ബിവറേജസ് ഔട്ട്​ലെറ്റിലെ 31 ലക്ഷവുമായി മുങ്ങിയ ജീവനക്കാരന്‍ പൊലീസ് പിടിയില്‍; പിടികൂടിയത് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്; ഇയാളിൽ നിന്ന് 22 ലക്ഷം  രൂപ കണ്ടെടുത്തു; ജീവനക്കാരനിൽ നിന്ന് പണം ലഭിച്ചവരിൽ ചിലർ തട്ടിപ്പ് വിവരമറിഞ്ഞ് പൊലീസ് സ്‌റ്റേഷനിലെത്തി തുക കൈമാറി

ബിവറേജസ് ഔട്ട്​ലെറ്റിലെ 31 ലക്ഷവുമായി മുങ്ങിയ ജീവനക്കാരന്‍ പൊലീസ് പിടിയില്‍; പിടികൂടിയത് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്; ഇയാളിൽ നിന്ന് 22 ലക്ഷം രൂപ കണ്ടെടുത്തു; ജീവനക്കാരനിൽ നിന്ന് പണം ലഭിച്ചവരിൽ ചിലർ തട്ടിപ്പ് വിവരമറിഞ്ഞ് പൊലീസ് സ്‌റ്റേഷനിലെത്തി തുക കൈമാറി

Spread the love

സ്വന്തം ലേഖിക

മണ്ണാര്‍ക്കാട്: ബിവറേജസ് ഔട്ട്​ലെറ്റില്‍ നിന്ന് ബാങ്കിലടക്കാന്‍ കൊണ്ടുപോയ പണവുമായി മുങ്ങിയ ജീവനക്കാരനെ മണ്ണാര്‍ക്കാട് പൊലീസ് പിടികൂടി.

കാഞ്ഞിരപ്പുഴയിലെ കാഞ്ഞിരത്തെ ബിവറേജസിലെ ക്ലര്‍ക്ക് ആലത്തൂര്‍ ചെമ്മക്കാട് വീട്ടില്‍ ഗിരീഷിനെയാണ് (40) വീടിനു സമീപത്തു നിന്ന് പിടികൂടിയത്. ആലത്തൂര്‍ പൊലീസ് സ്​റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും അയല്‍വാസിയുമായ രമേഷിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പ്രതിയെ പിടികൂടാനായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്കിലടക്കാനുള്ള നാല് ദിവസത്തെ കലക്ഷന്‍ തുകയായ 31,25,240 രൂപയുമായാണ് ഗിരീഷിനെ തിങ്കളാഴ്ച കാണാതായത്. തുടര്‍ന്ന് ഗിരീഷ് മാനേജരായ ജയചന്ദ്ര‍ൻ്റെ ഫോണിലേക്ക് തനിക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നും ആത്മഹത്യയുടെ വക്കിലാണെന്നും അതുകൊണ്ട് തല്‍ക്കാലം ഈ പൈസ തിരിമറി ചെയ്യുകയാണെന്നുമുള്ള ശബ്​ദസന്ദേശം അയച്ചിരുന്നു.

ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഗിരീഷിനെ പിടികൂടിയത്. പണവുമായി ബാങ്കിലേക്ക് പോയ ഗിരീഷ് കാഞ്ഞിരത്തു നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി സുഹൃത്തിൻ്റെ കാറില്‍ പാലക്കാട്ടേക്ക് പോകുകയായിരുന്നു. അവിടെ വെച്ച്‌ പണം നല്‍കാനുള്ള ഒരാള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കി.

പിന്നീട് വാളയാറിലെ ഒരു സുഹൃത്തിനും പണം നല്‍കി. കൂടാതെ കോയമ്പത്തൂരിലെത്തി മറ്റൊരു സുഹൃത്തിന് 50,000 രൂപയും തിരുപ്പൂരിലെ സുഹൃത്തിന് കടം വാങ്ങിയ മൂന്ന് ലക്ഷം രൂപ നല്‍കുകയും ചെയ്തു. പിന്നീട് ആലത്തൂരിലേക്ക് മടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പിടിയിലാകുമ്പോള്‍ ഗിരീഷിൻ്റെ കൈയില്‍ നിന്ന് ബാഗില്‍ സൂക്ഷിച്ചിരുന്ന 22,25,240 രൂപ പൊലീസ് കണ്ടെടുത്തു. ബാക്കി തുക നല്‍കിയവരില്‍ നിന്ന് കണ്ടെടുക്കുകയും സാമ്പത്തിക തട്ടിപ്പ് വിവരമറിഞ്ഞ ഗിരീഷ് പണം നല്‍കിയ ചിലര്‍ മണ്ണാര്‍ക്കാട് സ്​റ്റേഷനിലെത്തി പൊലീസിന് തുക കൈമാറുകയാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി കൃഷ്ണദാസ്, സി.ഐ പി. അജിത്ത് കുമാര്‍, എസ്.ഐ ജസ്​റ്റിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.