൂന്നു മിനിറ്റിനുള്ളിലാണ് സെനഗൽ ലീഡ് തിരിച്ചുപിടിച്ചത്. ഈ വിജയത്തോടെ, രാജ്യാന്തര വേദിയിൽ ഇതുവരെ മുഖാമുഖമെത്തിയ മൂന്നു മത്സരത്തിലും ഇക്വഡോറിനെതിരെ വിജയം നേടാൻ സെനഗലിനായി. ഖത്തർ ലോകകപ്പിൽ തോറ്റ ഒരേയൊരു മത്സരം ഇക്വഡോറിനു പുറത്തേക്കുള്ള വാതിലും തുറന്നു.

ഇരുടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. 36-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ വന്ന പന്ത് ഹെഡ്ഡ് ചെയ്ത് വലയിലാക്കാൻ സെനഗൽ താരം സിസ്സ് ശ്രമിച്ചെങ്കിലും വിഫലമായി. പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

43-ാം മിനിറ്റിൽ സെനഗലിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. സെനഗലിന്റെ ഇസ്മാലിയ സാറിനെ എക്വഡോർ താരം പ്രെസിയാഡോ ബോക്സിൽ വെച്ച് വീഴ്ത്തിയതിനാണ് റഫറി പെനാൽട്ടി വിധിച്ചത്. കിക്കെടുത്ത സാറിന് തെറ്റിയില്ല. അനായാസം ലക്ഷ്യം കണ്ട് താരം ടീമിന് ലീഡ് സമ്മാനിച്ചു.

ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് രസംകൊല്ലിയായി. രണ്ടാം പകുതിയിൽ എക്വഡോർ ആക്രമണം ശക്തിപ്പെടുത്തി. 58-ാം മിനിറ്റിൽ എക്വഡോറിന്റെ എസ്ട്രോഡയുടെ ഹെഡ്ഡർ ഗോൾപോസ്റ്റിനടുത്തൂടെ കടന്നുപോയി. 66-ാം മിനിറ്റിൽ എക്വഡോറിന് ഫ്രീകിക്കിലൂടെ മികച്ച അവസരം വന്നെത്തി. എന്നാൽ അതും ലക്ഷ്യം കണ്ടില്ല. സെനഗൽ പ്രതിരോധം കൃത്യമായി ഫ്രീകിക്കിനെ പ്രതിരോധിച്ചു. എന്നാൽ തൊട്ടുപിന്നാലെ വന്ന കോർണർ കിക്കിലൂടെ എക്വഡോർ സമനില ഗോൾ നേടി. 67-ാം മിനിറ്റിൽ കോർണർ കിക്കിലൂടെ ലഭിച്ച പന്ത് ലക്ഷ്യത്തിലെത്തിച്ച് മോയ്സസ് സ്സെഡോയാണ് എക്വഡോറിനായി വലകുലുക്കിയത്.

എന്നാൽ എക്വഡോറിന്റെ ആഘോഷത്തിന് വെറും രണ്ട് മിനിറ്റ് മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. 70-ാം മിനിറ്റിൽ സെനഗൽ എക്വഡോറിനെ ഞെട്ടിച്ച് വീണ്ടും ലീഡെടുത്തു. ഫ്രീകിക്കിലൂടെയാണ് ഗോൾ പിറന്നത്. ഇഡ്രിസ്സ യെയുടെ ഫ്രീകിക്ക് എക്വഡോർ പ്രതിരോധതാരം ടോറസിന്റെ തോളിൽ തട്ടി കലിദോ കൗലിബാലിയുടെ കാലിലെത്തി. കിട്ടിയ അവസരം താരം മുതലെടുത്തു. തകർപ്പൻ ഷോട്ടിലൂടെ കൗലിബാലി വലകുലുക്കിയപ്പോൾ എക്വഡോർ താരങ്ങൾ തകർന്നു.

അവിടുന്നങ്ങോട്ട് ഖത്തറിലെ ഖലീഫാ സ്റ്റേഡിയത്തിൽ കണ്ടത് അത്യന്തം വാശിയേറിയ പോരാട്ടമാണ്. നേടിയ ലീഡ് നിലനിർത്താനായി സെനഗലും സമനില നേടാനായി എക്വഡോറും സർവം മറന്ന് പോരാടി. പക്ഷേ പാറപോലെ ഉറച്ചുനിന്ന സെനഗൽ പ്രതിരോധം എക്വഡോറിന്റെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി.