ആറടിച്ച് ആറാടി പോര്‍ച്ചുഗൽ ; ഹാട്രിക്ക് നേട്ടത്തിൽ റാമോസ് ; സ്വിറ്റ്സർലാൻഡിനെ തകർത്ത്  പറങ്കിപ്പട ക്വാർട്ടറിൽ ;ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൺഡന്റ് ഹരികൃഷ്ണൻ

ആറടിച്ച് ആറാടി പോര്‍ച്ചുഗൽ ; ഹാട്രിക്ക് നേട്ടത്തിൽ റാമോസ് ; സ്വിറ്റ്സർലാൻഡിനെ തകർത്ത് പറങ്കിപ്പട ക്വാർട്ടറിൽ ;ഖത്തറിൽ നിന്നും തേർഡ് ഐ ന്യൂസ് സ്പെഷ്യൽ കറസ്പോൺഡന്റ് ഹരികൃഷ്ണൻ

ദോഹ: സുപ്രധാന പ്രീക്വാർട്ടർ മത്സരത്തിൽ പറങ്കിപ്പടയുടെ തേരോട്ടം. സ്വിറ്റ്‌സര്‍ലന്‍ഡിനെ ഒന്നിനെതിരേ ആറുഗോളുകള്‍ക്ക് മറികടന്നാണ് പറങ്കിപ്പട വിജയത്തേരിലേറിയത്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പകരക്കാരനായെത്തിയ യുവതാരം ഗോൺസാലോ റാമോസ് ഹാട്രിക്കടിച്ചു.ഖത്തർ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടത്തിലേക്കാണ് ഇരുപത്തൊന്നുകാരനായ റാമോസ് പന്തടിച്ചുകയറ്റിയത്.
പെപേയും റാഫേൽ ഗ്വിറേറോയും റാഫേൽ ലിയോയും ഓരോന്നും ഗോളുകളടിച്ചു. മാന്വൽ അകഞ്ചി സ്വിറ്റ്സർലൻഡിനായി ഒരു ഗോൾ നേടി.

17-ാം മിനിറ്റിലായിരുന്നു പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍. ഗോണ്‍സാലോ റാമോസ് നേടിയ ഗോളാണ് പോര്‍ച്ചുഗലിനെ ആദ്യം മുന്നിലെത്തിച്ചത്. പിന്നീട് പെപെയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള വിജയദൂരം ഇരട്ടിയാക്കാനും പോര്‍ച്ചുഗലിന് സാധിച്ചു. 51-ാം മിനിറ്റിലായിരുന്നു വീണ്ടും റാമോസ് മാജിക്. റൂബന്‍ വര്‍ഗാസിനെ പിന്നിലാക്കി യന്‍ സോമറിന്റെ കാലില്‍ നിന്നും പന്ത് വീണ്ടെടുത്ത് റാമോസ് തന്റെ രാജ്യത്തെ ക്വാര്‍ട്ടറിലേക്ക് നയിക്കുകയായിരുന്നു. റാമോസില്‍ നിന്നും അടുത്ത ഗോള്‍ പിറക്കുന്നത് കളിയുടെ 67-ാം മിനിറ്റിലാണ്. സ്വിസ് കീപ്പര്‍ സോമറിന് മുകളിലൂടെ പന്ത് മെല്ലെ ഡിങ്ക് ചെയ്ത് പോര്‍ച്ചുഗലിനെ റാമോസ് 6-1 എന്ന സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇതിലൂടെ പിറന്നത് ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന ചരിത്രം കൂടിയായിരുന്നു.

പോർച്ചുഗലിന്റെ മറ്റു ഗോളുകൾ പെപ്പെ (33–ാം മിനിറ്റ്), റാഫേൽ ഗുറെയ്റോ (55–ാം മിനിറ്റ്), പകരക്കാരൻ റാഫേൽ ലിയോ (90+2) എന്നിവർ നേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിഹാസ താരം പെലെയ്ക്കു ശേഷം ലോകകപ്പ് നോക്കൗട്ടിൽ ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ താരം, ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ പോർച്ചുഗീസ് താരം തുടങ്ങിയ നേട്ടങ്ങളും റാമോസിനു സ്വന്തം. ഗോൾ നേടുമ്പോൾ താരത്തിന്റെ പ്രായം 21 വർഷവും 169 ദിവസവും. ലോകകപ്പ് നോക്കൗട്ടിൽ കളിച്ച 17 മിനിറ്റിനിടെയാണ് റാമോസ് പോർച്ചുഗലിനായി ആദ്യ ഗോൾ നേടിയത്. അതേസമയം, നോക്കൗട്ടിൽ 530 മിനിറ്റ് കളിച്ചിട്ടും ക്രിസ്റ്റ്യാനോയ്ക്ക് ഇതുവരെ ഗോൾ നേടാനായിട്ടില്ല.

ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ മൊറോക്കോയാണ് പോർച്ചുഗലിന്റെ എതിരാളികൾ. പെനൽറ്റി ഷൂട്ടൗട്ടിൽ കരുത്തരായ സ്പെയിനെ അട്ടിമറിച്ചാണ് മൊറോക്കോ ക്വാർട്ടറിൽ കടന്നത്.